സ്ഥിര വരുമാനം ലഭിക്കാന്‍ ഡെബ്റ്റ് മ്യൂച്വല്‍ ഫണ്ടുകള്‍

0
1059
Debt fund taxation

പലപ്പോഴും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഓഹരിയധിഷ്ഠിത മ്യൂച്ചല്‍ ഫണ്ട് പദ്ധതികളില്‍ മാത്രം ഒതുങ്ങി പോകാറാണ് പതിവ്. ആകെ നിക്ഷേപത്തിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍ ഡെബ്റ്റ് വിഭാഗത്തിലുള്ള മ്യൂച്ചല്‍ ഫണ്ട് പദ്ധതികളില്‍ കൂടി നിക്ഷേപം നടത്തേണ്ടതാണ്. ഡെബ്റ്റ് മ്യൂച്ചല്‍ഫണ്ടുകള്‍ ഇക്വിറ്റി ഫണ്ടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ റിസ്ക് കുറവുള്ളവയാണ് എന്ന് പറയാം. ഇക്വിറ്റി മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരികളിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ ഡെബ്റ്റ് ഫണ്ടുകള്‍ കമ്പനികളുടെയും ഗവണ്‍മെന്‍റ് ബോണ്ടുകളിലാണ് നിക്ഷേപം നടത്തുന്നത്. ഇവ കൂടാതെ മണി മാര്‍ക്കറ്റ,് കോര്‍പ്പറേറ്റ് ഡെബ്റ്റ് സെക്യൂരിറ്റീസ് എന്നിവയും ഡെബ്റ്റ് ഫണ്ടുകളുടെ പോര്‍ട്ട്ഫോളിയോയുടെ ഭാഗമാണ് നിലവിലെ സ്ഥിരനിക്ഷേപത്തില്‍ ഇടുന്നത് പോലെത്തന്നെ ഒരു സ്ഥിര വരുമാനം ലഭിക്കാന്‍ വേണ്ടി മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്. ഓഹരി വിപണിയിലെ റിസ്ക് എടുക്കാന്‍ താല്പര്യമില്ലാത്തവര്‍ക്ക് ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ ഒരു നിക്ഷേപമായി തിരഞ്ഞെടുക്കാം. ഓരോ വ്യക്തിയുടെയും നിക്ഷേപ ഉദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗത്തിലുള്ള ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ ലഭ്യമാണ്. മ്യൂച്ചല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ബോണ്ടുകളുടെ പ്രവര്‍ത്തന രീതി കൂടി മനസ്സിലാക്കുന്നത് നല്ലതാണ്. രാജ്യത്തെ പലിശ നിരക്കിന്‍റെ അടിസ്ഥാനത്തില്‍ ബോണ്ടുകളുടെ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാമെങ്കിലും ഇവയ്ക്ക് കമ്പനി നിശ്ചയിച്ചിരിക്കുന്ന പലിശ നിരക്കില്‍ വ്യത്യാസം വരുകയില്ല. അതുകൊണ്ടാണ് ഒരു നിശ്ചിത വളര്‍ച്ച ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ക്ക് ലഭിക്കുമെന്ന് പറയുന്നത.് വിപണിയില്‍ ലഭ്യമായ വിവിധ വിഭാഗത്തിലുള്ള ഫണ്ടുകളില്‍ ഏതില്‍ നിക്ഷേപിക്കണമെന്നറിയാന്‍ ആവശ്യമെങ്കില്‍ ഒരു സാമ്പത്തിക വിദഗ്ധന്‍റെ സഹായം തേടാവുന്നതാണ്. വിവിധതരം ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ട് വിഭാഗങ്ങള്‍ ഏതെല്ലാം എന്ന് നോക്കാം.

ഓവര്‍ നൈറ്റ് ഫണ്ട് : ഒരു ദിവസം കാലാവധിയുള്ള ഡെബ്റ്റ് നിക്ഷേപ പദ്ധതികളിലാണ് ഇവ നിക്ഷേപിക്കുന്നത്.

ലിക്വിഡ് ഫണ്ട്സ്: സേവിങ്സ് അക്കൗണ്ടിലും മറ്റും ഇടുന്നതിനു പകരമായി ഇത്തരം ഫണ്ടുകളില്‍ നിക്ഷേപിക്കാം. 91 ദിവസത്തില്‍ താഴെ കാലാവധിയുള്ള മണി മാര്‍ക്കറ്റ് പദ്ധതികളിലാണ് ഇത്തരം ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്.

അള്‍ട്രാ ഷോര്‍ട്ട് ടേം ബോണ്ട്: ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള പദ്ധതികളിലാണ് ഇവ നിക്ഷേപിക്കുന്നത്. കുറഞ്ഞ കാലത്തേക്ക് തുക സൂക്ഷിക്കുന്നതിന് ഈ മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ പ്രയോജനപ്പെടുത്താം.

ലോ ഡ്യുറേഷന്‍ ഫണ്ട്: ആറുമാസം മുതല്‍ 12 മാസം വരെ കാലാവധി ഉള്ള നിക്ഷേപമാണ് ഇതില്‍ വരുന്നത്.

മണി മാര്‍ക്കറ്റ് ഫണ്ട്: ഇത്തരം ഫണ്ടുകള്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള മണി മാര്‍ക്കറ്റ് പദ്ധതികളില്‍ ആണ് നിക്ഷേപിക്കുന്നത്.

ഒരു വര്‍ഷത്തില്‍ താഴെ കാലാവധിയുള്ള പദ്ധതികളില്‍ നിക്ഷേപിക്കുന്നതാണ് മുകളില്‍ പറഞ്ഞിരിക്കുന്ന ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ട് വിഭാഗങ്ങള്‍. ഒരു വര്‍ഷത്തിനു മുകളില്‍ നിക്ഷേപം നടത്തുന്ന പദ്ധതികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഷോട്ട് ഡ്യൂറേഷന്‍ ഫണ്ട്: ഒന്നു മുതല്‍ മൂന്നു വര്‍ഷം വരെ കാലാവധിയുള്ള ഡെബ്റ്റ് നിക്ഷേപ പദ്ധതികളിലാണ് ഇവ നിക്ഷേപിക്കുന്നത്.
മീഡിയം ഡ്യൂറേഷന്‍ ഫണ്ട്: മൂന്ന് മുതല്‍ നാലു വര്‍ഷം വരെ കാലാവധിയുള്ള ഡെബ്റ്റ് നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നു.

മീഡിയം ടു ലോങ്ങ് ഡ്യൂറേഷന്‍ ഫണ്ട്: നാലുവര്‍ഷം മുതല്‍ ഏഴ് വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നു.

ലോങ്ങ് ഡ്യൂറേഷന്‍ ഫണ്ട്: ഏഴു വര്‍ഷത്തിനു മുകളില്‍ കാലാവധിയുള്ള ഡെബ്റ്റ് നിക്ഷേപ പദ്ധതികളില്‍ നിക്ഷേപിക്കുന്നു.

കാലാവധി അനുസരിച്ചുള്ള നിക്ഷേപങ്ങള്‍ കൂടാതെ നിക്ഷേപ പദ്ധതികളുടെ പ്രത്യേകത അനുസരിച്ച് ഫണ്ടുകളെ തരംതിരിച്ചിട്ടുണ്ട്.

കോര്‍പ്പറേറ്റ് ബോണ്ട് ഫണ്ട്: കമ്പനി ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകളാണിവ.

ബാങ്കിംഗ് പിഎസ്യു ഫണ്ട്: ബാങ്കുകളിലും പിഎസ്യുവിന്‍റെയും ബോണ്ടുകളില്‍ നിക്ഷേപിക്കുന്നവയാണ് ഇത്തരം ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍.

ഗില്‍റ്റ് ഫണ്ട്: ഗവണ്‍മെന്‍റ് ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന മ്യൂച്ചല്‍ ഫണ്ടുകള്‍ ആണിവ.

ഗില്‍റ്റ് ഫണ്ട് വിത്ത് 10 ഇയര്‍ കോണ്‍സ്റ്റന്‍റ് ഡ്യൂറേഷന്‍: 10 വര്‍ഷം കാലാവധിയുള്ള ഗവണ്‍മെന്‍റ് ബോണ്ടുകളില്‍ മാത്രം നിക്ഷേപിക്കുന്ന മ്യൂച്ചല്‍ ഫണ്ട് സ്കീം ആണിത്.

ഡൈനാമിക് ഫണ്ട:് വിവിധ കാലാവധിയുള്ള ഡെബ്റ്റ് നിക്ഷേപ പദ്ധതികളിലാണ് ഇത്തരം വിഭാഗത്തിലുള്ള മ്യൂച്ചല്‍ ഫണ്ടുകള്‍ നിക്ഷേപിക്കുന്നത്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here