നിക്ഷേപിച്ചു തുടങ്ങാം, നാളെയെക്കരുതി

0
1019
children's day

നാളെ ശിശുദിനമാണ്. കുട്ടികളുടെ അവകാശങ്ങള്‍, പരിചരണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ചുള്ള അവബോധം വര്‍ദ്ധിപ്പിക്കുന്നതിനാണ് ഇന്ത്യയില്‍ കുട്ടികളുടെ ദിനം ആചരിക്കുന്നത്. മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം എന്നീ കാര്യങ്ങള്‍ക്കുള്ള തുക കണ്ടെത്തുക എന്നത് എന്നും മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തി ഇത്തരം ജീവിതലക്ഷ്യങ്ങള്‍ക്കുള്ള തുക എങ്ങനെ കണ്ടെത്തണം എന്ന് മുന്‍കൂട്ടി മനസ്സിലാക്കി നേരത്തെ തന്നെ നിക്ഷേപിച്ചു തുടങ്ങിയാല്‍ ചെറിയ തുക കൊണ്ട് തന്നെ കുട്ടികളുടെ ആവശ്യങ്ങള്‍ക്കായുള്ള തുക യഥാസമയം കണ്ടെത്താനാകും. ഒരു കുട്ടി ഉണ്ടാകുമ്പോള്‍ തന്നെ നിക്ഷേപം തുടങ്ങുകയാണെങ്കില്‍ 17 വര്‍ഷത്തോളം നിക്ഷേപിച്ച് ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക കണ്ടെത്താനുള്ള സമയം ലഭിക്കും. നിക്ഷേപിക്കാന്‍ ഇന്ന് പല പദ്ധതികളും ലഭ്യമാണ.്

നിക്ഷേപം തുടങ്ങും മുമ്പ് എത്ര രൂപ ഓരോ ലക്ഷ്യങ്ങള്‍ക്കും വേണ്ടി സമാഹരിക്കേണ്ടിവരും എന്ന് കണക്കാക്കിയാല്‍ മാത്രമേ ശരിയായ നിക്ഷേപ തുക കണ്ടെത്തി നിക്ഷേപിക്കാന്‍ സാധിക്കൂ. ഓരോ വര്‍ഷവും പണപ്പെരുപ്പം മൂലം വിദ്യാഭ്യാസ ചിലവുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്കൊണ്ട് കുട്ടികളുടെ ഉന്നത വിദ്യാഭ്യാസ സമയത്ത് എത്ര തുക ആവശ്യമായി വരുമെന്ന് കണക്കാക്കി വേണം നിക്ഷേപത്തിനാവശ്യമായ തുക കണ്ടെത്താന്‍. ഉദാഹരണമായി ഇന്നത്തെ 10 ലക്ഷം രൂപയ്ക്ക് തുല്യമായ കോഴ്സിന് 8 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ 17 വര്‍ഷത്തിനുശേഷം ഏകദേശം 34.50 ലക്ഷം രൂപ വേണ്ടിവരും. അതായത് ഇന്നുമുതല്‍ 5500 രൂപ വീതം പ്രതിമാസം നിക്ഷേപം നടത്തിയാല്‍ 17 വര്‍ഷം കൊണ്ട് ഈ തുക സമാഹരിക്കാന്‍ ആകും. ശരാശരി 12% വളര്‍ച്ചയാണ് ഈ നിക്ഷേപത്തിന് അനുമാനിച്ചിരിക്കുന്നത്. ദീര്‍ഘകാല ലോക്കിന്‍ പീരിയഡ് ഉള്ള പല നിക്ഷേപങ്ങളും ഇന്ന് വിപണിയില്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ട നിക്ഷേപമാണ് മ്യൂച്ചല്‍ ഫണ്ട്.

മ്യൂച്ചല്‍ ഫണ്ട്

ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ നിക്ഷേപമാണ് മ്യൂച്ചല്‍ ഫണ്ട.് ഓഹരി അധിഷ്ഠിത ഫണ്ടുകള്‍ക്ക് ദീര്‍ഘകാലയളവില്‍ ഉയര്‍ന്ന വളര്‍ച്ച ലഭിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് നിക്ഷേപ കാലാവധി അനുസരിച്ച് ഈ നിക്ഷേപം നടത്താവുന്നതാണ.് പ്രത്യേകിച്ച് ഒരു ലോക്കിന്‍ പിരീഡ് ഇല്ലാത്തതുകൊണ്ട് തുകയുടെ ആവശ്യമനുസരിച്ച് എപ്പോള്‍ വേണമെങ്കിലും ഈ നിക്ഷേപം പിന്‍വലിക്കാവുന്നതാണ്.

സുകന്യ സമൃദ്ധി യോജന

10 വയസ്സുവരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ തുടങ്ങാന്‍ പറ്റുന്ന നിക്ഷേപമാണിത്. 21 വര്‍ഷമാണ് നിക്ഷേപ കാലാവധിയെങ്കിലും വിദ്യാഭ്യാസം, വിവാഹം എന്നീ ആവശ്യങ്ങള്‍ക്ക് തുക പിന്‍വലിക്കാനാകും. 8% ആണ് നിലവിലെ പലിശ നിരക്ക.്

പബ്ലിക് പ്രൊവിഡന്‍റ് ഫണ്ട്

പ്രധാനമായും നികുതിയിളവിനായി ഉപയോഗിക്കുന്ന നിക്ഷേപ പദ്ധതിയാണിത്. എങ്കിലും ദീര്‍ഘകാലയളവിലെ നിക്ഷേപത്തിന് ഈ മാര്‍ഗം ഉപയോഗിക്കാവുന്നതാണ്. 7.1% പലിശ നിരക്കുള്ള ഈ നിക്ഷേപത്തിന് 15 വര്‍ഷമാണ് കാലാവധി.

നാഷണല്‍ സേവിങഎസ് സര്‍ട്ടിഫിക്കറ്റ് (എന്‍എസ്സി)
എന്‍എസ്സി ആണ് മറ്റൊരു നിക്ഷേപം. അഞ്ചുവര്‍ഷം കാലാവധി വരുന്ന ഈ നിക്ഷേപത്തിന് 8.10% വളര്‍ച്ചാ നിരക്കാണുള്ളത.്

യുലിപ്
ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ലഭിക്കുന്ന പദ്ധതിയാണ് യുലിപ്. നിക്ഷേപിക്കുന്ന തുക ഓഹരി വിപണിയില്‍ കൂടെ നിക്ഷേപിക്കുന്നത് കൊണ്ട് വളര്‍ച്ചാ നിരക്ക് കൃത്യമായി പറയുക പ്രയാസമാണ്.

റെക്കറിംഗ് ഡെപ്പോസിറ്റ്
ബാങ്ക്, പോസ്റ്റ് ഓഫീസ് എന്നിവയില്‍ റെക്കറിംഗ് ഡെപ്പോസിറ്റുകള്‍ തുടങ്ങാവുന്നതാണ്. ഓരോ സ്ഥാപനങ്ങളും നല്‍കുന്ന പലിശ നിരക്ക് അനുസരിച്ച് ആയിരിക്കും നിക്ഷേപത്തിന്‍റെ വളര്‍ച്ച.

സ്വര്‍ണ്ണ നിക്ഷേപം
മലയാളികള്‍ക്ക് എപ്പോഴും ഇഷ്ടമുള്ള ഒരു നിക്ഷേപമാണ് സ്വര്‍ണ്ണം. ബോണ്ടുകളിലോ നേരിട്ടുള്ള സ്വര്‍ണ നിക്ഷേപത്തിലോ ഗോള്‍ഡ് ഇടിഎഫ് നിക്ഷേപങ്ങള്‍ നടത്താവുന്നതാണ്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here