വലിയ ചാഞ്ചാട്ടങ്ങളെ തടയിടാൻ സര്‍ക്യൂട്ട് ബ്രേക്കര്‍

0
1540
stock market

ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായേക്കാമെന്ന വാര്‍ത്തകള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്തെ പ്രധാന ഓഹരി സൂചികകളെല്ലാം വലിയ അളവില്‍ കൂപ്പുകുത്തിയ സംഭവം നിക്ഷേപകര്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ടാവാം. ഇക്കാരണത്താല്‍ 2020 മാര്‍ച്ച് മാസത്തില്‍ മാത്രം രണ്ടു തവണ വിപണിയില്‍ വ്യാപാരം 45 മിനിറ്റ് വീതം നിര്‍ത്തിവെക്കുകയുമുണ്ടായി. അപൂര്‍വമെങ്കിലും അന്ന് ഇന്‍ഡക്സില്‍ ഉണ്ടായ വീഴ്ചയാണ് ട്രേഡിങ്ങ് നിര്‍ത്തിവെക്കാന്‍ കാരണമായതെങ്കില്‍ കമ്പനികളുടെ ഓഹരി വിലയിലുണ്ടാവുന്ന അനിയന്ത്രിതമായ കയറ്റിറക്കങ്ങള്‍ കാരണം പ്രസ്തുത ഓഹരിയില്‍ മാത്രമായി ട്രേഡിങ്ങ് നിര്‍ത്തിവെക്കുന്ന സാഹചര്യവും വിപണിയില്‍ സാധാരണയായി കണ്ടുവരാറുണ്ട്. ഇത്തരത്തില്‍ അപ്രതീക്ഷിതവും അസാധാരണവുമായ കാരണങ്ങളാല്‍ ഓഹരി വിപണിയില്‍ വന്‍ ചാഞ്ചാട്ടങ്ങള്‍ സംഭവിക്കുന്ന പക്ഷം നിക്ഷേപകര്‍ നേരിടേണ്ടി വരുന്ന വന്‍നഷ്ടം ഒരു പരിധി വരെ തടഞ്ഞു നിര്‍ത്തുന്നതിനായി വിപണിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് സര്‍ക്യൂട്ട് ബ്രേക്കര്‍.

വിപണി മൊത്തമായോ അതല്ലെങ്കില്‍ ഏതെങ്കിലും ഓഹരികളില്‍ പ്രത്യേകമായോ വലിയ തോതില്‍ കയറ്റിറക്കങ്ങള്‍ സംഭവിക്കുന്നുവെങ്കില്‍ താല്‍ക്കാലികമായി ട്രേഡിങ്ങ് നിര്‍ത്തിവെച്ചുള്ള ഒരു തരം രക്ഷാപ്രവര്‍ത്തനമാണ് റേഗുലേറ്റര്‍മാര്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ വഴി നടത്തുന്നത്. മാര്‍ക്കറ്റിലുണ്ടായ വില വ്യതിയാനം ശതമാന അടിസ്ഥാനത്തില്‍ കണക്കാക്കിയും അതിനനുസൃതമായി വിപണി നിര്‍ത്തിവെക്കേണ്ടതായ സമയപരിധി മുന്‍കൂട്ടി നിശ്ചയിച്ചുമാണ് ചാഞ്ചാട്ടങ്ങള്‍ക്ക് തടയിടുന്നത്.

ഒരു ട്രേഡിങ്ങ് ദിനത്തില്‍ മുകളിലേക്ക് പോവാന്‍ സാധ്യമായ പരമാവധി ലിമിറ്റിനെ അപ്പര്‍ സര്‍ക്യൂട്ട് ലിമിറ്റ് എന്നും വിപണി താഴുന്ന പക്ഷം അനുവദനീയമായ പരമാവധി താഴ്ചക്കുള്ള പരിധിയെ ലോവര്‍ സര്‍ക്യൂട്ട് ലിമിറ്റ് എന്നുമാണ് വിളിക്കുന്നത്. ചുരുക്കത്തില്‍ ഈ രണ്ടു പരിധിക്കുമപ്പുറം വാങ്ങലോ വില്‍ക്കലോ അതാത് ട്രേഡിങ്ങ് ദിവസങ്ങളില്‍ നടക്കില്ല എന്നര്‍ഥം.

ഇന്‍ഡെക്സിലെ സര്‍ക്യൂട്ട് ബ്രേക്കര്‍

ഇന്‍ഡെക്സ് വാല്യുവില്‍ അതാത് ദിവസം സംഭവിക്കുന്ന വ്യതിയാനം അടിസ്ഥാനമാക്കിയാണ് ഇന്‍ഡക്സ് സര്‍ക്യൂട്ട് ബ്രേക്കര്‍ നിശ്ചയിച്ചുവരുന്നത്. 10 ശതമാനം, 15 ശതമാനം, 20 ശതമാനം എന്നീ നിരക്കുകളില്‍ ഇന്‍ഡക്സ് താഴോട്ടോ മുകളിലോട്ടോ ചലിക്കുന്നുവെങ്കില്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ സാധുവാക്കപ്പെടുകയും പ്രസ്തുത ദിവസം നിശ്ചിത സമയത്തേക്ക് ട്രേഡിങ്ങ് നിര്‍ത്തിവെക്കുകയും ചെയ്യുന്നു.

ഇന്‍ഡെക്സ് സര്‍ക്യൂട്ട് ബ്രേക്കറുമായി ബന്ധപ്പെട്ട നിയമങ്ങള്‍ താഴെ കൊടുക്കുന്നു.

ഓഹരികളിലെ സര്‍ക്യൂട്ട് ബ്രേക്കര്‍

ഇന്‍ഡെക്സിലേതിന് സമാനമായി വ്യക്തിഗത സ്റ്റോക്കുകളിലും സര്‍ക്യൂട്ട് ബ്രേക്കര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ എസ് ഇ യിലേയും ബി എസ് ഇയിലേയും സര്‍ക്യൂട്ട് നിയമമനുസരിച്ച് 2%, 5%, 10%, 20% എന്നീ വില വ്യതിയാനങ്ങള്‍ക്കനുസരിച്ച് വെവ്വേറെ ബ്രേക്കറുകളാണ് നിലവിലുള്ളത്. ഓഹരികളുടെ കാറ്റഗറി അനുസരിച്ച് അവ മാറിവരാനും സാധ്യതയുണ്ട്. ഉദാഹരണത്തിന് 10 ശതമാനം വില വ്യതിയാനത്തിനുള്ള ലിമിറ്റ് നിശ്ചയിക്കപ്പെട്ട ഓഹരിയുടെ പരിധി 20 ശതമാനത്തിലേക്ക് ഉയര്‍ത്തുന്നതാണ് ഉചിതമെന്ന് എക്സ്ചേഞ്ചിന് തോന്നുന്ന പക്ഷം അത് മാറ്റാനുള്ള തീരുമാനം അവര്‍ക്ക് തന്നെ എടുക്കാവുന്നതാണ്. അതുപോലെ ഒട്ടും ലിക്വിഡിറ്റിയില്ലാത്ത ഒരു ഓഹരിയുടെ സര്‍ക്യൂട്ട് ലിമിറ്റ് 2 ശതമാനമോ 5 ശതമാനമോ ഒക്കെ ആയി നിശ്ചയിക്കാനുള്ള അധികാരവും എക്സ്ചേഞ്ചുകള്‍ക്കുണ്ട്.
തുടക്കത്തില്‍ സൂചിപ്പിച്ച പോലെ സര്‍ക്യൂട്ട് ബ്രേക്കര്‍ എന്നത് ഇന്‍ഡക്സിലും ഓഹരി വിലയിലും സംഭവിക്കുന്ന വമ്പന്‍ കയറ്റിറക്കങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനമാണ്. ഏതെങ്കിലും വാര്‍ത്തകളുടേയോ സംഭവങ്ങളുടേയോ അടിസ്ഥാനത്തില്‍ വില്‍പനക്കാര്‍ വാങ്ങാന്‍ വരുന്നവരെക്കാള്‍ എണ്ണത്തില്‍ ശക്തമാരാവുമ്പോള്‍ പ്രസ്തുത ഓഹരി ലോവര്‍ സര്‍ക്യൂട്ടിലും മറിച്ചാണെങ്കില്‍ അപ്പര്‍ സര്‍ക്യൂട്ടിലെത്തുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍ ഊഹാപോഹങ്ങളുടെ ചുവടുപിടിച്ചും ഓഹരികള്‍ സര്‍ക്യൂട്ട് ലിമിറ്റിലെത്താറുണ്ട്. വാര്‍ത്തകളുടെയും സംഭവങ്ങളുടെയും നിജസ്ഥിതി അറിഞ്ഞതിന് ശേഷം മാത്രം ചാഞ്ചാടുന്ന ഓഹരികളില്‍ ഇറങ്ങുക എന്നതാണ് ബുദ്ധി.

First published in Malayala Manorama

LEAVE A REPLY

Please enter your comment!
Please enter your name here