ഹ്രസ്വകാല നിക്ഷേപത്തിന് പരിഗണിക്കാം ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍

0
1190
Mutual funds

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം എന്ന് പറയുമ്പോള്‍ മിക്കവരുടെയും മനസ്സിലേക്ക് പെട്ടെന്ന് വരുന്നത് ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിന് പകരം വിപണിയെ കുറിച്ച് വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തവര്‍ക്ക് നിക്ഷേപിക്കാന്‍ പറ്റിയ ഒരു നിക്ഷേപം എന്നതാണ്. ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുമ്പോള്‍ ഉള്ള നഷ്ടസാധ്യത വിദഗ്ധര്‍ കൈകാര്യം ചെയ്യുന്ന മ്യൂച്ചല്‍ ഫണ്ട് പദ്ധതികളില്‍ കുറവാണ് എന്നതും പലരെയും മ്യൂച്ചല്‍ ഫണ്ടിലേക്ക് ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്. കൂടാതെ മികച്ച ഒരു മ്യൂച്ചല്‍ ഫണ്ട് പദ്ധതി കണ്ടെത്തിയാല്‍ പിന്നെ നിക്ഷേപത്തിന്‍റെ പ്രകടനം തുടര്‍ച്ചയായി നിരീക്ഷിക്കേണ്ട എന്നതും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്. എന്നാല്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ ഓഹരിയില്‍ മാത്രമല്ല സ്ഥിര വരുമാനം നല്‍കുന്ന നിക്ഷേപ പദ്ധതികളില്‍ മാത്രം നിക്ഷേപിക്കുന്ന ഒരു വിഭാഗം മ്യൂച്ചല്‍ ഫണ്ടുകള്‍ കൂടിയുണ്ട്. ഇത്തരം മ്യൂച്ചല്‍ ഫണ്ടുകളെ ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നാണ് വിളിക്കുന്നത്.
വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ മൂലം ഉണ്ടാകാനിടയുള്ള നഷ്ടം ഒഴിവാക്കാനായി പലരും സ്ഥിരനിക്ഷേപം ആണ് ആശ്രയിക്കുന്നത്. എന്നാല്‍ ഓഹരിയധിഷ്ഠിത മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നവര്‍ പോലും നഷ്ടസാധ്യത കുറഞ്ഞ നിക്ഷേപം തിരഞ്ഞെടുക്കുമ്പോള്‍ ഡെബ്റ്റ് ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍ മറന്നുപോകുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ചില സന്ദര്‍ഭങ്ങളില്‍ ബാങ്ക് സ്ഥിരനിക്ഷേപത്തേക്കാള്‍ കൂടുതല്‍ വളര്‍ച്ച ഡെബ്റ്റ് ഫണ്ടുകള്‍ നല്‍കാറുണ്ട്. ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ ഗവണ്‍മെന്‍റോ കമ്പനികളോ ഇറക്കുന്ന ബോണ്ടുകള്‍, മണി മാര്‍ക്കറ്റ് ഇന്‍സ്ട്രുമെന്‍റ്സ് എന്നിവയിലോ ആണ് നിക്ഷേപിക്കുന്നത്. നിക്ഷേപത്തെ വളര്‍ത്തുന്നതോടൊപ്പം നഷ്ടസാധ്യതയും കുറവായതുകൊണ്ട് ഡെബ്റ്റ് ഫണ്ട് നിക്ഷേപങ്ങള്‍ താരതമ്യേന റിസ്ക് കുറഞ്ഞ നിക്ഷേപങ്ങള്‍ ആയാണ് കണക്കാക്കുന്നത്. കമ്പനികള്‍, ഗവണ്‍മെന്‍റുകള്‍ എന്നിവര്‍ പണസമാഹരണത്തിനായി ഇറക്കുന്ന ബോണ്ടുകളിലാണ് ഡെബ്റ്റ് ഫണ്ടുകള്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നത്. ഇത്തരം ബോണ്ടുകളില്‍ നിന്ന് ലഭിക്കുന്ന പലിശ ഡെബ്റ്റ് ഫണ്ടുകളിലേക്ക് കൂട്ടിച്ചേര്‍ക്കുന്നതോടൊപ്പം വിപണിയില്‍ പലിശ നിരക്ക് വ്യത്യാസം വരുമ്പോള്‍ ഉണ്ടാകാനിടയുള്ള വിപണിയിലെ ബോണ്ടുകളുടെ വിലകൂടി ഈ ഡെബ്റ്റ് ഫണ്ടിലേക്ക് കൂടിച്ചേരും. ഇത്തരത്തിലാണ് ഡെബ്റ്റ് ഫണ്ടുകളുടെ നെറ്റ് അസറ്റ് വാല്യൂ (എന്‍എവി) കണക്കാക്കുന്നത്. ബോണ്ടുകളില്‍ നിന്നും ലഭിക്കുന്ന പലിശ 365 ആയി വിഭജിച്ച് ഓരോ ദിവസവും ഫണ്ടിന്‍റെ എന്‍ എവിയോട് കൂട്ടിച്ചേര്‍ത്തുകൊണ്ടിരിക്കും. വിപണിയില്‍ പലിശ നിരക്ക് കുറയുമ്പോള്‍ ഉയര്‍ന്ന പലിശ നിരക്കുള്ള ബോണ്ടുകളുടെ വില വിപണിയില്‍ ഉയരും. അതുപോലെ തിരിച്ചും സംഭവിക്കും. ഇവ ഡെബ്റ്റ് ഫണ്ടുകളുടെ എന്‍എവിയെ സ്വാധീനിക്കും. കൂടാതെ കമ്പനികള്‍ സമാഹരിച്ച തുക തിരിച്ചുകൊടുക്കാന്‍ പറ്റാത്ത സാഹചര്യം ഉണ്ടായാല്‍ അതും ഫണ്ടിന്‍റെ എന്‍എവിയെ ബാധിക്കാന്‍ ഇടയാകും. ഈ രണ്ട് നഷ്ട സാധ്യതകളാണ് ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടാകാനിടയുള്ളത്. എന്നിരുന്നാലും ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് ഡെബ്റ്റ് ഫണ്ടുകളെ ആശ്രയിക്കാവുന്നതാണ്.
ജീവിതലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് നിക്ഷേപം നടത്തുമ്പോള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കായി ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടുകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം. എന്നാല്‍ ജീവിതലക്ഷ്യത്തോട് അടുക്കുന്ന സാഹചര്യത്തില്‍ അതായത് പണം ആവശ്യമാകുന്ന സമയത്തിനു ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാഹരിച്ച തുകയില്‍ വിപണിയിലെ ചാഞ്ചാട്ടം ബാധിക്കാതിരിക്കുന്നതിനായി ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടിലേക്ക് മാറ്റി നിക്ഷേപിക്കാവുന്നതാണ്. അതുപോലെ താല്‍ക്കാലികമായി തുക നിക്ഷേപിക്കുന്നതിന് ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകള്‍ മികച്ച പദ്ധതിയാണ്. ഡെബ്റ്റ് ഫണ്ടുകളിലെ നിക്ഷേപം എപ്പോള്‍ വേണമെങ്കിലും പണമാക്കി മാറ്റാം എന്നത് ഈ നിക്ഷേപത്തിന്‍റെ ഒരു പ്രധാന ആകര്‍ഷണതയാണ്. ദീര്‍ഘകാല ഉദ്ദേശത്തോടെയുള്ള നിക്ഷേപം ആണെങ്കിലും ഓഹരി അധിഷ്ഠിത നിക്ഷേപത്തോടൊപ്പം 20 മുതല്‍ 40 ശതമാനം വരെ ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് വിപണിയില്‍ ഇടിവ് ഉണ്ടായാല്‍ ആകെയുള്ള നിക്ഷേപ വളര്‍ച്ച 100% കുറയാതെ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്നു.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here