ജീവിത ലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് നിക്ഷേപങ്ങള്‍ കൃത്യമായി നടത്തിയാലും ജീവിതത്തില്‍ ഉണ്ടാകാനിടയുള്ള ആകസ്മികമായ കാര്യങ്ങള്‍ മൂലം ജീവിത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി സമാഹരിച്ച തുക കൂടി വിനിയോഗിക്കേണ്ട സ്ഥിതി വന്നേക്കാം. ഇത് ഭാവിയില്‍ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത അവസ്ഥയിലേക്ക് നയിക്കും. ഇതിനുള്ള പ്രതിവിധിയാണ് എമര്‍ജന്‍സി ഫണ്ട് ഉണ്ടാക്കുക എന്നത്. ജീവിതലക്ഷ്യങ്ങള്‍ക്കുള്ള തുക മാറ്റിവയ്ക്കുന്നതോടൊപ്പംതന്നെ ജീവിതത്തില്‍ ഉണ്ടാകാനിടയുള്ള അപ്രതീക്ഷിതമായ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും എമര്‍ജന്‍സി ഫണ്ട് സഹായിക്കും.
എമര്‍ജന്‍സി ഫണ്ടിന്‍റെ ആവശ്യകത കൃത്യമായി നമുക്ക്മനസ്സിലാക്കി തന്ന കാലഘട്ടമാണ് ഇത്. കോവിഡ് എന്ന മഹാമാരിയില്‍ പലരുടെയും ജോലി നഷ്ടപ്പെടുകയോ ശമ്പളത്തില്‍ ഗണ്യമായ കുറവ് ഉണ്ടാകുകയോ ചെയ്തിട്ടുണ്ടാകും. ഇത്തരം സാഹചര്യത്തില്‍ പലപ്പോഴും എന്തുചെയ്യണം എന്ന് ചിന്തിക്കാന്‍ പോലുമുള്ള മാനസികാവസ്ഥ ഉണ്ടായിരിക്കുകയില്ല. ഇന്ന് ഭൂരിഭാഗം ആളുകളും പലവിധ വായ്പയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഭവന വായ്പയോ വാഹന വായ്പയോ വ്യക്തിഗത വായ്പയോ എന്തുമാകട്ടെ എല്ലാ വായ്പകളും ലഭിക്കുന്നത് ഒരാളുടെ വരുമാനം അല്ലെങ്കില്‍ തിരിച്ചടയ്ക്കാനുള്ള കഴിവ് നോക്കിയിട്ടാണ്.
പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിത ചിലവുകള്‍ക്കുള്ള തുക കണ്ടെത്തുന്നതിനേക്കാള്‍ പ്രയാസം തിരിച്ചടവിനുള്ള തുക കണ്ടെത്താന്‍ ആകും. കാരണം ഭവന വായ്പ എടുത്തിരിക്കുന്ന ഒരാളുടെ തിരിച്ചടവ് മുടങ്ങുന്നതോടുകൂടി വീട് തന്നെ നഷ്ടപ്പെടാനുള്ള സാധ്യത കൂടുതലാണ്. മറ്റു വായ്പകളുടെ കാര്യത്തിലും ഇത്തരം സാഹചര്യമുണ്ടാകാം. നേരത്തെ സൂചിപ്പിച്ചതുപോലെ കോവിഡ് പോലുള്ള മഹാമാരി ഉണ്ടാകുമെന്നോ ഇത്രയും നാള്‍ നീണ്ടുനില്‍ക്കും എന്നോ ആരും പ്രതീക്ഷിച്ചതല്ല. തന്നെയുമല്ല നമ്മള്‍ ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങള്‍ ആണ് സാമ്പത്തികമായും ആരോഗ്യകരമായും നമ്മുടെ എല്ലാവരുടെയും ജീവിതത്തില്‍ സംഭവിച്ചത്. കോവിഡ് തുടങ്ങി രണ്ടോ മൂന്നോ മാസങ്ങള്‍ക്ക് ശേഷമാണ് കാര്യങ്ങള്‍ ഏതുവിധത്തിലാണ് പോകുന്നത് എന്ന ഒരു ധാരണ നമുക്ക് ലഭിച്ചത്. ഒരാള്‍ക്ക് എക്കാലവും എമര്‍ജന്‍സി ഫണ്ട് കൊണ്ട് ജീവിക്കാന്‍ ആവില്ല. എന്നാല്‍ കാര്യങ്ങള്‍ മനസ്സിലാക്കി മറ്റൊരു വഴി കണ്ടെത്തുന്നതുവരെയുള്ള സമയത്തേക്കുള്ള തുക കരുതി വയ്ക്കുക എന്നതാണ് പ്രധാനം. ഇന്നുമുതല്‍ ആറുമാസം വരെയുള്ള ജീവിത ചിലവുകളും ബാധ്യത തിരിച്ചടവുകള്‍ക്കും മറ്റു പ്രതിമാസ തിരിച്ചടവുകള്‍ ഉണ്ടെങ്കില്‍ അവയക്കും ആവശ്യമായ തുകയാണ് എമര്‍ജന്‍സി ഫണ്ട് ആയി നീക്കി വയ്ക്കേണ്ടത്. ഇത്തരത്തില്‍ നീക്കി വയ്ക്കുന്ന തുക തീരുന്നതിനു മുമ്പ് തന്നെ മറ്റൊരു വഴി കണ്ടെത്താനായാല്‍ മാത്രമേ ഭാവിയില്‍ സാമ്പത്തിക കാര്യങ്ങള്‍ നടത്തുന്നതിന് ആവശ്യമായ തുക കണ്ടെത്താന്‍ ആകൂ എന്ന കാര്യം ഓര്‍ക്കേണ്ടതുണ്ട്.
എമര്‍ജന്‍സി ഫണ്ടായി നീക്കിവെച്ച തുക ഏറ്റവും എളുപ്പത്തില്‍ എടുത്ത് വിനിയോഗിക്കാവുന്ന നിക്ഷേപ പദ്ധതികളില്‍ ആണ് നിക്ഷേപിക്കേണ്ടത്. അങ്ങനെ നോക്കുമ്പോള്‍, സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റുകളാണ് ഏറ്റവും അനുയോജ്യമെങ്കിലും ഇവയ്ക്ക് പലിശ നിരക്ക് കുറവായതുകൊണ്ട് സ്ഥിരനിക്ഷേപങ്ങളും ഈ ആവശ്യത്തിനായി തിരഞ്ഞെടുക്കാം. സ്ഥിരനിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വിവിധ നിക്ഷേപങ്ങള്‍ ആയി നിക്ഷേപിക്കുകയാണെങ്കില്‍ ചെറിയ തുകയുടെ ആവശ്യമാണ് ഉണ്ടാകുന്നതെങ്കില്‍ മുഴുവന്‍ നിക്ഷേപവും കാലാവധിക്ക് മുമ്പ് പിന്‍വലിക്കുന്നതുമൂലം ഉണ്ടാകാനുള്ള സാമ്പത്തിക നഷ്ടം ചെറിയ അളവില്‍ കുറയ്ക്കാനാകും. സേവിങ്സ് ബാങ്ക് നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്ന പലിശ നിരക്കിനേക്കാള്‍ കുറച്ചു കൂടി വളര്‍ച്ച നിരക്ക് നല്‍കുന്ന ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകളും എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കാനായി ഉപയോഗപ്പെടുത്താവുന്നതാണ്. എമര്‍ജന്‍സി ഫണ്ടുകള്‍ക്കുള്ള നിക്ഷേപങ്ങള്‍ക്ക് വളര്‍ച്ച നിരക്ക് പ്രതീക്ഷിക്കുന്നതിനേക്കാള്‍ ഉപരി അവശ്യസമയത്ത് എളുപ്പത്തില്‍ തുക ലഭ്യമാക്കുന്ന നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം.
First published in Mangalam