ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് നിരവധി നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍ ഉണ്ടെങ്കിലും ഒരു വര്‍ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ഏതു പദ്ധതി തിരഞ്ഞെടുക്കണം എന്ന് കാര്യത്തില്‍ പലര്‍ക്കും വ്യക്തമായ ധാരണ ഉണ്ടാകില്ല. ഉദാഹരണമായി ഒരു വലിയ തുക നിങ്ങളുടെ കയ്യില്‍ വന്നു എന്നിരിക്കട്ടെ, ഈ തുക സേവിങ്സ് അക്കൗണ്ടിലാവും നിങ്ങള്‍ സൂക്ഷിക്കുന്നത്. ചിലപ്പോള്‍ ഈ തുക രണ്ടോ മൂന്നോ മാസം കഴിഞ്ഞ് ആവശ്യം വരുന്നത് കൊണ്ടാവും സേവിങ്സ് അക്കൗണ്ടില്‍ തന്നെ സൂക്ഷിക്കുന്നത്. എന്നാല്‍ കുറച്ചു കൂടി ശ്രദ്ധയോടെ കൈകാര്യം ചെയ്യാനായാല്‍ ഈ തുകയില്‍ നിന്നും മെച്ചം ഉണ്ടാക്കാനാകും. പ്രത്യേകിച്ചും പലിശയില്ലാത്ത കറന്‍റ് അക്കൗണ്ടിലും മറ്റും തുക സൂക്ഷിക്കേണ്ടിവരുന്ന ചെറുതും വലുതുമായ ബിസിനസുകാര്‍ക്ക് 6% മുതല്‍ 7% വരെ നേട്ടം ഈ തുകയില്‍ നിന്നും ഉണ്ടാക്കാന്‍ സാധിക്കും. ഒരുപക്ഷേ, ഒരാളുടെ ശമ്പളം കൊടുക്കാനുള്ള തുക ചിലപ്പോള്‍ പ്രതിമാസം ലഭിച്ചേക്കാം. ഇതിനായി നഷ്ടസാധ്യത കുറവുള്ള ലിക്വിഡ് മ്യൂച്ചല്‍ ഫണ്ട് പ്രയോജനപ്പെടുത്താവുന്നതാണ്.
ഏതാനും ദിവസങ്ങളോ ആഴ്ചകളോ മാസങ്ങളോ പോലുള്ള ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് ലിക്വിഡ് മ്യൂച്ചല്‍ ഫണ്ട് ഉപയോഗപ്പെടുത്താം. മ്യൂച്ചല്‍ ഫണ്ട് വിഭാഗത്തിലെ ഡെറ്റ് മ്യൂച്ചല്‍ ഫണ്ട് വിഭാഗത്തിലെ ഒരു ഉപവിഭാഗമാണ് ലിക്വിഡ് മ്യൂച്ചല്‍ ഫണ്ടുകള്‍. 91 ദിവസം വരെ കാലാവധിയുള്ള ട്രഷറി ബില്ലുകള്‍, കൊമേഴ്സ്യല്‍ പേപ്പേഴ്സ,് ഉയര്‍ന്ന റേറ്റിംഗ് ഉള്ള ഗവണ്‍മെന്‍റ് ബോണ്ടുകള്‍ പോലുള്ളവയില്‍ നിക്ഷേപിക്കുന്ന മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ ആണിത്. കുറഞ്ഞ കാലാവധിയില്‍ ഉയര്‍ന്ന റേറ്റിംഗ് ഉള്ള നിക്ഷേപങ്ങള്‍ ആയതുകൊണ്ട് തന്നെ നഷ്ടസാധ്യത കുറവാണ് എന്ന് പറയാം. കൂടാതെ എപ്പോള്‍ വേണമെങ്കിലും പണമാക്കി മാറ്റാനുമാകും. പണം ആവശ്യമുള്ളപ്പോള്‍ യൂണിറ്റുകള്‍ വിറ്റ് ഒന്നു മുതല്‍ രണ്ട് ദിവസത്തിനുള്ളില്‍ അക്കൗണ്ടില്‍ തുകയെത്തും. ഹ്രസ്വകാല നിക്ഷേപമാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്നതുകൊണ്ട് തന്നെ ലോക്കിന്‍ പിരീഡ് ഈ നിക്ഷേപങ്ങള്‍ക്ക് ഇല്ല.
നിക്ഷേപ തുകയില്‍ സുരക്ഷ നല്‍കുന്നതോടൊപ്പം മികച്ചവളര്‍ച്ചയും എളുപ്പം പണമാക്കി മാറ്റാനുള്ള സൗകര്യവുമാണ് ഈ ഫണ്ടുകളുടെ ആകര്‍ഷണം. സേവിങ്സ് അക്കൗണ്ടിലോ കറന്‍റ് അക്കൗണ്ടിലോ മൂന്നു മാസത്തില്‍ താഴെ തുക സൂക്ഷിക്കേണ്ടിവരുന്ന ആര്‍ക്കും ഈ നിക്ഷേപം തിരഞ്ഞെടുക്കാവുന്നതാണ്. വസ്തുവില്‍പ്പന വഴിയോ അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ വലിയ തുകകള്‍ കുറഞ്ഞ കാലത്തേക്ക് സൂക്ഷിക്കാന്‍ ഈ പദ്ധതി ഉപയോഗപ്പെടുത്താം. അതുപോലെതന്നെ ഏതെങ്കിലും ആവശ്യത്തിനായി മാറ്റിവയ്ക്കുന്ന തുക തല്‍ക്കാലം നിക്ഷേപിക്കാന്‍ ലിക്വിഡ് ഫണ്ടുകള്‍ അനുയോജ്യമാണ്. ഉദാഹരണത്തിന് വസ്തു വാങ്ങുന്നതിനോ ഷെയറുകള്‍ വാങ്ങുന്നതിനോ വിവാഹ ആവശ്യങ്ങള്‍ക്കോ ആവശ്യമായ തുക നേരത്തെ സമാഹരിച്ച് സേവിങ് അക്കൗണ്ടില്‍ സൂക്ഷിക്കുകയാണ് പതിവ.് ഇത്തരം സന്ദര്‍ഭങ്ങളില്‍ ലിക്വിഡ് മ്യൂച്ചല്‍ ഫണ്ടുകളെ നിക്ഷേപത്തിനായി ആശ്രയിക്കാവുന്നതാണ്.
First published in Mangalam