സ്പോട്ട് മാര്‍ക്കറ്റില്‍ സ്വര്‍ണ്ണം മെയ് ആദ്യവാരം എക്കലത്തേയും ഏറ്റവും കൂടിയ വിലയുടെ അടുത്തെത്തി. ഡോളര്‍ മൂല്യത്തിലുണ്ടായ കുറവ്, യുഎസില്‍ വായ്പാ പരിധിയുമായി ബന്ധപ്പെട്ടുണ്ടായ പ്രതിസന്ധി, ആഗോള സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയെല്ലാം സ്വര്‍ണ്ണവിലയെ സ്വാധീനിച്ചിട്ടുണ്ട്. വിദേശ വിപണികളിലെ പ്രവണതകള്‍ക്കു പിന്നാലെ അഭ്യന്തര രംഗത്ത്, സ്പോട്ട്, ഓഹരി വിപണികളില്‍ വില റിക്കാര്‍ഡുയരത്തില്‍ എത്തിച്ചേര്‍ന്നു.
യുഎസ് ബാങ്കിംഗ് മേഖലയില്‍ ഈയിടെ ഉണ്ടായ ദുരന്തത്തെത്തുടര്‍ന്ന് പലിശ നിരക്കുവര്‍ധന ഉണ്ടാകില്ലെന്ന കണക്കു കൂട്ടലും വിലക്കയറ്റം കുറയുന്നതിന്‍റെ ലക്ഷണങ്ങളും സ്വര്‍ണം പോലുള്ള സുരക്ഷിത ആസ്തികളില്‍ ചേക്കേറാന്‍ നിക്ഷേപകരെ പ്രേരിപ്പിക്കുകയായിരുന്നു.
സുരക്ഷിത ആസ്തിയായി പരിഗണിക്കപ്പെട്ടിരുന്ന ഡോളറില്‍ നിന്നാണ് നിക്ഷേപകര്‍ സ്വര്‍ണ്ണത്തിലേക്കു തിരിഞ്ഞത്. ആഗോള തലത്തില്‍ പലിശ നിരക്ക് കുറയുമെന്ന പ്രതീക്ഷയായിരുന്നു കാരണം. സ്വര്‍ണത്തിന് പലിശയോ മറ്റു വിധത്തിലുള്ള ധനാഗമമോ ഇല്ലാത്തതിനാല്‍ പലിശ നിരക്കുകളുമായി പ്രതികൂല ബന്ധമാണ് അതിനുള്ളത്. കഴിഞ്ഞ സെപ്തംബറിലെ റിക്കാര്‍ഡുയരത്തിനു ശേഷം യുഎസ് ഡോളര്‍ 11 ശതമാനത്തിലേറെ തിരുത്തലിനു വിധേയമായിട്ടുണ്ട്. സ്വര്‍ണ്ണ വില കണക്കാക്കുന്നത് ഡോളറില്‍ ആകയാല്‍, ദുര്‍ബ്ബലമായ യുഎസ് കറന്‍സി വില വര്‍ധിപ്പിക്കാനിടയാക്കുന്നു.
യുഎസില്‍ ഈയിടെ ബാങ്കിംഗ് മേഖലയിലുണ്ടായ പ്രതിസന്ധിയും മാന്ദ്യ ഭീതിയും കൂടുതല്‍ സുരക്ഷിതമായ ആസ്തികളിലേക്കു നീങ്ങാന്‍ നിക്ഷേപകരെ പ്രേരിപ്പിച്ചു. സാങ്കേതിക മേഖല പ്രധാനമായും ആശ്രയിക്കുന്ന യുഎസിലെ രണ്ടു വലിയ ബാങ്കുകള്‍ തകര്‍ന്നത് ഏപ്രില്‍ മാസത്തിലാണ്. സ്വിസ്സ് ബാങ്കിംഗ് രംഗത്തെ ഭീമډാരായ ക്രെഡിറ്റ് സ്വിസ്സെയുടെ തകര്‍ച്ചയും ഇതേ കാലയളവിലായിരുന്നു. ബാങ്കിംഗ് രംഗത്തെ ഈ പ്രതിസന്ധി പൂര്‍ണ തോതിലുള്ള സാമ്പത്തിക തകര്‍ച്ചയിലേക്കു നയിച്ചേക്കുമെന്ന ഭീതിയും ഉണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിയും സ്വര്‍ണ്ണ വിലയും തമ്മില്‍ ദീര്‍ഘകാലമായി നില നില്‍ക്കുന്ന ബന്ധമാണുള്ളത്. ഇക്കാലത്ത്, ബാങ്കിംഗ് മേഖലയിലെ പ്രതിസന്ധിയും മാന്ദ്യ ഭീതിയും കാരണം സുരക്ഷിതത്വം കുറഞ്ഞ ആസ്തികളോട് നിക്ഷേപകര്‍ അകലം പാലിക്കാറുണ്ട്. നിക്ഷേപരംഗത്ത് സ്വര്‍ണ്ണത്തിന്‍റെ ഡിമാന്‍റ് വര്‍ധിപ്പിക്കാന്‍ ഈ നിലപാട് കാരണമായിത്തീര്‍ന്നു്.
വായ്പാ പരിധി സംബന്ധിച്ച ചര്‍ച്ചകളും നിക്ഷേപകര്‍ ഉറ്റു നോക്കുന്നുണ്ട്. ബാങ്കിംഗ് രംഗത്ത് അപ്രതീക്ഷിതമായുണ്ടായ തകര്‍ച്ച വായ്പാ വിപണിയില്‍ പ്രതിസന്ധി സൃഷ്ടിച്ചു. യുഎസ് സമ്പദ് വ്യവസ്ഥയെേയും വിലക്കയറ്റത്തേയും ആശ്വസിപ്പിക്കാന്‍ ഇത് സഹായിക്കും. സാമ്പത്തിക അനിശ്ചിതത്വക്കുറിച്ചുള്ള ആശങ്കകള്‍ കുറയുന്നത് സുരക്ഷിതമെന്നു കരുതപ്പെടുന്ന ആസ്തികളിലേക്ക് ആളുകളെ ആകര്‍ഷിക്കും. നിലവിലുള്ള സപ്ളെ-ഡിമാന്‍റ് ബലതന്ത്രം സ്വര്‍ണത്തിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ലോക ഗോള്‍ഡ് കൗണ്‍സിലിന്‍റെ കണക്കുകളനുസരിച്ച് 2022ല്‍ സ്വര്‍ണത്തിന്‍റെ ഡിമാന്‍റ് 18 ശതമാനമാണ് വര്‍ധിച്ചത്. ആഭരണ മേഖലയില്‍ നിന്നുള്ള വര്‍ധിച്ച ഡിമാന്‍റ്, ലോകമെങ്ങുമുള്ള കേന്ദ്ര ബാങ്കുകള്‍ വാങ്ങുന്ന സ്വര്‍ണത്തിന്‍റെ അളവു വര്‍ധിപ്പിച്ചത് , വ്യാവസായിക രംഗത്തെ കൂടിയ തോതിലുള്ള ഉപയോഗം എന്നിവയെല്ലാം സ്വര്‍ണ്ണ വിലയിലെ കുതിപ്പിനു സഹായിച്ച ഘടകങ്ങളാണ്.
അഭ്യന്തര വിപണിയില്‍ വിലകള്‍ പുതിയ ഉയരങ്ങള്‍ തേടുകയാണ്. മെയ് ആദ്യവാരം മുംബൈ എംസിഎക്സില്‍ സ്വര്‍ണ്ണവില 10 ഗ്രാമിന് 61845 രൂപയായിരുന്നു. 2023 ജനുവരി മുതല്‍ 11 ശതമാനത്തിലേറെയാണ് വില കൂടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വിലയില്‍ 21 ശതമാനം കുതിപ്പു രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷത്തിനിടെ അഭ്യന്തര വിപണിയില്‍ സ്വര്‍ണ്ണ വില ഇരട്ടിയോളമായി. ഇന്ത്യന്‍ ഭവനങ്ങളില്‍ ഏറ്റവും ആകര്‍ഷകമായി ഇന്നും പരിഗണിക്കപ്പെടുന്നത് സ്വര്‍ണ്ണം തന്നെ.
ഹ്രസ്വകാലത്തേക്ക് സ്വര്‍ണ്ണ നിക്ഷേപം ഗുണകരമായിരിക്കും. എന്നാല്‍ വിലയില്‍ തിരുത്തലിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വില ഔണ്‍സിന് 2070-75 ഡോളറില്‍ അപ്പുറം പോകാന്‍ സാധ്യതയില്ല. ഈ പ്രതിരോധം തകര്‍ക്കപ്പെട്ടാല്‍ വിലയില്‍ വലിയ തോതിലുള്ള കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ആഗോള പ്രശ്നങ്ങളിലുണ്ടായേക്കാവുന്ന അയവ് വിലയില്‍ തിരുത്തല്‍ വരുത്തിയേക്കും. പക്ഷേ ഉറച്ച അടിത്തറയുള്ളതിനാല്‍ കൂടിയ തോതിലുള്ള തിരുത്തല്‍ ഉണ്ടാകാനിടയില്ല. സ്വര്‍ണ്ണ വില ഒരു സാഹചര്യത്തിലും ഔണ്‍സിന് 1800 ഡോളര്‍ എന്ന പരിധിയില്‍ താഴെ വരികയുമില്ല.
First published in Mathrubhumi