അമ്പതിലധികം കമ്പനികള്‍ ചേര്‍ന്ന് 37,500 കോടിയോളം രൂപയുടെ ബൈബാക്ക് ആണ് 2022 വര്‍ഷം ഇതുവരെ നടത്തിയത് എന്ന വാര്‍ത്ത പുറത്തുവന്നത് ഈയിടെയാണ്. എന്താണ് ബൈബാക്ക്, എന്തിനാണ് കമ്പനികള്‍ ബൈബാക്ക് നടത്തുന്നത്, ബൈബാക്ക് വഴി നിക്ഷേപകര്‍ക്ക് വല്ല ഗുണവും ലഭിക്കുമോ എന്നുള്ള കാര്യങ്ങളൊക്കെയാണ് ഓഹരിപാഠം ഈയാഴ്ച ചര്‍ച്ച ചെയ്യുന്നത്.
എന്താണ് ബൈബാക്ക്?
നിലവിലെ ഓഹരി ഉടമകളില്‍ നിന്നും കമ്പനി അതിന്‍റെ ഷെയറുകള്‍ തിരികെ വാങ്ങുന്ന പ്രക്രിയയാണ് ബൈബാക്ക് എന്നറിയപ്പെടുന്നത്. സ്വാഭാവികമായും നിലവിലെ മാര്‍ക്കറ്റ് വിലയ്ക്കും മുകളിലുള്ള ഒരു വില നിശ്ചയിച്ചാണ് ബൈബാക്ക് നടക്കുന്നത്. കമ്പനി തന്നെ അതിന്‍റെ ഓഹരികള്‍ കൈവശമാക്കുക വഴി തങ്ങളുടെ നിയന്ത്രണാവകാശം കൂടുതല്‍ ബലപ്പെടുത്തുകയാണെന്നും ഇവിടെ വിലയിരുത്താം. രണ്ടു തരത്തിലാണ് ബൈബാക്ക് പ്രക്രിയ നടക്കാറുള്ളത്. നിലവിലെ ഓഹരി ഉടമകളില്‍ നിന്നും നിശ്ചിത സമയപരിധി വെച്ച് ടെണ്ടറുകള്‍ സ്വീകരിച്ചും ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്നും നിശ്ചിത പിരീയഡിനുള്ളില്‍ നേരിട്ട് വാങ്ങിയുമാണ് കമ്പനികള്‍ ഷെയറുകള്‍ തിരിച്ചെടുക്കുന്നത്.
ബൈബാക്ക് നടത്താനുള്ള കാരണങ്ങള്‍
ډ ആവശ്യത്തിലധികം ക്യാഷ് റിസര്‍വ്വ് കയ്യിലിരിക്കുകയും പ്രസ്തുത തുക ഉപയോഗിച്ച് ബിസിനസ് വിപുലീകരണം നടത്താനുള്ള സാധ്യത നിലവില്‍ ഇല്ലാതിരിക്കുകയും ചെയ്യുമ്പോള്‍ കമ്പനികള്‍ ബൈബാക്കിനെപ്പറ്റി ചിന്തിക്കാറുണ്ട്. പുതിയ പ്രോജക്റ്റുകള്‍ക്കായി കാശിറക്കുന്നത് നിലവിലെ ചുറ്റുപാടുകളില്‍ യുക്തിഭദ്രമല്ലെന്ന് തോന്നുന്ന പക്ഷം റിസര്‍വായി സൂക്ഷിച്ച തുക ഓഹരികള്‍ തിരികെ വാങ്ങാനായി ഉപയോഗിക്കുന്നു.
ډ നിലവില്‍ ഓഹരി ഉടമകളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമാണുള്ളതെങ്കില്‍ ഏകകണ്ഠമായി തീരുമാനമെടുക്കുന്നതിനും മറ്റും മാനേജ്മെന്‍റിന് ബുദ്ധിമുട്ടുകള്‍ നേരിട്ടേക്കാം. കൂടുതല്‍ ഓഹരികള്‍ കൈവശം വെയ്ക്കുക എന്നതിനര്‍ഥം കടുതല്‍ വോട്ടിങ്ങ് അവകാശം സ്വന്തമാക്കുക എന്നതു കൂടിയാണ്. ആ അര്‍ഥത്തില്‍ പ്രമോട്ടര്‍മാരും ബോര്‍ഡ് മെമ്പര്‍മാരും മറ്റും കമ്പനിക്കുള്ളില്‍ കൂടുതല്‍ ശ ക്തരാവുകയാണ് എന്നും വിലയിരുത്താം.
ډ വിപണി വിലയ്ക്ക് മുകളില്‍ വില നിശ്ചയിച്ചാണ് കമ്പനി ഓഹരികള്‍ തിരികെ വാങ്ങുന്നത്. അതിനാല്‍ നിലവില്‍ ഓഹരിയുടെ വില څഅണ്ടര്‍ വാല്യൂഡ്’ ആണെന്ന സന്ദേശം പൊതുജനങ്ങളിലെത്തുന്നു. ഓഹരിയുടെ യഥാര്‍ഥ മൂല്യം ഇപ്പോള്‍ കാണുന്നതിലും മുകളിലാണെന്ന തോന്നല്‍ ഓഹരി ഉടമകള്‍ക്കിടയിലും കമ്പനിയുമായി ബന്ധപ്പെട്ട ഗ്രൂപ്പുകള്‍ക്കിടയിലും ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
ډ ലിക്വിഡിറ്റി താരതമ്യേന കുറഞ്ഞ ഓഹരിയാണെങ്കില്‍ പോലും നിലവിലെ ഓഹരി ഉടമകള്‍ക്ക് ഓഹരിയില്‍ നിന്നും പുറത്തുകടക്കാനുള്ള ഒരു മാര്‍ഗം ബൈബാക്ക് വഴി തുറന്നുകിട്ടുന്നു. വിപണി പൊതുവെ മോശം അവസ്ഥയിലാണെങ്കില്‍ പോലും ബൈബാക്ക് പ്രഖ്യാപിക്കപ്പെട്ട ഓഹരിയുടെ വില അമിതമായി താഴോട്ട് പതിക്കാറില്ല എന്നതും ഓഹരി ഉടമകളെ സംബന്ധിച്ചിടത്തോളം നല്ല കാര്യമാണ്.
ബൈബാക്കിന് ശേഷം സംഭവിക്കുന്നത്.
ډ പൊതുജനം കൈവശം വെച്ചിരിക്കുന്ന ഓഹരി കമ്പനി തന്നെ തിരിച്ചെടുക്കുമ്പോള്‍ സ്വാഭാവികമായും ഇ പി എസ് അഥവാ ഏണിംഗ്സ് പെര്‍ ഷെയര്‍ വര്‍ധിക്കുന്നു. കമ്പനിയുടെ അറ്റാദായത്തെ പബ്ലിക് കൈവശം വെച്ചിരിക്കുന്ന ഓഹരികളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് ഇ പി എസ് കണക്കാക്കുന്നത്. ബൈബാക്കിനെ തുടര്‍ന്ന് ഔട്ട്സ്റ്റാന്‍റിംഗ് ഓഹരികളുടെ എണ്ണം കുറയുന്നതിനനുസൃതമായി ഇ പി എസ് വര്‍ധിക്കുമെന്ന് വ്യക്തമാണല്ലോ. ഇ പി എസിന് പുറമെ റിട്ടേണ്‍ ഓണ്‍ ക്യാപിറ്റല്‍, റിട്ടേണ്‍ ഓണ്‍ നെറ്റ്വര്‍ക്ക് മുതലായ സൂചകങ്ങളും വര്‍ധിക്കുന്നു.
ډ ഡിവിഡന്‍റിനുമുപരിയായി കമ്പനിയുടെ അധികം വരുന്ന ക്യാഷ് റിസര്‍വ് നിലവിലെ ഓഹരി ഉടമകള്‍ക്ക് നേട്ടം വരുന്ന രീതിയില്‍ കമ്പനികള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്നു.
ډ നിയമപ്രശ്നങ്ങളോ മറ്റു തടസങ്ങളോ ഇല്ലാതെ തന്നെ ക്യാപിറ്റല്‍ റിഡക്‌ഷന്‍ അഥവാ മൂലധന ശോഷണം നടത്താന്‍ ബൈബാക്ക് കമ്പനികളെ സഹായിക്കുന്നു.
ډ വിപണിവിലയ്ക്കും മുകളില്‍ ഓഹരികള്‍ തിരിച്ചു വാങ്ങുക വഴി കമ്പനിക്ക് സല്‍പേര് സമ്പാദിക്കാന്‍ സാധിക്കുന്നു. നിലവിലെ ഓഹരി ഉടമകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും പുതുതായി കടന്നുവരുന്ന നിക്ഷേപകരില്‍ പ്രതീക്ഷ വളര്‍ത്തുവാനുമൊക്കെ ബൈബാക്ക് ഉപകരിക്കുമെന്ന് സാരം.
First published in Malayala Manorama