ഒരു കുടുംബത്തില്‍ വരുമാനം കൂടാതിരിക്കുകയും, എന്നാല്‍ ജീവിതച്ചിലവുകള്‍ കൂടിവരികയും ചെയ്താല്‍ എന്തായിരിക്കും അവസ്ഥ? ഇത് കൂടാതെ സാമ്പത്തിക വളര്‍ച്ചയുടെ ഭൂരിഭാഗം പങ്കും ഉയര്‍ന്ന വരുമാനക്കാരിലേക്ക് വ്യാസിക്കപ്പെടുകയും പാവപ്പെട്ടവര്‍ കൂടുതല്‍ വരുത്തിയിലേക്ക് തള്ളപ്പെടുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായാലോ? ഇതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഉത്പാദനം കൂടാത്ത സാഹചര്യത്തില്‍ ഉത്പന്നങ്ങളുടെ വില ക്രമാതീതമായി കൂടുകയും സാധാരണക്കാര്‍ക്ക് താങ്ങാനാവാത്ത നിലയിലേക്ക് എത്തുകയും ചെയ്തു. ഉയര്‍ന്ന വരുമാനക്കാര്‍ എന്തുവില കൊടുത്തും അവ വാങ്ങാന്‍ തയ്യാറാകുമ്പോള്‍ സ്ഥിതി ഗുരുതരമാകും. ഇന്ത്യയില്‍ വരുമാന വിന്യാസത്തില്‍ അടിസ്ഥാനപരമായി വളരെ അന്തരമുള്ളതിനാല്‍ വലിയൊരു ജന വിഭാഗം ഇന്നും അവശ്യസാധങ്ങള്‍ക്കു വേണ്ടിപോലും ബുദ്ധിമുട്ടുന്ന അവസ്ഥയുണ്ട്. ഈ ഒരു അവസ്ഥയെയാണ് ‘സ്റ്റാഗ്ഫ്ളേഷന്‍’ എന്ന് വിളിക്കുന്നത്.
പിന്നാമ്പുറം
അസംഘടിത തൊഴില്‍ മേഖലയില്‍ ഉണ്ടായിട്ടുള്ള പ്രശ്നങ്ങള്‍ ഉല്പാദന മേഖലയെ വളരെയധികം ബാധിച്ചു. ദിവസവേതനക്കാര്‍ കോവിഡുകാലത്ത് വരുമാനമില്ലാതെ വന്നപ്പോള്‍ സ്വന്തം നാടുകളിലേക്ക് പലായനം ചെയ്തത് ഇന്ത്യയൊട്ടാകെ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. ഉല്പാദനത്തില്‍ ഇടിവ് വരികയോ തൊഴില്‍ വേതനത്തില്‍ ഉയര്‍ച്ച ഉണ്ടാവുകയോ ചെയ്യുന്നത് ഉത്പന്നങ്ങളുടെ വില കൂടാന്‍ കാരണമാകും. ഉല്പാദനത്തിന്‍റെ തോത് കൂടാതിരിക്കുകയും അതേ സമയം ഉല്പാദനത്തിന്‍റെ ചിലവ് കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുറേ നാളത്തേക്ക് വിലകള്‍ കൂടി നില്‍ക്കുന്ന അവസ്ഥ ഉണ്ടാകും. തൊഴിലാളികളുടെ പലായനം മൂലം രണ്ടു തരത്തിലുള്ള പ്രശ്നമുണ്ടാകും. നിലവിലുള്ള മേഖലകളില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെങ്കിലും തൊഴിലെടുക്കാന്‍ആളില്ലാതാവുക, കൂടാതെ, തൊഴിലിടം വിട്ട് പലായനം ചെയ്ത ആളുകള്‍ക്ക് സ്വന്തം നാട്ടില്‍ മറ്റ് തൊഴിലൊന്നും കണ്ടെത്താനാകാതെ വരിക. ഇത് രണ്ടും ഒരേ സമയം നടക്കുമ്പോള്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും. ഇന്ന് ബഹുഭൂരിപക്ഷം ആളുകളും ഈ അവസ്ഥ നേരിടുന്നുണ്ട്.
സ്റ്റാഗ്ഫ്ളേഷനും പ്രശ്നങ്ങളും
സ്തംഭിത വളര്‍ച്ചയും, ഉയര്‍ന്ന പണപ്പെരുപ്പവും, തൊഴിലില്ലായ്മയും സ്റ്റാഗ്ഫ്ളേഷന്‍റെ ലക്ഷണങ്ങളാണ്. പണപ്പെരുപ്പം കഴിഞ്ഞ മൂന്നു മാസക്കാലമായി ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യമുണ്ട്. സെപ്റ്റംബറില്‍ 4.35 ആയിരുന്ന പണപ്പെരുപ്പനിരക്ക് ഒക്ടോബറില്‍ 4.48 ശതമാനവും നവംബറില്‍ 4.91 ശതമാനവും രേഖപ്പെടുത്തി. ഏപ്രിലിലെ കുറഞ്ഞ നിരക്കായ 4.23 ശതമാനത്തില്‍ നിന്നും മേയില്‍ 6.30 ശതമാനത്തിലെത്തിയെങ്കിലും പിന്നീട് കുറയുകയായിരുന്നു. എന്നാല്‍ ഭക്ഷ്യവസ്തുക്കളുടെയും, പ്രധാനമായും പച്ചക്കറികളുടെ, വിലയിലുണ്ടായ കുതിപ്പ് പണപ്പെരുപ്പത്തെ ബാധിച്ചിട്ടുണ്ട്. ഇന്ധന വിലകളിേډലുള്ള എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും അത് പണപ്പെരുപ്പത്തില്‍ മാറ്റമുണ്ടാകാത്തത് ആര്‍ബിഐയെ അലട്ടുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പവും മറ്റ് അവശ്യവസ്തുക്കളുടെ വിലയിലുണ്ടായ കുതിപ്പുമാണ് ഈ കുതിപ്പിനും കാരണം. ഇതിന്‍റെ പ്രഭാവം വരും മാസങ്ങളിലും കാണാന്‍ സാധിക്കും. ഡിസംബറിലെ കണക്കുകള്‍ പുറത്തു വരുമ്പോള്‍ പണപ്പെരുപ്പം 5 ശതമാനത്തില്‍ കൂടുതലാണെങ്കില്‍ അത് സാധാരണ ജീവിതത്തെ കൂടുതല്‍ ബാധിക്കും. അതേസമയം ഇന്ധനവിലകളില്‍ കുറവുണ്ടായാല്‍ സ്ഥിതി മെച്ചപ്പെടാന്‍ സാധ്യതയുണ്ട്.
തൊഴില്‍മേഖലയില്‍ ഉണര്‍വുണ്ടാകണമെങ്കില്‍ അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടണം. ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത് നിര്‍മ്മാണ മേഖലയിലാണല്ലോ. റോഡുകള്‍, പാലങ്ങള്‍ കെട്ടിടങ്ങള്‍ എന്നിങ്ങനെ വികസനവുമായി ബന്ധപ്പെട്ട തൊഴിലുകളിലാണ് കോടിക്കണക്കിനു തൊഴിലാളികളുടെ പ്രതീക്ഷ. ഇതിനുപുറമെയാണ് മാറിവരുന്ന തൊഴില്‍ രീതികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി. പല മേഖലകളിലും മനുഷ്യര്‍ ചെയ്തിരുന്നത് യന്ത്രവല്‍കൃതമാകുമ്പോള്‍ അനേകം തൊഴിലവസരങ്ങളെ അത് ബാധിക്കും. ഒരു വര്‍ഷം മുന്‍പുവരെ ഒരു കുഴപ്പവും കൂടാതെ നടന്നു പോന്നിരുന്ന ജോലി പൊടുന്നനെ അതിന്‍റെ രീതികള്‍ കീഴ്മേല്‍ മറിയുന്ന കാഴ്ച കരളു പിളര്‍ക്കുന്നതാണ്. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന മേഖലകളില്‍ നിയന്ത്രണങ്ങള്‍ വരുമ്പോള്‍ അവിടെയും തൊഴില്‍ തടസ്സങ്ങള്‍ നേരിടും. ഖനനം, ഊര്‍ജ്ജം എന്നീ മേഖലകളില്‍ ഹരിതവല്‍ക്കരണത്തിന്‍റെ ഭാഗമായുള്ള നിയന്ത്രണങ്ങള്‍ കടുത്തു വരുന്നുണ്ട്. ഊര്‍ജ്ജത്തിനായി പരമ്പരാഗത ശ്രോതസ്സുകളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് പുതിയ ശ്രോതസ്സുകളായ സൗരോര്‍ജ്ജം, ഹൈഡ്രജന്‍ എന്നിങ്ങനെയുള്ള ആശയങ്ങള്‍ വരുമ്പോള്‍ ഒരു വലിയ തൊഴില്‍മേഖലയെത്തന്നെ അത് ബാധിക്കും. പ്രത്യേക വൈദഗ്ധ്യം നേടിയ തൊഴിലാളികള്‍ക്കാവും ഭാവിയില്‍ അവസരങ്ങള്‍ കൂടുതല്‍. ഇത് വലിയൊരു വിഭാഗത്തെ മോശമായി ബാധിക്കുന്ന ഒന്നാണ്.
മൂന്നാമത്തെ ഘടകമായ ആഭ്യന്തര വളര്‍ച്ചയിലാണ് ആകെയുള്ള പ്രതീക്ഷ. മേല്‍പ്പറഞ്ഞ കുറെ ഘടകങ്ങള്‍ ആഭ്യന്തര വളര്‍ച്ചയെ നേരിട്ട് ബാധിക്കുന്നവയാണെങ്കിലും മറ്റു കുറെ മേഖലകള്‍ ഉണര്‍വ് കാണിക്കുന്നതിലൂടെ വളര്‍ച്ച കൈവരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് രാജ്യം. ഒരു മേഖലയില്‍ നിന്ന് തൊഴിലാളികള്‍ മറ്റു മേഖലകളിലേക്ക് ചേക്കേറാന്‍ തയ്യാറാകുമ്പോള്‍ വളര്‍ച്ചയുടെയും തൊഴിലവസരങ്ങളുടെയും പ്രശ്നത്തിന് പരിഹാരമാകും. നമ്മുടെ പ്രവര്‍ത്തന മേഖലയില്‍ മാറ്റം വരുത്താന്‍ സ്വയം ഒരു ശ്രമം നടത്തുകയും പുതിയ കാര്യങ്ങള്‍ പഠിക്കാനും പ്രാവര്‍ത്തികമാക്കാനും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നതുവഴി മാത്രമേ കാര്യങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകൂ. ഇതിനു കുറച്ചു ദീര്‍ഘവീക്ഷണവും, തുറന്ന മനസ്സും, മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള സന്നദ്ധതയും അത്യാവശ്യമാണ്. ഏതായാലും കാര്യങ്ങള്‍ പഴയപടിയാവാന്‍ ഇനിയും ഒരു വര്‍ഷമെങ്കിലും എടുക്കും. അതുവരെ കരുതലോടെ മുന്നോട്ടു പോകേണ്ടത് അത്യാവശ്യമാണ്.
First published in Mangalam