പുതിയ സാമ്പത്തിക വര്‍ഷത്തിലേക്ക് കടന്നിരിക്കുകയാണ്. വര്‍ഷാരംഭ സമയത്ത് പല തീരുമാനങ്ങള്‍ എടുത്ത് പലതരത്തിലുള്ള മാറ്റങ്ങള്‍ നിക്ഷേപത്തിലും ജീവിതശൈലിയിലും പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും ശ്രമിക്കാറുണ്ട്. എന്നാല്‍ പുതുതായി കൊണ്ടുവരുന്ന മാറ്റങ്ങള്‍ എത്രത്തോളം വരും വര്‍ഷങ്ങളിലും തുടര്‍ന്നുകൊണ്ട് പോകാന്‍ സാധിക്കുന്നു എന്നത് പ്രധാനമാണ്. ഇതിനായി സാമ്പത്തിക കാര്യങ്ങളില്‍ സ്ഥിരത കൈവരിക്കേണ്ടതുണ്ട.് തുടര്‍ച്ചയായ സാമ്പത്തിക സ്രോതസ്സ് ഉണ്ടാക്കുക എന്നതാണ് സാമ്പത്തികസ്ഥിരത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തികസ്ഥിരത കൈവരിക്കുന്നതിലൂടെ മാനസിക സംഘര്‍ഷങ്ങള്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ സാധിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
സാമ്പത്തിക ആസൂത്രണം നടത്തി ജീവിതലക്ഷ്യങ്ങള്‍ക്കാവശ്യമായ തുക എത്രയെന്ന് കണക്കാക്കി അതിനനുസരിച്ച് നിക്ഷേപങ്ങള്‍ ക്രമീകരിക്കുക എന്നതാണ് സാമ്പത്തികസ്ഥിരത വരുത്താനുള്ള ഒരു മാര്‍ഗ്ഗം. വരുമാനവും ചെലവും കണക്കാക്കി മിച്ചം പിടിക്കാന്‍ സാധിക്കുന്ന തുക വേണ്ടുംപോലെ നിക്ഷേപിച്ച് ജീവിത ലക്ഷ്യങ്ങള്‍ക്ക് ആവശ്യമായ തുക സമാഹരിക്കുന്നതിലൂടെ അനാവശ്യ വായ്പകളും മറ്റും ഒരു പരിധിവരെ ഒഴിവാക്കാന്‍ ആകും.
ഇത്തരത്തില്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ള സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിന് വരുമാനം ഒരു പ്രധാന ഘടകമാണ്. സ്ഥിരതയാര്‍ന്ന വരുമാനം അച്ചടക്കത്തോടെയുള്ള നിക്ഷേപം നടത്താനുള്ള ആത്മവിശ്വാസം നല്‍കും. സാമ്പത്തിക നിലയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒരു പ്രധാന മാര്‍ഗ്ഗമാണ് സ്ഥിര വരുമാനത്തോടൊപ്പം അധിക വരുമാനം കണ്ടെത്തുക എന്നത്. ഇത് ഏതെങ്കിലും നിക്ഷേപത്തില്‍ നിന്നോ അധികസമയം ജോലിചെയ്ത് മറ്റേതെങ്കിലും തരത്തിലോ ഒരു വരുമാന സ്രോതസ്സ് കണ്ടെത്തുന്നത് സാമ്പത്തിക നില മെച്ചപ്പെടുത്താന്‍ സഹായിക്കും
ജീവിതലക്ഷ്യങ്ങള്‍ക്ക് തുക സമാഹരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് എമര്‍ജന്‍സി ഫണ്ട് നീക്കി വയ്ക്കുക എന്നത് ആകസ്മികമായി ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം ജീവിതലക്ഷ്യങ്ങള്‍ക്കുള്ള തുക തടസ്സം കൂടാതെ സമാഹരിക്കാന്‍ എമര്‍ജന്‍സി ഫണ്ട് സഹായിക്കും. എമര്‍ജന്‍സി ഫണ്ട് സമാഹരിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ആവശ്യമായ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പുവരുത്തുക എന്നത്. കുടുംബത്തിലെ വരുമാന സ്രോതസ്സ് ആയ വ്യക്തിയുടെ അഭാവത്തില്‍ ജീവിത ചിലവുകളും സാമ്പത്തിക ലക്ഷ്യങ്ങളും യഥാസമയം നടത്താന്‍ ലൈഫ് ഇന്‍ഷുറന്‍സ് സഹായിക്കും. വര്‍ദ്ധിച്ചുവരുന്ന ഹോസ്പിറ്റല്‍ ചിലവുകള്‍ പല കുടുംബങ്ങളുടെയും സാമ്പത്തിക നില തകര്‍ക്കാന്‍ ഇടയായിട്ടുണ്ട.് ശരിയായ ഇന്‍ഷുറന്‍സ് പരിരക്ഷ സാമ്പത്തിക സ്ഥിരത നിലനിര്‍ത്താന്‍ സഹായിക്കും. ക്രെഡിറ്റ് കാര്‍ഡുകളുടെയും മറ്റും അനിയന്ത്രിതമായ ഉപയോഗം വന്‍ സാമ്പത്തിക ബാധ്യതയിലേക്ക് പോകാന്‍ സാധ്യതയുണ്ട്. അതുപോലെതന്നെ അനാവശ്യമായ ബാധ്യതകള്‍ ഉണ്ടാകുന്നതും സാമ്പത്തിക നില തകര്‍ക്കാന്‍ സാധ്യതയുണ്ട്. വായ്പകള്‍ കൃത്യമായി അടച്ചു തീര്‍ത്ത് ബാധ്യത ഇല്ലാതാക്കിയാല്‍ മാത്രമേ ശരിയായ നിക്ഷേപം സമാഹരിക്കാനകൂ. അതുവഴി ആസ്തി വര്‍ധിപ്പിക്കാനും സാധിക്കുകയുള്ളൂ.
First published in Mangalam