പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സാമ്പത്തിക അച്ചടക്കം ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച തീരുമാനം സാമ്പത്തിക ആസൂത്രണം നടപ്പിലാക്കുക എന്നതായിരിക്കും. ഏതൊരു വ്യക്തിയെയും മികച്ച സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാനും സാമ്പത്തിക സുരക്ഷിതത്വം ഉറപ്പു വരുത്താനും സമഗ്രമായ സാമ്പത്തിക ആസൂത്രണം സഹായിക്കും. എന്നാല്‍ ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള സേവനങ്ങളെപ്പറ്റി ഇന്നും പലര്‍ക്കും കൃത്യമായ അറിവില്ല. സാമ്പത്തിക ഉപദേഷ്ടാക്കള്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളുമൊന്നും സാമ്പത്തിക ആസൂത്രണമായി കാണാന്‍ സാധിക്കില്ല. അതിനായി പരിശീലനം ലഭിച്ച സര്‍ട്ടിഫൈഡ് ഫിനാന്‍ഷ്യല്‍ പ്ലാനര്‍മാര്‍ക്കും മാത്രമേ പ്രൊഫഷണല്‍ രീതിയില്‍ സാമ്പത്തികാസൂത്രണ സേവനം നല്‍കാനാകൂ. അതാണ് ‘സെബി’ നിര്‍ദ്ദേശിക്കുന്നതും. സാമ്പത്തിക ആസൂത്രണം എന്ന പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള സേവനങ്ങള്‍ എന്തൊക്കെയെന്ന് ഇന്ന് നമുക്ക് മനസിലാക്കാം.
അടിസ്ഥാന രൂപരേഖ
ഒരു വ്യക്തിയുടെ ആസ്തി, വരുമാനം, കടങ്ങള്‍, ആശ്രിതരുടെ എണ്ണം, ചിലവുകള്‍, ജോലിയുടെ സ്വഭാവം, എന്നിങ്ങനെയുള്ള വിവരങ്ങള്‍ ഉപയോഗിച്ച് ആ വ്യക്തിയെക്കുറിച്ചുള്ള ഒരു അടിസ്ഥാന ധാരണ രൂപീകരിക്കുന്നു. ഇതിനു പുറമെ ഒരാള്‍ക്ക് ജീവിതത്തില്‍ എത്രമാത്രം സാമ്പത്തിക റിസ്ക് എടുക്കാനുള്ള കഴിവുണ്ടെന്ന് മനസ്സിലാക്കാനുള്ള ഒരു ചോദ്യാവലിയും പൂരിപ്പിച്ച് അതില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുന്നു. ഇത് ഒരു ഡോക്ടര്‍ ഒരു രോഗിക്ക് അടിസ്ഥാനപരമായി കുറച്ച് ടെസ്റ്റുകള്‍ നിര്‍ദ്ദേശിക്കുന്നതിനു തുല്യമാണ്. രക്തം, മൂത്രം എന്നിങ്ങനെയുള്ളവ പരിശോധിക്കുന്നതില്‍ നിന്നും പ്രഥമ വിശകലനത്തിനുള്ള വിവരങ്ങള്‍ ലഭിക്കുന്നതുപോലെ.
ഗോള്‍ പ്ലാനിംഗ്
ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ലക്ഷ്യങ്ങള്‍ ഇല്ലാത്തവര്‍ ചുരുക്കമാണ്. മിക്ക ജീവിത ലക്ഷ്യങ്ങള്‍ക്കും പണമൊരു ഘടകമാണ്. ഓരോ ജീവിത ലക്ഷ്യത്തിലേക്കും എത്ര പണം വേണ്ടി വരുമെന്ന് മനസ്സിലാക്കി അതിനുള്ള ഒരു സമാഹരണ തന്ത്രം രൂപീകരിക്കലാണ് ഗോള്‍ പ്ലാനിംഗ് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഒരാളുടെ കൈവശമുള്ള നിക്ഷേപങ്ങളും ഇനി ഭാവിയില്‍ ചെയ്യാന്‍ പോകുന്ന നിക്ഷേപങ്ങളും ആവശ്യത്തിനു വരുമാനം ലഭിക്കത്തക്ക രീതിയില്‍ വിന്യസിച്ച് യഥാസമയത്ത് സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുക എന്നതാണ് ഒരു പ്ലാനര്‍ ഇവിടെ നല്‍കുന്ന സേവനം.
അസറ്റ് അലോക്കേഷന്‍
അസറ്റ് അലോക്കേഷന്‍ അഥവാ ആസ്തിവിന്യാസമെന്നത് സുപ്രധാന തീരുമാനമാണ്. ഒരു പ്രത്യേക സമയത്ത് നമ്മുടെ ആസ്തിയുടെ എത്രമാത്രം വിന്യാസം ഓരോ ആസ്തിവര്‍ഗ്ഗത്തിലും ഉണ്ടായിരിക്കണമെന്ന തീരുമാനമാണ് ശരിക്കും മികച്ച നിക്ഷേപവരുമാനം അഥവാ വളര്‍ച്ച നേടിത്തരുന്നത്. വിപണിയുടെയും സാമ്പത്തിക മേഖലയുടെയും ഓരോ അവസ്ഥയിലും, മുന്നോട്ടുള്ള പലിശ നിരക്കിന്‍റെയും പണപ്പെരുപ്പത്തിന്‍റെയും സാദ്ധ്യതകള്‍ മുന്‍നിര്‍ത്തി മികച്ച തോതില്‍ ഓരോ ആസ്തിവര്‍ഗ്ഗത്തിലേക്കും നിക്ഷേപം വിന്യസിക്കുക എന്നത് ബുദ്ധിമുട്ടേറിയതും വളരെ സുപ്രധാനവുമായ ഒരു പ്രക്രിയയാണ്.
റിട്ടയര്‍മെന്‍റ് പ്ലാനിംഗ്
വിരമിക്കുന്നതിലേക്ക് എത്ര തുക വേണ്ടി വരുമെന്ന് കണക്കാക്കി അതിലേക്കായുള്ള നിക്ഷേപങ്ങള്‍ നിര്‍ദ്ദേശിക്കുക മാത്രമല്ല റിട്ടയര്‍മെന്‍റ് പ്ലാനിംഗ് കൊണ്ട് ഉദ്ദേശിക്കുന്നത്. റിട്ടയര്‍മെന്‍റിനു ശേഷമുള്ള ജീവിതച്ചിലവുകള്‍ക്കായുള്ള ധന സമാഹരണം, റിട്ടയര്‍മെന്‍റിനു ശേഷമുള്ള യാത്രകള്‍ക്കും ആരോഗ്യ പരിരക്ഷയ്ക്കുമായുള്ള തുക കണ്ടെത്തല്‍, റിട്ടയര്‍മെന്‍റിന് മുമ്പും ശേഷവുമുള്ള ടാക്സ് പ്ലാനിംഗ്, ഇതിനായുള്ള നിക്ഷേപ വിന്യാസം, ഓരോ സമയത്തും ഏത് ആസ്തി വര്‍ഗ്ഗത്തില്‍ നിന്നും പണം പിന്‍വലിക്കണമെന്നുള്ള തീരുമാനങ്ങള്‍, വിരമിച്ചതിനു ശേഷമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് മാനേജ്മെന്‍റ്, അടുത്ത തലമുറയ്ക്കായി മാറ്റി വെയ്ക്കാനുദ്ദേശിക്കുന്ന തുകയുടെ സമാഹരണവും നിയന്ത്രണവും എന്നിങ്ങനെ അനേകം കാര്യങ്ങള്‍ റിട്ടയര്‍മെന്‍റ് പ്ലാനിംഗില്‍ ഉള്‍പ്പെടും. കേള്‍ക്കുമ്പോള്‍ അനായാസമെന്ന് തോന്നുമെങ്കിലും റിട്ടയര്‍മെന്‍റ് പ്ലാനിംഗ് എന്നത് തികച്ചും സങ്കീര്‍ണ്ണമാണ്.
ഇന്‍ഷുറന്‍സ് പ്ലാനിംഗ്
ഒരാള്‍ക്ക് എത്രമാത്രം ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന് കണക്കാക്കി അതിനായി ഏതു പോളിസികള്‍ തിരഞ്ഞെടുക്കണമെന്നു പറഞ്ഞു തരുന്നതാണ് ഇന്‍ഷുറന്‍സ് പ്ലാനിംഗ്. ഇതില്‍ ലൈഫ് ഇന്‍ഷുറന്‍സും ആരോഗ്യ ഇന്‍ഷുറന്‍സും ഉള്‍പ്പെടും. രണ്ടിന്‍റെയും വിശകലനവും കണക്കു കൂട്ടലും രണ്ടു രീതിയിലാണ.് ഇന്‍ഷുറന്‍സിന്‍റെ തിരഞ്ഞെടുപ്പില്‍ പല പ്രധാന ഘടകങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്. ഇന്‍ഷുറന്‍സ് കവര്‍ നിശ്ചയിക്കുക എന്നത് സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. ഇന്‍ഷുറന്‍സ് പ്രധാനമായും പരിരക്ഷയ്ക്ക് മാത്രമാണ് ഉപയോഗിക്കുക. നിക്ഷേപമെന്ന
ലക്ഷ്യം ഇന്‍ഷുറന്‍സിലൂടെ പ്ലാന്‍ ചെയ്യാറില്ല. ഒരാള്‍ക്ക് കൈവശമുള്ള പോളിസികള്‍ വിശകലനം ചെയ്യുന്നത് ഈ പ്രക്രിയയില്‍ ഉള്‍പ്പെടുന്നില്ല.
ഇന്‍ഷുറന്‍സ് പോളിസി മാനേജ്മെന്‍റ്
ഒരാള്‍ക്ക് തന്‍റെ കൈവശമുള്ള പോളിസികള്‍ വിശകലനം ചെയ്യാന്‍ ആഗ്രഹമുണ്ടെങ്കില്‍ അതിന് ഈ സേവനം ആവശ്യപ്പെടാം. ഒരു പോളിസിയുടെ എല്ലാ വശങ്ങളും അതിന്‍റെ ഗുണവും ദോഷവും മനസ്സിലാക്കിയിട്ടാവില്ല ഒരാള്‍ പോളിസി എടുക്കുന്നത്. നിക്ഷേപിക്കുന്ന ഫണ്ട്, അതിന്‍റെ നിയന്ത്രണം, മെച്യുരിറ്റിയില്‍ പണം തിരിച്ചെടുക്കാനുള്ള ഓപ്ഷനുകള്‍, പ്രീമിയം അടയ്ക്കേണ്ട രീതി, യൂലിപ്പ് പ്ലാനുകളുടെ നിയന്ത്രണം എന്നിങ്ങനെ ഇന്‍ഷുറന്‍സ് മാനേജ്മന്‍റ് എന്നത് വിശാലമായ ഒരു വിഷയമാണ്. നിക്ഷേപ വിശകലനം പോലെത്തന്നെ പ്രധാന്യം ഇതിനുണ്ട്.
നിക്ഷേപ വിശകലനം
ആസ്തി വിന്യാസത്തിനു ശേഷം നിക്ഷേപത്തിനായി മുതിരുമ്പോള്‍ രണ്ടു കാര്യങ്ങള്‍ ചെയ്യേണ്ടതായി വരും. ഒന്ന് ഇപ്പോള്‍ കൈവശമുള്ള നിക്ഷേപങ്ങളെ സസൂക്ഷ്മം പഠിക്കുക. ഇവയെ നിലനിര്‍ത്തേണ്ടതും അല്ലാത്തതുമായി തരം തിരിച്ചതിനു ശേഷം ഇവയെ അടിസ്ഥാനമാക്കി പുതിയാതായി ചെയ്യാനുദ്ദേശിക്കുന്ന നിക്ഷേപങ്ങളെ വിശകലനം ചെയ്യണം. ഉദാ: ഇപ്പോള്‍ നിക്ഷേപങ്ങള്‍, ബോണ്ട് നിക്ഷേപങ്ങള്‍, ചിട്ടികള്‍,മ്യൂച്വല്‍ ഫണ്ടുകള്‍, ഓഹരികള്‍, സ്വര്‍ണ്ണ നിക്ഷേപങ്ങള്‍, റിയല്‍ എസ്റ്റേറ്റ് നിക്ഷേപങ്ങള്‍ എന്നിങ്ങനെ എല്ലാം പഠിക്കുകയും, നിര്‍ദ്ദിഷ്ട ആസ്തിവിന്യാസമനുസരിച്ച് ഗവേഷണ വിധേയയമായ നിക്ഷേപങ്ങള്‍ നിക്ഷേപത്തിനായി ഉള്‍പ്പെടുത്തുക എന്നതും ഈ പ്രക്രിയയില്‍ ഉള്‍പ്പെടും. പോര്‍ട്ട്ഫോളിയോ അനാലിസിസ്, ഇക്കണോമിക് അനാലിസിസ് എന്നിങ്ങനെ വളരെയധികം സങ്കീര്‍ണ്ണമാണ് ഈ സേവനം. സാമ്പത്തിക ആസൂത്രണത്തിലെ പ്രധാനപ്പെട്ട ഒരു പ്രക്രിയ കൂടിയാണിത്.
ലോണ്‍ മാനേജ്മന്‍റ്
വായ്പകള്‍ എല്ലാവര്‍ക്കും ഒരു തലവേദന തന്നെയാണ്. എന്നാല്‍ ചിലപ്പോള്‍ വായ്പകള്‍ കൊണ്ട് ഗുണങ്ങളും ഉണ്ടാകാറുണ്ട്. ഫലപ്രദമായി വിനിയോഗിച്ചാല്‍ വായ്പകള്‍ കൊണ്ട് ഒരാള്‍ക്ക് നേട്ടമുണ്ടാക്കാം. മറിച്ച് ഒരാളുടെ സാമ്പത്തിക സ്ഥിതി തകരാനും വായ്പകള്‍ കാരണമാകാറുണ്ട്. വായ്പകളുടെ ഫലപ്രദമായ നിയന്ത്രണം സാമ്പത്തികാസൂത്രണത്തിന്‍റെ പ്രധാന സേവനങ്ങളില്‍ ഒന്നാണ്. ഇപ്പോള്‍ ഉള്ള വായ്പകള്‍ അടച്ചു തീര്‍ക്കാനുള്ള തന്ത്രങ്ങള്‍ക്കു പുറമെ പുതിയ വായ്പ തീരുമാനങ്ങളും ഇതിലുള്‍പ്പെടും.
ടാക്സ് പ്ലാനിംഗ്
ഒരു വരുമാന പരിധിക്കപ്പുറം നികുതി എല്ലാവരെയും അലട്ടുന്ന ഒന്നാണ്. വരുമാനത്തില്‍ മാത്രമല്ല, നിക്ഷേപത്തിലും മറ്റ് സാമ്പത്തിക ഇടപാടുകളിലും നികുതി നമ്മെ വേട്ടയാടാറുണ്ട്. ഓരോ സാമ്പത്തിക തീരുമാനത്തിലും നികുതിയുടെ സ്വാധീനം മനസിലാക്കിയാല്‍ നഷ്ടങ്ങള്‍ കുറയ്ക്കാനും അതുവഴി ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ത്തന്നെ ചിലപ്പോള്‍ ഒരുപാട് നികുതി ലാഭിക്കാനും കഴിഞ്ഞേക്കാം. സാമ്പത്തിക ആസൂത്രണത്തില്‍ നികുതിയുടെ പ്ലാനിംഗ് ഒരു അവിഭാജ്യ ഘടകമാണ്.
ക്യാഷ് ഫ്ളോ മാനേജ്മെന്‍റ്
നമ്മുടെ വരവ്, ചിലവുകള്‍, ഓരോ സാമ്പത്തിക ലക്ഷ്യത്തിലേക്കുള്ള ധന വിനിയോഗം, നികുതി എന്നിങ്ങനെ കിട്ടുന്നതും കൊടുക്കുന്നതുമായ പണം ചിട്ടയോടെ നിയന്ത്രിക്കലാണ് ക്യാഷ് ഫ്ളോ മാനേജ്മെന്‍റിലൂടെ സാധ്യമാകുന്നത്. എന്തെങ്കിലുമൊരു ആവശ്യത്തിനായി പണം ആവശ്യമായി വരുമ്പോള്‍ അത് എവിടെ നിന്ന് കണ്ടെത്തണമെന്നുള്ള തീരുമാനം, അതിനു ശേഷമുള്ള പുനഃക്രമീകരണം എന്നിവ ക്യാഷ് ഫ്ളോ മാനേജ്മെന്‍റില്‍ ഉള്‍പ്പെടുക.
ആക്ഷന്‍ പ്ലാന്‍
ഒരു സാമ്പത്തിക ആസൂത്രണത്തിനായുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയതിനു ശേഷം അത് ചിട്ടയോടെ നടപ്പാക്കുന്നതിനായുള്ള രൂപരേഖ തയ്യാറാക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഓരോ നിക്ഷേപവും, ലോണ്‍ ക്രമീകരണവും, നികുതി പ്ലാനിംഗും നടപ്പാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നുള്ള പ്രായോഗിക നിര്‍ദ്ദേശവും അത് എവിടെ നിന്ന് ലഭിക്കുമെന്നുള്ള വിവരവും അടങ്ങുന്ന രേഖയാണ് ആക്ഷന്‍ പ്ലാന്‍.
റിവ്യൂ അഥവാ പുനരവലോകനം
സാമ്പത്തിക ആസൂത്രണവുമായി ബന്ധപ്പെട്ട നാം നടത്തിയിടുള്ള നിക്ഷേപങ്ങളെയും, എടുത്ത തീരുമാനങ്ങളെയും നിരന്തരം അവലോകനം ചെയ്ത് അതില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനാണ് ഈ പ്രക്രിയ. ചിലര്‍ പ്ലാന്‍ മാത്രം ചെയ്യുകയും അതിനു ശേഷമുള്ള അവലോകനങ്ങള്‍ അവഗണിക്കുകയും ചെയ്യും. ഇതുകൊണ്ട് സാമ്പത്തികാസൂത്രണത്തിന്‍റെ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല. ഫലപ്രദമായ പുനരവലോകനങ്ങളാണ് സാമ്പത്തിക ആസൂത്രണത്തെ വിജയത്തിലേക്ക് നയിക്കുന്നത്.
വാല്‍ക്കഷ്ണം: സാമ്പത്തിക ആസൂത്രണം വളരെ സങ്കീര്‍ണ്ണവും അത്യന്താപേക്ഷിതവുമായ ഒരു സേവനമാണ്. മേല്പറഞ്ഞ പ്രക്രിയകളെല്ലാം സാമ്പത്തിക ആസൂതണത്തിന്‍റെ അവിഭാജ്യ ഘടകങ്ങളാണ്. സാമ്പത്തിക മേഖല കൂടുതല്‍ സങ്കീര്‍ണ്ണമാകുമ്പോള്‍ മികച്ച ആസൂത്രണത്തിലൂടെ മാത്രമേ നഷ്ടങ്ങള്‍ കുറച്ച് ഒരാള്‍ക്ക് തന്‍റെ സാമ്പത്തിക ലക്ഷ്യത്തിലേക്കെത്താന്‍ സാധിക്കൂ.