വിപണി അതിരുകടന്ന ആവേശത്തിലോ?

0
1525
Stock market bull

‘ബുള്‍ മാര്‍ക്കറ്റുകള്‍ നിരാശയില്‍ ജനിക്കുന്നു, സന്ദേഹത്തില്‍ വളരുന്നു, ശുഭാപ്തിവിശ്വാസത്തില്‍ പക്വത പ്രാപിക്കുന്നു, അമിതാവേശത്തില്‍ ചെന്നവസാനിക്കുന്നു,’ വിഖ്യാത നിക്ഷേപകനായ ജോണ്‍ ടെമ്പിള്‍ടണ്ണിന്‍റേതാണ ് ഈ വാക്കുകള്‍. ഈപ്പോള്‍ ഓഹരിവിപണിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ചലനങ്ങള്‍ അദ്ദേഹത്തിന്‍റെ വാക്കുകളെ സാധൂകരിക്കുന്നതാണ്. നിഫ്റ്റി മാര്‍ച്ചിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ നിന്ന് 16 ശതമാനത്തോളം ഉയര്‍ന്ന് പുതിയ റെക്കോര്‍ഡ് ഉയരങ്ങള്‍ സൃഷ്ടിച്ചു.

വിപണിയിലെ നിരാശയും റാലിയുടെ പിറവിയും


2020 മാര്‍ച്ചില്‍ കോവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് നിഫ്റ്റി 7511 ലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ വീഴ്ച സൃഷ്ടിച്ച നിരാശയില്‍ നിന്നാണ് നിലവിലുള്ള ബുള്‍ തരംഗത്തിന്‍റെ പിറവി. തുടര്‍ന്നുള്ള പതിനെട്ട് മാസങ്ങളില്‍ വിപണിയില്‍ സംഭവിച്ചത് ഒരു വണ്‍-വേ റാലി ആയിരുന്നു, അത് 2021 ഒക്ടോബറില്‍ നിഫ്റ്റിയെ 18604 വരെ എത്തിച്ചു. പിന്നീട് ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന സമയം വലിയ ചലനങ്ങള്‍ക്കു മുതിരാതെ അടുത്ത കുതിപ്പിനുള്ള ഊര്‍ജ്ജം സംഭരിക്കുകയിരുന്നു ബുള്‍ എന്നു വേണം കരുതാന്‍. ബുള്‍ ഇപ്പോള്‍ കുതിപ്പിലാണ് എന്നാല്‍ അമിതാവേശത്തിന്‍റെ ഘട്ടത്തിലെത്തിയിട്ടില്ല.

ബുള്‍ റാലി ഒരു ആഗോള പ്രതിഭാസമാണ്


സമീപകാല റാലി ആശ്ചര്യപ്പെടുത്തിയില്ലെങ്കിലും, റാലിയുടെ കരുത്ത് മിക്ക നിക്ഷേപകരെയും അത്ഭുതപ്പെടുത്തി. ഈ റാലിയെ നയിക്കുന്നത് രണ്ട് ഘടകങ്ങളാണ്: ഒന്ന്, ആഗോളവും രണ്ട്, ആഭ്യന്തരവും. ഇന്ത്യയിലെ വിപണികള്‍ക്കു സമാനമായി മറ്റു രാജ്യങ്ങളിലെ വിപണികളിലും ശക്തമായ റാലി ദൃശ്യമാണ്. മാതൃവിപണി യുഎസില്‍, എസ്ആന്‍റ്പി500 52-ആഴ്ചയിലെ ഉയര്‍ന്ന നിലയിലാണ്; യൂറോ സ്റ്റോക്സ് 50യും 52-ആഴ്ചയിലെ ഉയര്‍ന്ന നിലയിലാണ്; ജര്‍മ്മനി മാന്ദ്യത്തിലാണെങ്കിലും, എന്നാല്‍ ഡാക്സ് 52ആഴ്ചയിലെ ഉയര്‍ന്ന നിലയിലാണ്; ഫ്രഞ്ച് സിഎസി 52-ആഴ്ചയിലെ ഉയര്‍ന്ന നിലയിലാണ്; ജാപ്പനീസ് നിക്കി ഈ വര്‍ഷത്തില്‍ ഇതുവരെ 24 ശതമാനം റിട്ടേണുമായി കുതിക്കുന്നു; ദക്ഷിണ കൊറിയ, തായ്വാന്‍ സൂചികകളും 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇന്ത്യയില്‍ നിഫ്റ്റിയും സെന്‍സെക്സും റെക്കോര്‍ഡ് ഉയരത്തിലാണ്. ഇതൊരു ആഗോള റാലിയാണെന്നത് വ്യക്തമാണ്.

ഭയന്നത് സംഭവിച്ചില്ല


വിപണി പലപ്പോഴും അമിതമായി പ്രതികരിക്കും, മുകളിലോട്ടും താഴോട്ടും. യാഥാര്‍ത്ഥ്യം വെളിപ്പെടുമ്പോള്‍ വിപണി തിരുത്തലുകള്‍ക്ക് വിധേയമാകും. കഴിഞ്ഞ വര്‍ഷം, ആഗോളതലത്തില്‍, വികസിത രാജ്യങ്ങളില്‍ വലിയ ഇടിവോടെ വിപണികള്‍ തിരുത്തപ്പെട്ടു. മാതൃവിപണി യുഎസില്‍, നാസ്ഡാക്ക് 30 ശതമാനത്തിലധികം കുറഞ്ഞു. യുഎസ് സെന്‍ട്രല്‍ ബാങ്ക് ഫെഡിന്‍റെ കടുത്ത നിരക്കുവര്‍ദ്ധനവിനോട് വിപണികള്‍ ശക്തമായി പ്രതികരിച്ചു. 2023-ല്‍, ഒരുപക്ഷേ 2023-ന്‍റെ മധ്യത്തോടെ അമേരിക്കന്‍ സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്ക് നീങ്ങി ആഗോള വളര്‍ച്ചയെത്തന്നെ ബാധിക്കുമെന്ന് വിപണി ഭയന്നിരുന്നു. ഒരു യുഎസ് മാന്ദ്യം സുനിശ്ചിതമെന്ന് ഭൂരിഭാഗം സാമ്പത്തിക വിദഗ്ധരും വിപണി വിദഗ്ധരും കരുതി; അമേരിക്കന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ‘ഹാര്‍ഡ് ലാന്‍ഡിംഗ്’ ഉണ്ടാകുമെന്ന് പലരും ഭയപ്പെട്ടു. പക്ഷെ 2023 ല്‍ വിപണികള്‍ ഈ ആശങ്കയെ മറികടക്കുകയാണ്.

യാഥാര്‍ത്ഥ്യം എന്താണ്? അമേരിക്കയില്‍ മാന്ദ്യത്തിന്‍റെ ലക്ഷണങ്ങള്‍ എവിടെയും കാണാനില്ല: 2023 ലെ ആദ്യ പാദത്തിലെ 2 ശതമാനം ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചതിനേക്കാള്‍ 50 ശതമാനം കൂടുതലാണ്. 2022 ജൂണില്‍ 9.2 ശതമാനം ആയിരുന്ന പണപ്പെരുപ്പം ഇപ്പോള്‍ 3 ശതമാനമായി കുറഞ്ഞതോടെ ഫെഡിന്‍റെ പണനയം ഫലം കണ്ടു എന്നു വേണം കരുതാന്‍. തൊഴിലില്ലായ്മ 50 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6 ശതമാനത്തില്‍ തുടരുന്നു. ‘മാന്ദ്യം ഒഴിവാകുന്നതിന്നാണ് മാന്ദ്യം സംഭവിക്കുന്നതിനേക്കാള്‍ കൂടുതല്‍ സാധ്യത’ എന്ന ഫെഡറല്‍ ചീഫ് ജെറോം പവലിന്‍റെ പരാമര്‍ശത്തെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റാലി സ്ഥിരീകരിക്കുന്നു.

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ശക്തമായ നിലയില്‍


ഇന്ത്യയെ സംബന്ധിച്ചിടത്തോളം മെച്ചപ്പെട്ടതും ശക്തവുമായ സാമ്പത്തികരംഗവും അതില്‍ ആകൃഷ്ടരായ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകരുടെ വന്‍ നിക്ഷേപവുമാണ് റാലിയെ നിലനിര്‍ത്തുന്ന ആഭ്യന്തര ഘടകങ്ങള്‍. മികച്ച ജിഡിപി വളര്‍ച്ച, കുറയുന്ന കറന്‍റ് അക്കൗണ്ട് കമ്മി, സ്ഥിരതയുള്ള കറന്‍സി, വിവിധ മേഖലകളിലെ ഉയര്‍ന്ന വളര്‍ച്ചാസൂചികകള്‍ (പിഎംഐ ), ജിഎസ്ടിയിലെ സുസ്ഥിരമായ വളര്‍ച്ച, നേരിട്ടുള്ള നികുതി പിരിവിലെ വളര്‍ച്ച, മികച്ച വായ്പാ വളര്‍ച്ച എന്നീ ഘടകങ്ങളെല്ലാം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ മികച്ചതാക്കി മാറ്റിയിരിക്കുകയാണ്.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഈ വര്‍ഷം സ്വീകരിച്ച ‘സെല്‍ ഇന്ത്യ ബയ് ചൈന’ എന്ന തന്ത്രത്തില്‍ നിന്ന് കഴിഞ്ഞ മൂന്നുമാസത്തിനിടെ ‘സെല്‍ ചൈന ബയ് ഇന്ത്യ’ എന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറി. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ തങ്ങളുടെ നിക്ഷേപ തന്ത്രത്തില്‍ എടുത്ത ഈ യൂ-ടേണ്‍ ആണ് ഇപ്പോഴുള്ള റാലിക്ക് തുടക്കമിട്ട പ്രധാന ഘടകം. 2023-ന്‍റെ തുടക്കത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചപ്പോള്‍ ഉണ്ടായ പ്രാരംഭ ആവേശം നിലനിര്‍ത്താന്‍ ചൈനയ്ക്ക് സാധിച്ചില്ല. പ്രധാനപ്പെട്ട സൂചകങ്ങളെല്ലാം ചൈനീസ് സമ്പദ്വ്യവസ്ഥ കുത്തനെ മന്ദഗതിയിലാകുന്നതായി സൂചിപ്പിക്കുന്നു. തല്‍ഫലമായി ചൈനയിലെ നിക്ഷേപത്തിനുള്ള സാധ്യതയും മങ്ങുന്നു. കൂടാതെ, വികസിത രാജ്യങ്ങള്‍, പ്രത്യേകിച്ച് യുഎസ് പിന്തുടരുന്ന ചൈന പ്ലസ് വണ്‍ നയത്തിന്‍റെ ദീര്‍ഘകാല ഗുണഭോക്താവായി വിദേശ നിക്ഷേപകര്‍ ഇന്ത്യയെ ഇപ്പോള്‍ കണക്കാക്കുന്നു. ഇന്ത്യയ്ക്കനുകൂലമായ ഈ സ്ട്രാറ്റജി മാറ്റമാണ് ഇന്ത്യയിലേക്ക് വന്‍തോതിലുള്ള എഫ്പിഐ ഒഴുക്കിന് കാരണമായത്. 2023-ലെ ആദ്യ 2 മാസങ്ങളില്‍ 34626 കോടി രൂപയ്ക്ക് ഓഹരികള്‍ വിറ്റ എഫ്പിഐകള്‍ വന്‍തോതില്‍ വാങ്ങുന്നവരായി മാറുകയും മെയ്, ജൂണ്‍ മാസങ്ങളില്‍ യഥാക്രമം 43838 രൂപയ്ക്കും 47148 കോടി രൂപയ്ക്കും ഓഹരികള്‍ വാങ്ങുകയും ചെയ്തു. ഈ വാങ്ങല്‍ പ്രവണത ജൂലൈയിലും തുടരുന്നു.

19600-ല്‍, നിഫ്റ്റി 2024 സാമ്പത്തിക വര്‍ഷത്തില്‍ ഇപ്പോള്‍ കണക്കാക്കുന്ന നിഫ്റ്റി ഇപിഎസിന്‍റെ 20 മടങ്ങ് മുകളിലാണ് വ്യാപാരം ചെയ്യുന്നത്. ഇന്ത്യയുടെ തിളക്കമാര്‍ന്ന വളര്‍ച്ചാസാധ്യതകള്‍ കണക്കിലെടുക്കുമ്പോള്‍, ചരിത്രപരമായ പി/ഇ മള്‍ട്ടിപ്ള്‍ 16-നേക്കാള്‍ ഉയര്‍ന്ന മൂല്യനിര്‍ണ്ണയം ഇന്ത്യ അര്‍ഹിക്കുന്നു. എന്നാല്‍ സമീപകാല വീക്ഷണകോണില്‍, പി/ഇ മള്‍ട്ടിപ്ള്‍ 20-ല്‍ നില്‍ക്കുമ്പോള്‍, വിപണി ഫണ്ടമെന്‍റല്‍സിനേക്കാള്‍ അല്‍പ്പം മുന്നിലാണ്. അമിതാവേശത്തിന്‍റെ ഘട്ടമായില്ലെങ്കിലും നിക്ഷേപകര്‍ ജാഗ്രത പാലിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here