വിപണിയുടെ തളര്‍ച്ചയിലും കുലുങ്ങാതെ മ്യൂച്വല്‍ ഫണ്ട് വിപണി

0
1205
Mutual funds

2022 ഡിസംബര്‍ പകുതി പിന്നിടുന്നതു വരെ ഇന്ത്യന്‍ ഓഹരി വിപണി തിളക്കമാര്‍ന്ന പ്രകടനം നിലനിര്‍ത്തി പോന്നിരുന്നുവെങ്കിലും തുടര്‍ന്നങ്ങോട്ട് ചെറിയ തളര്‍ച്ച കാണിക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യമാണ്. 2023ലെ ആദ്യ ട്രേഡിങ്ങ് ദിനമായ ജനുവരി 2ന് 61,167 എന്ന നിലയില്‍ വ്യാപാരം അവസാനിപ്പിച്ച ബി എസ് ഇ സെന്‍സെക്സ് ജനുവരി അവസാന ട്രേഡിങ്ങ് നാളില്‍ 59,549 പോയിന്‍റിലെത്തുകയും ഫെബ്രുവരി 28ന് വീണ്ടും ഇറങ്ങി 58,962 നിലവാരത്തിലെത്തുകയും ചെയ്തിരിക്കുന്നു. ഇതായത് ഈ വര്‍ഷം ഇതുവരെ നഷ്ടം 2205 പോയിന്‍റ്.

വിദേശധനകാര്യ സ്ഥാപനങ്ങള്‍ വിറ്റുമാറുന്നതും ഉയര്‍ന്ന നാണ്യപ്പെരുപ്പവും വര്‍ധിച്ചുവരുന്ന പലിശനിരക്കും, എല്ലാത്തിനും പുറമെ അദാനി ഗ്രൂപ്പ് കമ്പനികളുമായി ബന്ധപ്പെട്ടു വന്ന നെഗറ്റീവ് വാര്‍ത്തകളുമെല്ലാം തന്നെ വിപണിയെ ചെറുതായി തളര്‍ത്തുകയുണ്ടായി. ഈ കാലവളവില്‍ എക്സ്ചേഞ്ചുകളിലെ വ്യാപാരത്തിന്‍റെ അളവിലും കുറവുണ്ടായി.

അതേസമയം മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ കാണാന്‍ സാധിച്ചത് ചില നല്ല സൂചനകളായിരുന്നുവെന്നത് എടുത്തുപറയേണ്ട കാര്യമാണ്. വിപണി ചെറുതായി ബെയറിഷ് ട്രെന്‍ഡ് കാണിച്ചു തുടങ്ങിയതിന് പുറമെ ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ക്കും മറ്റു സ്മോള്‍ സേവിഗ്സുകള്‍ക്കുമെല്ലാം പലിശ നിരക്ക് ഉയര്‍ന്നിട്ടു പോലും നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്ന് വേണം കരുതാന്‍. അസ്സോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ അഥവാ ആംഫി ഒടുവില്‍ പുറത്തുവിട്ട കണക്കനുസരിച്ച് റിട്ടേയില്‍ നിക്ഷേപകര്‍ ഏറെ താല്‍പര്യം കാണിച്ചു വരുന്ന സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാന്‍ അഥവാ എസ് ഐ പികളില്‍ നടക്കുന്ന പ്രതിമാസ നിക്ഷേപം 2023 ജനുവരിയില്‍ 13,856 കോടി രൂപ എന്ന പുതിയ റെക്കോര്‍ഡിട്ടിരിക്കുന്നു. അതായത് 2022 ഡിസംബര്‍ മാസത്തെ അപേക്ഷിച്ച് 283 കോടി രൂപ കൂടുതല്‍. തുടര്‍ച്ചയായി നാലാമത്തെ മാസമാണ് പ്രതിമാസം എസ് ഐ പികളില്‍ വന്നു ചേരുന്ന നിക്ഷേപം 13,000 കോടി രൂപയ്ക്ക് മുകളില്‍ പോയിക്കൊണ്ടിരിക്കുന്നത്. 22.65 ലക്ഷം പുതിയ എസ് ഐ പികള്‍ 2023 ജനുവരിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു. രാജ്യത്താകമാനം ഇതുവരെ 6.22 കോടി എസ് ഐ പി എക്കൗണ്ടുകള്‍ തുറക്കപ്പെട്ടിട്ടുണ്ട് എന്നതാണ് കണക്ക്.

ഒരു വശത്ത് ഓഹരി എന്നത് താരതമ്യേന റിസ്ക് കൂടിയ നിക്ഷേപ മാര്‍ഗമാണ് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുന്നു. മറുവശത്ത് മുകളില്‍ സൂചിപ്പിച്ച പോലെ സുരക്ഷിതമായ സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള റിട്ടേണ്‍ സാമാന്യം ഭേദപ്പെട്ട നിലയിലാണെന്ന സാഹചര്യവും നിലവിലുണ്ട്. എങ്കില്‍ പോലും മ്യൂച്വല്‍ ഫണ്ട് വിപണിയിലേക്ക് നിക്ഷേപകര്‍ ആകര്‍ഷിക്കപ്പെടുന്ന ഘടകങ്ങള്‍ എന്തൊക്കെയാണെന്ന് ആമുഖമായി പരിശോധിക്കാം.

നിക്ഷേപത്തിലെ വൈവിധ്യവല്‍ക്കരണം

ഓഹരികളിലാകട്ടെ കടപ്പത്രങ്ങളിലോ ബോണ്ടുകളിലോ ആവട്ടെ നിക്ഷേപകരുടെ പണം എത്തിച്ചേരുന്നത് വ്യത്യസ്ത കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സെക്യൂരിറ്റികളിലാണ്. ഉദാഹരണത്തിന് ഇന്ത്യയിലെ മുന്‍നിര കമ്പനികളുടെ ഓഹരികളില്‍ മാത്രം നിക്ഷേപം അനുവദിക്കപ്പെട്ട ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ ശരാശരി 50 മുതല്‍ 70 വരെ കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപം നടക്കുന്നതായി കാണാം. അതായത് ഒന്നോ രണ്ടോ കമ്പനികളില്‍ മാത്രമായി ഉയര്‍ന്ന റിസ്കില്‍ നേരിട്ട് നിക്ഷേപിക്കുന്നതിന് പകരം വ്യത്യസ്ത അനുപാതത്തില്‍ 50 ലധികം ഓഹരികളിലായി വിന്യസിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും റിസ്ക് വലിയ അളവില്‍ നിയന്ത്രണ വിധേയമാകുന്നു എന്ന് സാരം.

പ്രൊഫഷണലുകളായ ഫണ്ട് മാനേജര്‍മാരുടെ സേവനം

ഏതെല്ലാം ഓഹരികളില്‍ അഥവാ ബോണ്ടുകളില്‍ നിക്ഷേപിക്കണം എന്നുള്ളത് തികച്ചും പ്രൊഫഷണലുകളും അക്കാദമിക് യോഗ്യതകളുമുള്ള ഫണ്ട് മാനേജര്‍മാരെ ഏല്‍പിക്കാന്‍ സാധിക്കുന്നു എന്നുള്ള വലിയ ഒരു നേട്ടം നിക്ഷേപകര്‍ക്കുണ്ട്. സാധാരണ വ്യക്തികളെ സംബന്ധിച്ചിടത്തോളം മികച്ചവയേതെന്ന് തിരഞ്ഞെടുക്കുവാനുള്ള അറിവോ അതിനുള്ള സമയമോ ഉണ്ടായിക്കൊള്ളണമെന്നില്ല.

തിരഞ്ഞെടുക്കാന്‍ ധാരാളം വിഭാഗങ്ങളും ഉപവിഭാഗങ്ങളും

ഓരോ നിക്ഷേപകനും തങ്ങള്‍ക്ക് അനുയോജ്യമായ സ്കീമുകള്‍ തിരഞ്ഞെടുക്കുവാന്‍ കഴിയുന്ന തരത്തിലുള്ള ധാരാളം വിഭാഗങ്ങളും ഉപവിഭാഗങ്ങളും മ്യൂച്വല്‍ ഫണ്ടുകളിലുണ്ട്. ഓഹരിയധിഷ്ഠിത വിഭാഗത്തില്‍ 11 സ്കീമുകളും ഡെറ്റ് വിഭാഗത്തില്‍ 16 തരം സ്കീമുകളും ഓഹരിയും ഡെറ്റ് ചേര്‍ന്ന് വരുന്ന ഹൈബ്രിഡ് വിഭാഗത്തില്‍ 7 തരം സ്കീമുകളും നിലവിലുണ്ട്. ഓരോ നിക്ഷേപകന്‍റെയും റിസ്ക് എടുക്കുന്നതിനുള്ള കഴിവ്, നിക്ഷേപ കാലാവധി, നിക്ഷേപ ലക്ഷ്യം മുതലായ ഘടകങ്ങള്‍ക്കനുസൃതമായി ഏതെങ്കിലും ഒരു വിഭാഗമോ അതല്ലെങ്കില്‍ ഒന്നിലധികം വിഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന ഒരു പോര്‍ട്ട്ഫോളിയോ തന്നെയോ വികസിപ്പിച്ചെടുക്കാവുന്നതാണ്.

ലളിതവും ലഘുവുമായ ടാക്സേഷന്‍

ഇതര നിക്ഷേപ മാര്‍ഗങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ താരതമ്യേന ലഘുവും ലളിതവുമായ നികുതി ബാധ്യതയാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളിലുള്ളത്. ഇക്വിറ്റി വിഭാഗങ്ങള്‍ക്കും ഡെറ്റ് വിഭാഗങ്ങള്‍ക്കും വെവ്വേറെ ടാക്സേഷന്‍ സമ്പ്രദായമാണുള്ളത്.

കര്‍ശനമായ റെഗുലേഷന്‍

സെബിയുടെ മേല്‍നോട്ടത്തിലാണ് മ്യൂച്വല്‍ ഫണ്ടുകള്‍ പ്രവര്‍ത്തിച്ചുവരുന്നത്. നിക്ഷേപകരുടെയും മ്യൂച്വല്‍ ഫണ്ട് കമ്പനികളുടെയും താല്‍പര്യം സംരക്ഷിക്കുന്നതിനായി ആംഫിയുടെ സാന്നിധ്യവും കൂടെയുണ്ട്. കര്‍ശനമായ റെഗുലേഷന്‍, താരതമ്യേന കുറഞ്ഞ നിരക്കിലുള്ള ചാര്‍ജുകളും ഫീസും എന്നിവയെല്ലാം തന്നെ മ്യൂച്വല്‍ ഫണ്ടുകളുടെ നേട്ടങ്ങളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

ആകെ കൈകാര്യം ചെയ്യപ്പെടുന്ന ആസ്തി 40 ലക്ഷം കോടി രൂപ, അതില്‍ തന്നെ 20 ലക്ഷം കോടി രൂപ കൂട്ടിച്ചേര്‍ക്കപ്പെട്ടത് കഴിഞ്ഞ വെറും 5 വര്‍ഷത്തിനുള്ളില്‍. ജനകീയമായ ഒരു നിക്ഷേപ മാര്‍ഗമായി ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ട് വിപണി വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

വിവിധ മ്യൂച്വല്‍ ഫണ്ടുകളെ പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ വരും ആഴ്ചകളില്‍.

First published in Malayala Manorama

LEAVE A REPLY

Please enter your comment!
Please enter your name here