കമ്പനിയെക്കുറിച്ചുള്ള വിശ്വാസയോഗ്യമായ വിവരങ്ങള്‍ എവിടെ ലഭിക്കും? ഓഹരി നിക്ഷേപത്തിന് തയ്യാറെടുക്കുന്നവര്‍ പലപ്പോഴും ഉന്നയിക്കുന്ന ചോദ്യമാണിത്. വഴിയുണ്ട്, കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് തരപ്പെടുത്തി വായിക്കാം.
ചോ:എന്താണ് വാര്‍ഷിക റിപ്പോര്‍ട്ട് ?
കമ്പനി അതിന്‍റെ ഓഹരി ഉടമകള്‍ ഉള്‍പ്പെടെയുള്ള തല്‍പര കക്ഷികളുടെ അറിവിലേക്കായി, കമ്പനിയുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന ഒരു ഒഫീഷ്യല്‍ പ്രമാണമാണ് വാര്‍ഷിക റിപ്പോര്‍ട്ട്. കമ്പനിയുടെ ബിസിനസ് മോഡല്‍, മാനേജ്മെന്‍റ്, ഡയറക്ടര്‍ ബോര്‍ഡ് മുതലായവയുടെ പ്രവര്‍ത്തന ശൈലി, പോയ വര്‍ഷങ്ങളിലെ ഫിനാന്‍ഷ്യല്‍ പ്രകടനം, ഏര്‍പ്പെട്ടിരിക്കുന്ന ബിസിനസ്സിന്‍റെ ഭാവി മുതലായ കാര്യങ്ങളെല്ലാം വാര്‍ഷിക റിപ്പോര്‍ട്ടില്‍ വിശദമായി പ്രതിപാദിച്ചിരിക്കും. ഒരേ സമയം കമ്പനിയുടെ ഓഹരി ഉടമകള്‍, ജീവനക്കാര്‍, ഉപഭോക്താക്കള്‍, വിതരണക്കാര്‍ മുതലായ എല്ലാ വിഭാഗങ്ങള്‍ക്കും കമ്പനിയെ പറ്റി ആഴത്തില്‍ മനസ്സിലാക്കാന്‍ വാര്‍ഷിക റിപ്പോര്‍ട്ട് സഹായിക്കുന്നു.
ചോ:
ധാരാളം പേജുകളുള്ള ഒരു പുസ്തക രൂപത്തിലാണ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറങ്ങുന്നത്. സാധാരണ നിക്ഷേപകര്‍ തങ്ങള്‍ക്ക് ആവശ്യമായ വിവരങ്ങള്‍ ഈ പുസ്തകത്തില്‍ നിന്നും ചികഞ്ഞെടുക്കുന്നതെങ്ങനെ?
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വാര്‍ഷിക റിപ്പോര്‍ട്ടിലെ താഴെ കൊടുത്തിരിക്കുന്ന ഉപതലക്കെട്ടുകള്‍ക്ക് കീഴില്‍ വരുന്ന വിവരങ്ങള്‍ മനസ്സിരുത്തി വായിക്കുക വഴി കമ്പനിയെക്കുറിച്ച് ഏതാണ്ട് വ്യക്തമായ ഒരു രൂപം ലഭിക്കുന്നതാണ്.
1 കമ്പനിയുടെ പ്രൊഫൈല്‍ അഥവാ അടിസ്ഥാന വിവരങ്ങള്‍:
വാര്‍ഷിക റിപ്പോര്‍ട്ടിന്‍റെ തുടക്കത്തില്‍ തന്നെ കമ്പനിയുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങള്‍ ലഭ്യമാണ്. കമ്പനി ഏര്‍പ്പെട്ടിരിക്കുന്ന വ്യവസായത്തിന്‍റെ ഭാവി, ഉപഭോക്താക്കളുടെ എണ്ണം, നില്‍കി വരുന്ന സേവനങ്ങളെയും ഉല്‍പന്നങ്ങളെയും സംബന്ധിച്ച വിവരങ്ങള്‍, രാജ്യത്തിനകത്തും പുറത്തുമുള്ള കമ്പനിയുടെ സാന്നിധ്യം മുതലായ വിവരങ്ങളെല്ലാം പ്രൊഫൈല്‍ പേജുകളില്‍ ലഭ്യമായിരിക്കും.
2 കമ്പനി ചെയര്‍മാന്‍ നല്‍കുന്ന സന്ദേശം:
പോയ വര്‍ഷം കമ്പനി പിന്തുടര്‍ന്നു പോന്ന നയപരിപാടികള്‍, അവ വിജയിപ്പിച്ചെടുക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍, കമ്പനി ഏര്‍പ്പെട്ടിരിക്കുന്ന വ്യവസായത്തില്‍ പൊതുവില്‍ വന്ന മാറ്റങ്ങളും വെല്ലുവിളികളും, വരും വര്‍ഷങ്ങളില്‍ ഏറ്റെടുത്തു നടത്താനുദ്ദേശിക്കുന്ന പദ്ധതികള്‍, അവ വിജയിപ്പിച്ചെടുക്കാനായി പിന്തുടരേണ്ട മാര്‍ഗരേഖകള്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ചെയര്‍മാന്‍ തന്‍റെ സന്ദേശത്തിലൂടെ വ്യക്തമാക്കുന്നു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുടെ കാഴ്ചപ്പാടുകളും ബോര്‍ഡിലെ മറ്റ് മെമ്പര്‍മാരുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങളും തുടര്‍ന്ന് വരുന്നു.
3 മാനേജ്മെന്‍റ് ഡിസ്കഷന്‍ ആന്‍റ് അനാലിസിസ് (എം ഡി ആന്‍റ് എ):
നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വാര്‍ഷിക റിപ്പോര്‍ട്ടിലെ ഏറ്റവും പ്രാധാന്യമേറിയ ഭാഗങ്ങളിലൊന്നാണ് എം ഡി ആന്‍റ് എ. കമ്പനി മാനേജ്മെന്‍റിന് തങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങള്‍ നേരിട്ട് ഓഹരി ഉടമകളുമായി സംവദിക്കുന്നത് എം ഡി ആന്‍റ് എ വഴിയാണ്. കമ്പനിയുടെ ശക്തിയും ദൗര്‍ബല്യവും ഭാവിയില്‍ വന്നു ചേരാനിടയുള്ള മികച്ച സാധ്യതകളുമെല്ലാം ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നു. ഏര്‍പ്പെട്ടിരിക്കുന്ന വ്യവസായത്തിന്‍റെ ഭാവി, കിടമല്‍സരം മറികടക്കുവാനുള്ള പോംവഴികള്‍, കമ്പനിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാവുന്ന റെഗുലേഷന്‍, ഗവണ്‍മെന്‍റ് നയങ്ങള്‍, പ്രമുഖ സ്ഥാനങ്ങളിലിരിക്കുന്ന ഉദ്യോഗസ്ഥരുടെ വിട്ടു പോവലും പുതുതായുള്ളവരുടെ വരവും, കമ്പനിയുടെ മൊത്തം ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍, വിവിധ സേവനങ്ങളില്‍ നിന്നും ഉല്‍പന്നങ്ങളില്‍ നിന്നും വന്ന വരുമാനത്തിന്‍റെ തരംതിരിച്ച കണക്കുകള്‍ എന്നു തുടങ്ങി കമ്പനിയുമായി ബന്ധപ്പെട്ട നിരവധി സുപ്രധാന വിവരങ്ങള്‍ എം ഡി ആന്‍റ് എ വായിക്കുക വഴി നിക്ഷേപകര്‍ക്ക് ലഭ്യമാവുന്നു.
4 കമ്പനിയുടെ കോര്‍പറേറ്റ് ഭരണം:
സുശക്തമായ ആഭ്യന്തര നിയന്ത്രണം നിലനില്‍ക്കുന്ന കമ്പനികളുടെ കോര്‍പറേറ്റ് ഗവര്‍ണന്‍സ് മികച്ചതായിരിക്കും. ബിസിനസ്സ് നടത്തിപ്പിലെ സുതാര്യത, സത്യസന്ധത, കൃത്യനിഷ്ഠ, ബോര്‍ഡില്‍ ഓഹരി ഉടമകളുടെ ശബ്ദം ഉയര്‍ന്നു വരുന്നതിനായി കമ്പനി സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍, അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി പിന്തുടരുന്ന നയങ്ങള്‍, മുതലായ കാര്യങ്ങളെല്ലാം കോര്‍പറേറ്റ് ഗവര്‍ണന്‍സ് എന്ന തലക്കെട്ടിന് താഴെ പരാമര്‍ശിച്ചിരിക്കും.
5 ഡയറക്ടേഴ്സ് റിപ്പോര്‍ട്ട്:
കമ്പനിയുടെ മുന്‍കാല പ്രകടനം, ഭാവിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രോജക്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍, സ്വരൂപിച്ച ലാഭത്തില്‍ നിന്നും നല്‍കുന്ന ഡിവിഡണ്ട്, ബോണസ് ഓഹരികളുണ്ടെങ്കില്‍ അവ, ഭാവിയിലെ ഉപയോഗങ്ങള്‍ക്കായി നിലനിര്‍ത്തുന്ന നീക്കിയിരിപ്പ് ധനം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം റിപ്പോര്‍ട്ടിന്‍റെ ഭാഗമായി വരുന്നു.
6 ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റുകള്‍:
വാര്‍ഷിക റിപ്പോര്‍ട്ടിലെ ഏറ്റവും പ്രാധാന്യമേറിയ ഒരു ഭാഗമാണിത്. കമ്പനി ലാഭത്തിലാണോ അതോ നഷ്ടത്തിലാണോ ഓടിക്കൊണ്ടിരിക്കുന്നതെന്ന് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്മെന്‍റ് പരിശോധിച്ച് മനസ്സിലാക്കാം. പ്രധാനമായും മൂന്നു തരം സ്റ്റേറ്റ്മെന്‍റുകളാണ് ഇവിടെ ലഭ്യമാകുന്നത്. ബാലന്‍സ് ഷീറ്റ്, പ്രോഫിറ്റ് ആന്‍റ് ലോസ്സ് എക്കൗണ്ട്, ക്യാഷ് ഫ്ളോ സ്റ്റേറ്റ്മെന്‍റ് എന്നിവയാണ് അവ. കമ്പനിയുടെ സംഖ്യാവിശകലനം നടത്തുവാന്‍ ഈ മൂന്നു സ്റ്റേറ്റ്മെന്‍റുകളെയും ആശ്രയിക്കാം.
ചോ: വാര്‍ഷിക റിപ്പോര്‍ട്ട് എങ്ങനെ ലഭ്യമാക്കാം?
എല്ലാ ഓഹരി ഉടമകള്‍ക്കും എല്ലാ വര്‍ഷവും വാര്‍ഷിക റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ കമ്പനി ബാധ്യസ്ഥരാണ്. പുസ്തക രൂപത്തിലോ സോഫ്റ്റ് കോപ്പി ഓഹരി ഉടമകളുടെ രജിസ്റ്റേര്‍ഡ് ഇ മെയിലില്‍ ഓണ്‍ലൈനായോ കമ്പനി അയച്ചു നല്‍കാറുണ്ട്. നിങ്ങള്‍ ഓഹരി ഉടമ അല്ല എങ്കില്‍ കമ്പനിയുടെ വെബ് സൈറ്റില്‍ കയറി ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് എന്ന പേജ് സന്ദര്‍ശിച്ചാല്‍ വാര്‍ഷിക റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്.
First published in Malayala Manorama