റിട്ടയര്‍മെന്‍റിന് എപ്പോള്‍ തയ്യാറെടുക്കണം എന്നത് പലര്‍ക്കും സംശയമുള്ള ഒരു കാര്യമാണ്. പലപ്പോഴും വിരമിച്ച ശേഷമോ വിരമിക്കുന്നതിന് നാലോ അഞ്ചോ വര്‍ഷം ബാക്കിയുള്ളപ്പോഴോ മാത്രമാണ് റിട്ടയര്‍മെന്‍റിന് ശേഷം എങ്ങനെ മുന്നോട്ടു പോകണം എന്ന് ചിന്തിക്കുന്നത്. യഥാര്‍ഥത്തില്‍ മറ്റു ജീവിത ലക്ഷ്യങ്ങളെക്കാള്‍ മുന്‍ഗണന നല്‍കേണ്ട ഒരു കാര്യമാണ് റിട്ടയര്‍മെന്‍റിന് ശേഷം ജീവിക്കാനുള്ള തുക കണ്ടെത്തിവെക്കുക എന്നത്. കാരണം മറ്റു ജീവിത ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നത് ഒരു വ്യക്തി ജോലി ചെയ്യുന്ന അവസരത്തില്‍ ആയിരിക്കും. അപ്പോള്‍ ആവശ്യത്തിന് വരുമാനം ഉള്ളതുകൊണ്ട് അപ്പോഴുണ്ടാകുന്ന ജീവിത ലക്ഷ്യങ്ങള്‍ക്ക് പണംകണ്ടെത്താന്‍ വിവിധ വഴികള്‍ ഉണ്ടാകും. ഉദാഹരണത്തിന് ഏതെങ്കിലും വായ്പയെ ആശ്രയിക്കുകയോ സ്വന്തം വരുമാനത്തില്‍ നിന്ന് തന്നെ തുക കണ്ടെത്തുകയോ ചെയ്ത് ജീവിതലക്ഷ്യങ്ങള്‍ യഥാസമയം നേടിയെടുക്കാന്‍ സാധിക്കും. ഇവിടെ വായ്പ തിരിച്ചടവായാലും ജീവിതലക്ഷ്യങ്ങള്‍ക്കുള്ള തുക കണ്ടെത്തലായാലും വരുമാനം ഉള്ളതുകൊണ്ട് മുടക്കമില്ലാതെ നടക്കും. എന്നാല്‍ റിട്ടയര്‍മെന്‍റിന് ശേഷം വായ്പ ലഭിക്കുന്നതിനായി തിരിച്ചടവിനുള്ള വരുമാന സ്രോതസ് കാണിക്കാന്‍ ഇല്ലാത്തതുകൊണ്ട് വായ്പകളും മറ്റും ലഭിക്കുന്നത് ഈ സാഹചര്യത്തില്‍ ബുദ്ധിമുട്ടാകും. അതുകൊണ്ട് റിട്ടയര്‍മെന്‍റിന് ശേഷം ജീവിക്കാന്‍ ആവശ്യമായ തുക കണ്ടെത്താനുള്ള നിക്ഷേപ പദ്ധതികള്‍ ഒരുക്കിയ ശേഷം മാത്രമായിരിക്കണം മറ്റ് ജീവിതലക്ഷ്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടത്.
റിട്ടയര്‍മെന്‍റിന് എപ്പോള്‍ നിക്ഷേപിച്ചു തുടങ്ങണം എന്നുള്ളതാണ് അടുത്ത പ്രധാനകാര്യം. ഒരു വ്യക്തിക്ക് ജോലി ലഭിച്ചു കഴിഞ്ഞാല്‍ ആദ്യശമ്പളം ലഭിക്കുമ്പോള്‍ തൊട്ട് റിട്ടയര്‍മെന്‍റിന് വേണ്ടിയുള്ള നിക്ഷേപവും തുടങ്ങണം എന്നതാണ് ശരിയായ രീതി. കാരണം 25 വയസ്സില്‍ ജോലിയില്‍ പ്രവേശിച്ച വ്യക്തി 55 വയസ്സു വരെ ജോലിയില്‍ തുടരുകയാണെങ്കില്‍ 30 വര്‍ഷമായിരിക്കും ജോലി ചെയ്യുന്ന കാലയളവ്. ഈ വ്യക്തി 80 വയസ്സു വരെ ജീവിച്ചിരുന്നാല്‍ റിട്ടയര്‍മെന്‍റിന് ശേഷം 25 വര്‍ഷം ഉണ്ടാകും. അതായത് ഏകദേശം ജോലി ചെയ്ത കാലയളവ് തന്നെ റിട്ടയര്‍ ചെയ്ത ശേഷവും ജീവിക്കേണ്ടി വരും. റിട്ടയര്‍ ചെയ്തു കഴിഞ്ഞും ജോലിയിലായിരുന്നപ്പോള്‍ ഉള്ള പോലത്തെ ജീവിത സാഹചര്യത്തില്‍ മുന്നോട്ടു പോകാന്‍ ആവശ്യമായ തുക സമാഹരിക്കുകയാണ് റിട്ടയര്‍മെന്‍റ് പ്ലാനിംഗില്‍ ചെയ്യുക. ഈ കാലയളവിലെ പണപ്പെരുപ്പം കൂടി കണക്കാക്കി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ തന്നെ നിക്ഷേപിച്ചു തുടങ്ങുകയാണെങ്കില്‍ കുറഞ്ഞ പ്രതിമാസ നിക്ഷേപം കൊണ്ട് തന്നെ മറ്റ് ജീവിത ലക്ഷ്യങ്ങളെ കാര്യമായി ബാധിക്കാതെ വലിയ തുകകള്‍ സമാഹരിക്കാനാകും.
ഇതുവരെ റിട്ടയര്‍മെന്‍റ് പ്ലാന്‍ ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് തന്നെ ശരിയായ ആസൂത്രണം നടത്തി നിക്ഷേപം തുടങ്ങുകയാണ് വേണ്ടത്. ഓരോ വ്യക്തിയുടെയും ആവശ്യങ്ങളും നിക്ഷേപ കാല പരിധികളും വ്യത്യസ്തമായതുകൊണ്ട് വ്യക്തിഗത സാമ്പത്തികാസൂത്രണം അനിവാര്യമാണ്. ഇതിനായി ആവശ്യമെങ്കില്‍ ഒരു സാമ്പത്തിക വിദഗ്ധന്‍റെ സഹായം തേടാവുന്നതാണ്.
First published in Mangalam
#retirement, #retirementplanning