” പണ നയം നടപ്പാക്കുന്നത് കാര്‍ ഓടിക്കുന്നതുപോലെയാണെങ്കില്‍, ആ കാറിന്‍റെ വേഗമാപിനി വിശ്വസനീയമല്ല, ചില്ലുപാളികളില്‍ മൂടല്‍മഞ്ഞുണ്ട്, ഒട്ടും പ്രവചനാത്മകമല്ല അതിന്‍റെ പ്രകൃതം. മാത്രമല്ല ബ്രേക്കും ആകിസലറേറ്റും അല്‍പം വൈകി പ്രതികരിക്കുന്നതുമാണ് “
-യുഎസ് കേന്ദ്ര ബാങ്ക് മുന്‍ മേധാവി ബെന്‍ ബെര്‍നാന്‍കെ
ലക്ഷ്യം കൈവരിക്കുന്നതിനായി പണ നയം നടപ്പാക്കുക എന്നത് വെല്ലുവിളി നിറഞ്ഞ ഏര്‍പ്പാടാണ്. സമ്പദ് വ്യവസ്ഥയും വിപണിയും പല വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്ന അസ്ഥിരവും അസ്വസ്ഥവുമായ അന്തരീക്ഷത്തില്‍ ഇത് ഭഗീരഥ പ്രയത്നം തന്നെയാണ്.
വരുന്ന ആഴ്ചകളിലും മാസങ്ങളിലും ആഗോള തലത്തില്‍ ഓഹരി വിപണികളെ സ്വാധീനിക്കാന്‍ പോകുന്ന പ്രധാന ഘടകം യുഎസ് കേന്ദ്ര ബാങ്കായ ഫെഡിന്‍റെ കര്‍ശന പണ നയം യുഎസ് സമ്പദ് വ്യവസ്ഥയിലും അതുവഴി ലോക സമ്പദ് വ്യവസ്ഥയിലും ഉണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതമായിരിക്കും. വിലക്കയറ്റം താല്‍കാലിക പ്രതിഭാസമാണെന്ന ഫെഡിന്‍റെ ആദ്യത്തെ കാഴ്ചപ്പാട് തെറ്റായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിരിക്കയാണ്. വിലക്കയറ്റം തുടരുകയും മാര്‍ച്ചില്‍ 8.5 ശതമാനമായി ഉയരുകയും ചെയ്തു. പലിശ വര്‍ധിപ്പിക്കാന്‍ ആദ്യം മടിച്ചു നിന്ന ഫെഡ് മാര്‍ച്ചില്‍ 0.25 ശതമാനവും മെയ്മാസം 0.50 ശതമാനവും പലിശ നിരക്ക് ഉയര്‍ത്തി. അടുത്ത രണ്ടു തവണയും പലിശ വര്‍ധനവ് 0.50 ശതമാനം വീതം ആയിരിക്കുമെന്നു ഫെഡ് മേധാവി ജേ പൊവല്‍ സൂചന നല്‍കുകയും ചെയ്തിട്ടുണ്ട്. ഒറ്റയടിക്ക് 0.75 ശതമാനം നിരക്കുയര്‍ത്തല്‍ ഉണ്ടാവാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. 2022 ല്‍ അഞ്ചുതവണയും 2023 ല്‍ മൂന്നു തവണയും പലിശ നിരക്കു വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. 2023 ഒടുവിലാകുമ്പോഴേക്കും പലിശ നിരക്ക് ഉദ്ദേശം 3 ശതമാനം എന്ന നിലയില്‍ എത്തി 2024ല്‍ ഉടനീളം അതു തുടരുകയും ചെയ്യാനാണ് സാധ്യത. മാറുന്ന സാമ്പത്തിക സാഹചര്യങ്ങള്‍ ഈയവസ്ഥയില്‍ മാറ്റം വരുത്തിയേക്കാം.
കര്‍ശന പണ നയത്തിന് ചില പരിമിതികളുണ്ട്. വിതരണ രംഗത്തെ പ്രശ്നങ്ങള്‍ മൂലം ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കാന്‍ അതിനു കഴിയില്ല. ചൈനയിലെ കടുത്ത അടച്ചിടല്‍ കാരണം വിതരണ രംഗത്തുണ്ടായ തടസങ്ങളും ഉക്രൈന്‍ യുദ്ധത്തെ തുടര്‍ന്നുണ്ടായ ക്രൂഡിന്‍റേയും മറ്റുല്‍പന്നങ്ങളുടേയും വിലക്കയറ്റവും ഈയിടെ ഉണ്ടായ പണപ്പെരുപ്പത്തിനു കാരണമായിട്ടുണ്ട്. അമേരിക്കയിലെ തൊഴിലില്ലായ്മ 3.6 ശതമാനം എന്ന തോതില്‍ താഴ്ന്ന നിലയിലാവുകയും തൊഴിലാളി പങ്കാളിത്ത നിരക്ക് കുറയുകയും വേതനം അതിവേഗം വര്‍ധിക്കുകയും ചെയ്യുന്നത് വില-വേതന അനുപാതത്തിലെ സന്തുലനം തെറ്റിക്കും. വിലകള്‍ വര്‍ധിക്കും എന്ന പ്രതീക്ഷകള്‍ അവസാനിപ്പിക്കുക എന്നതാണ് കേന്ദ്ര ബാങ്കിന്‍റെ പ്രധാന ലക്ഷ്യം. കര്‍ശന പണ നയം ലക്ഷ്യമിടുന്നത് അതാണ്. ഈ രീതിയില്‍ മാത്രമേ വിലക്കയറ്റത്തെ നിയന്ത്രിക്കാനാവൂ.
നയപരമായ ഏതാനും നടപടികളാണ് യുഎസ് കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചിട്ടുള്ളത്. പലിശ നിരക്കു വര്‍ധന, 9 ട്രില്യണ്‍ വരുന്ന ഫെഡിന്‍റെ ബാലന്‍സ് ഷീറ്റ് സാധാരണ നിലയിലാക്കുക എന്നിവയാണ് അവയില്‍ പ്രധാനം. ബാലന്‍സ് ഷീറ്റ് ക്രമീകരണത്തിന് സെക്യൂരിറ്റികള്‍ വില്‍ക്കുന്ന നടപടി ജൂണ്‍ മുതല്‍ ആരംഭിക്കും. ഇതോടെ വിപണിയിലെ പണ ലഭ്യത ക്രമാനുസൃതമായി കുറയും.
സുപ്രധാന ചോദ്യം ഇതാണ് : സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തില്‍ അകപ്പെടാതെ രക്ഷിക്കാന്‍ ഫെഡിനു കഴിയുമോ ? ഇക്കാര്യത്തില്‍ ഫെഡിന്‍റെ പൂര്‍വകാല നേട്ടങ്ങള്‍ സമ്മിശ്രമാണ്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 13 തവണ പലിശ നിരക്കു വര്‍ധനാ ചക്രം ഫെഡ് നടപ്പാക്കിയിട്ടുണ്ട്. മിക്കവയും അവസാനിച്ചപ്പോള്‍ സാമ്പത്തിക രംഗത്ത് വേഗക്കുറവോ മാന്ദ്യമോ ഉണ്ടായി. പോള്‍ വോള്‍ക്കര്‍ കൊണ്ടുവന്ന കര്‍ശന നയം ശ്രദ്ധേയമാണ്. പലിശ നിരക്ക് 1979 ജൂണിലെ 11 ശതമാനത്തില്‍ നിന്ന് 1981 ജൂണിലെ 20 ശതമാനത്തിലേക്കു ഉയര്‍ത്തിയത് പണപ്പെരുപ്പം ഇല്ലാതാക്കിയെങ്കിലും സമ്പദ് വ്യവസ്ഥയെ മാന്ദ്യത്തിലേക്കു തള്ളിവിട്ടു. എന്നാല്‍ വിജയകരമായ നീക്കങ്ങളും ഉണ്ടായിട്ടുണ്ട്. അലന്‍ ഗ്രീന്‍സ്പാന്‍ നടപ്പാക്കിയ ഒന്നാണ് ഇവയില്‍ പ്രധാനം. ഗ്രീന്‍സ്പാന്‍ 1994ല്‍ പലിശ നിരക്ക് 3 ശതമാനത്തില്‍ നിന്ന് 6 ശതമാനമാക്കി ഉയര്‍ത്തിയപ്പോള്‍ മാന്ദ്യം സംഭവിച്ചില്ല.
വിപണിയിലെ പ്രത്യാഘാതം
ഫെഡില്‍ നിന്നുള്ള സന്ദേശം സുവ്യക്തമാണ്. കുറഞ്ഞ ചിലവില്‍ ഇഷ്ടം പോലെ പണം ലഭ്യമാകുന്ന കാലം അവസാനിച്ചിരിക്കുന്നു. 2020 മാര്‍ച്ചിലെ വിപണി തകര്‍ച്ചയ്ക്കു ശേഷം ആഗോള തലത്തിലുണ്ടായ ബുള്‍ തരംഗത്തില്‍ പ്രധാന പങ്കു വഹിച്ച ഒരു ഘടകം പണത്തിന്‍റെ കൂടിയ തോതിലുള്ള ഒഴുക്കാണ്. ഇനിമുതല്‍ പണത്തിന്‍റെ യഥേഷ്ടലഭ്യത കുറയും ; ചിലവു കൂടുകയും ചെയ്യും. ഓഹരി വിപണികള്‍ക്ക് ഇത് നല്ല വാര്‍ത്തയല്ല. എന്നാല്‍ 2023ല്‍ യുഎസ് സമ്പദ്വ്യവസ്ഥ മാന്ദ്യത്തിലേക്കു വഴുതുമോ , ആഗോള വിപണിയില്‍ അതിന്‍റെ പ്രത്യാഘാതം എന്തായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും പ്രധാനമായും ഓഹരി വിപണികളുടെ പ്രകടനം. കാര്യങ്ങള്‍ സുരക്ഷിതമായി കൊണ്ടുപോകാന്‍ യുഎസ് കേന്ദ്ര ബാങ്കിനു കഴിഞ്ഞാല്‍ ഓഹരി വിപണികളില്‍ തിരിച്ചു വരവുണ്ടാകും. ഇല്ലെങ്കില്‍ താഴോട്ടുള്ള പോക്കിനു സാധ്യതയുണ്ട്. സാഹചര്യങ്ങള്‍ ശരിക്കു നിരീക്ഷിച്ചുവേണം നിക്ഷേപകര്‍ മുന്നോട്ടു നീങ്ങാന്‍.
First published in Mathrubhumi