സുഹൃത്തുക്കളായ ഏതാനും പേര്‍ ചേര്‍ന്ന് നാട്ടില്‍ ഒരു ബിസിനസ്സ് ആരംഭിക്കുകയുണ്ടായി. ഓരോരുത്തരും തുല്യമായ തുക മൂലധനം ഇറക്കി ആരംഭിച്ച ചെറു വ്യവസായ യൂണിറ്റ് ആദ്യഘട്ടത്തില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവന്നെങ്കിലും പിന്നീട് പല കാരണങ്ങള്‍ കൊണ്ട് പിറകോട്ട് പോയി. തുടര്‍ന്നുള്ള ഭാവി ശോഭനമല്ല എന്ന് തിരിച്ചറിഞ്ഞ സംരംഭകര്‍ സ്ഥാപനം അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ആദ്യപടിയായി സ്ഥാപനത്തിന്‍റെ ആസ്തികള്‍ മൊത്തമായി വില്‍ക്കുകയും അതുവഴി ലഭിച്ച പണത്തില്‍ നിന്നും സ്ഥാപനത്തിന് വായ്പ നല്‍കിയവരുടെ ബാധ്യതകള്‍ അടച്ചു തീര്‍ക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ മിച്ചം വന്ന തുക സുഹൃത്തുക്കളെല്ലാവരും ചേര്‍ന്ന് വീതിച്ചെടുക്കുകയുമുണ്ടായി.
പങ്കാളിത്ത ബിസിനസ്സിലും കൂട്ടുകച്ചവടത്തിലും മറ്റും ചിലപ്പോള്‍ സംഭവിക്കാറുള്ള ഒരു കാര്യമാണ് മുകളില്‍ പരാമര്‍ശിച്ചത്. ഇതേ സാഹചര്യം ഒരു പബ്ലിക് ലിമിറ്റഡ് കമ്പനിയിലാണ് വന്നു ചേരുന്നതെന്നിരിക്കട്ടെ. മുന്നോട്ടു പോകാന്‍ കഴിയാത്ത ചുറ്റുപാടില്‍ കമ്പനി ലിക്വിഡേറ്റ് ചെയ്യപ്പെടുന്നു. ആദ്യം കടബാധ്യതകളെല്ലാം തീര്‍ക്കുകയും തുടര്‍ന്ന് മുന്‍ഗണനാ ഓഹരികള്‍ അഥവാ പ്രെഫറന്‍സ് ഷെയര്‍ഹോള്‍ഡര്‍മാരുണ്ടെങ്കില്‍ അവര്‍ക്ക് അവകാശപ്പെട്ട തുകയും തിരിച്ചു നല്‍കിയതിന് ശേഷം ഒടുവില്‍ ഇക്വിറ്റി ഓഹരി ഉടമകള്‍ക്ക് വീതിച്ചെടുക്കുന്നതിലേക്കായി ഒരു തുക മിച്ചം വന്നെന്നും കരുതുക. ഈ തുകയാണ് കമ്പനിയുടെ ബുക്ക് വാല്യു എന്ന പേരിലറിയപ്പെടുന്നത്. ബുക്ക് വാല്യു ആയി ലഭിക്കുന്ന സംഖ്യയെ കമ്പനി ഇക്വിറ്റി ഓഹരികളുടെ ആകെ എണ്ണം കൊണ്ട് ഹരിക്കുമ്പോള്‍ ലഭിക്കുന്ന സംഖ്യയാണ് ബുക്ക് വാല്യു പെര്‍ ഷെയര്‍. മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ കമ്പനിയുടെ മൊത്തം ആസ്തികളില്‍ നിന്നും തീര്‍ക്കാനുള്ള ബാധ്യതകളും പ്രെഫറന്‍സ് ഓഹരി ഉടമകള്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് അവകാശപ്പെട്ട തുകയും ചേര്‍ത്ത് കുറയ്ക്കുമ്പോള്‍ ലഭിക്കുന്ന തുകയെ കമ്പനിയുടെ ഇക്വിറ്റി ഓഹരികളുടെ എണ്ണം കൊണ്ട് ഹരിച്ചാല്‍ ബുക്ക് വാല്യു കണ്ടെത്താവുന്നതാണ്. (കമ്പനികളുടെ ഫിനാന്‍ഷ്യല്‍ ഡാറ്റ പ്രസിദ്ധപ്പെടുത്തുന്ന മിക്ക വെബ്സൈറ്റുകളിലും ബുക്ക് വാല്യുവിനെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാണ്).
ബുക്ക് വാല്യു നിക്ഷേപകര്‍ക്ക് നല്‍കുന്ന സൂചനകള്‍
സാധാരണ ഗതിയില്‍ ഓഹരിയുടെ നിലവിലെ മാര്‍ക്കറ്റ് വിലയുമായിട്ടാണ് നിക്ഷേപകര്‍ ബുക്ക് വാല്യുവിനെ താരതമ്യം ചെയ്യാറുള്ളത്. അവരുടെ കണക്കുകൂട്ടലുകള്‍ താഴെ പറയും പ്രകാരമാണ്.
ډ കമ്പനിയുടെ ബുക്ക് വാല്യു പെര്‍ ഷെയര്‍ നിലവിലെ മാര്‍ക്കറ്റ് വിലയെക്കാള്‍ കൂടുതലാണെങ്കില്‍ അത് അര്‍ഥമാക്കുന്നത് കമ്പനിയുടെ യഥാര്‍ഥ മൂല്യം വിപണിയില്‍ കാണുന്ന വിലയേക്കാള്‍ മികച്ചതാണെന്നും അതിനാല്‍ പ്രസ്തുത ഓഹരി നിക്ഷേപത്തിനായി പരിഗണിക്കാമെന്നതുമാണ്.
ډ ബുക്ക് വാല്യു പെര്‍ ഷെയര്‍ വിപണി വിലയെക്കാള്‍ കുറവാണെങ്കില്‍ കമ്പനിയുടെ യഥാര്‍ഥ മൂല്യം വിപണിയില്‍ പ്രതിഫലിക്കുന്നതു പോലെ അത്ര തന്നെ മെച്ചപ്പെട്ടതല്ലെന്നും പ്രസ്തുത ഓഹരിയില്‍ കൂടുതല്‍ പ്രതീക്ഷ വെക്കേണ്ടതില്ല എന്നതുമാണ്.
നിക്ഷേപകര്‍ ഓര്‍ത്തിരിക്കേണ്ടത്
മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവരുന്ന ധാരാളം കമ്പനികളുടെ ബുക്ക് വാല്യു വിപണി വിലയേക്കാള്‍ വളരെ താഴെയാണെന്നത് കണ്ടുവരാറുണ്ട്. നേരെ തിരിച്ചുള്ളതിനും ഉദാഹരണങ്ങള്‍ കുറവല്ല. ഇത് എങ്ങനെ സംഭവിക്കുന്നു? ബുക്ക് വാല്യു എന്നത് ബാലന്‍സ് ഷീറ്റില്‍ ലഭ്യമായ ഏതാനും സംഖ്യകള്‍ അടിസ്ഥാനപ്പെടുത്തി കണക്കാക്കുന്ന ഒരു തുകയാണ്. ഈ സംഖ്യകളില്‍ വരുന്ന ഏറ്റക്കുറച്ചിലുകളനുസരിച്ച് ബുക്ക് വാല്യുവിലും വ്യത്യാസങ്ങള്‍ കണ്ടേക്കാം. ഉദാഹരണത്തിന് ഫിക്സഡ് ആസ്തികള്‍ ധാരാളമുള്ള ഒരു കമ്പനിയുടെ ബുക്ക് വാല്യു ഉയര്‍ന്നു നില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ ഭാവിയില്‍ മികച്ച വളര്‍ച്ച ഉറപ്പാക്കി ഉയര്‍ന്ന അളവില്‍ ലോണുകളെടുത്ത് ബിസിനസ് വിപുലീകരിക്കുന്ന കമ്പനികളെ സംബന്ധിച്ചിടത്തോളം ബുക്ക് വാല്യു ഒരുപക്ഷേ താഴെയായിരിക്കാം. എന്നാല്‍ കമ്പനിയുടെ ഭാവി വളര്‍ച്ച മുന്‍കൂട്ടി കാണുന്ന നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുകയും അതുവഴി വിപണി വില ഉയരത്തിലെത്തുകയും ചെയ്യും. മറ്റൊരു നിരീക്ഷണം ഐ ടി മേഖലയിലെ കമ്പനികളുമായി ബന്ധപ്പെട്ടതാണ്. ഐ ടി കമ്പനികളുടെ ആസ്തി എന്നത് വമ്പന്‍ പ്ലാന്‍റുകളോ മെഷിനറികളോ ഭൂമിയോ പോലെ ഫിക്സഡ് വിഭാഗത്തില്‍ പെടുന്നവയല്ല, മറിച്ച് അവിടെ ജോലി ചെയ്യുന്ന പ്രൊഫഷണലുകളുടെ ബുദ്ധിയിലും കഴിവുകളിലുമാണ്. അദൃശ്യമായ ഇത്തരം ആസ്തികള്‍ ബാലന്‍സ് ഷീറ്റില്‍ സംഖ്യകളുടെ രൂപത്തില്‍ കാണിക്കാത്തതിനാല്‍ തന്നെ ബുക്ക് വാല്യു പെര്‍ ഷെയര്‍ മിക്ക സമയത്തും വിപണി വിലയേക്കാള്‍ താഴന്ന് നില്‍ക്കാറാണ് പതിവ്.
ചുരുക്കത്തില്‍, ബുക്ക് വാല്യു പെര്‍ ഷെയര്‍ എന്നത് നിക്ഷേപകര്‍ക്കിടയില്‍ വളരെ പോപ്പുലര്‍ ആയതും ഒരു പരിധി വരെ എളുപ്പം കണ്ടെത്തി അപഗ്രഥനം ചെയ്യാന്‍ സാധിക്കുന്നതുമായ ഒരു നിക്ഷേപ സൂചകമാണെങ്കിലും ബുക്ക് വാല്യുവിനെ മാത്രം അടിസ്ഥാനപ്പെടുത്തി നിക്ഷേപം നടത്താനോ വിറ്റുമാറാനോ ഉള്ള തീരുമാനം എടുക്കാതിരിക്കുക. കമ്പനിയുടെ സംഖ്യാപരവും ഗുണപരവുമായ മറ്റനേകം ഘടകങ്ങളെ ആശ്രയിച്ചാണ് ഓഹരിയുടെ വിപണി വില മുകളിലോട്ടും താഴോട്ടും ചലിക്കുന്നത്.
നിഫ്റ്റി 50 യുടെ ഭാഗമായി വരുന്ന ചുരുക്കം ചില കമ്പനികളുടെ വിപണി വിലയും ബുക്ക് വാല്യുവും റഫറന്‍സിന് മാത്രമായി താഴെ പട്ടികയില്‍ നല്‍കിയിക്കുന്നു.
First published in Malayala Manorama