ഹിന്‍ഡണ്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിലുണ്ടായ വന്‍ ഇടിവാണ് പുതുവര്‍ഷാരംഭത്തില്‍ വിപണിയിലെ വാര്‍ത്തയായത്. ഗ്രൂപ്പിലെ പ്രധാന കമ്പനികളുടെ ഓഹരികളെല്ലാം ജനുവരി ആദ്യവാരത്തിലുണ്ടായ വിലകളെ അപേക്ഷിച്ച് അമ്പതും അറുപതും ശതമാനത്തിലധികം താഴോട്ട് പതിക്കുകയുണ്ടായി. വരുംദിവസങ്ങളില്‍ കമ്പനികളുടേതായി പുറത്തുവരുന്ന വാര്‍ത്തകളുടെ നിജസ്ഥിതിയെ ആശ്രയിച്ച് അദാനി ഓഹരികള്‍ പൂര്‍വസ്ഥിതിയില്‍ തിരിച്ചെത്തുകയോ അതല്ലെങ്കില്‍ പുതിയ താഴ്ന്ന വില നിലവാരങ്ങള്‍ കാണിക്കുകയോ ഒക്കെ ചെയ്തേക്കാം.
ഓഹരി വിപണിയുടെ പൊതുസ്വഭാവം ഇങ്ങനെയൊക്കെയാണ്. പൊടുന്നനെയുണ്ടാകുന്ന വാര്‍ത്തകളെ അടിസ്ഥാനപ്പെടുത്തിയോ കാലക്രമേണ കമ്പനികള്‍ക്കുണ്ടാവുന്ന വളര്‍ച്ചയും തളര്‍ച്ചയുമൊക്കെ ആധാരമാക്കിയോ വിലകളില്‍ ചാഞ്ചാട്ടം കണ്ടേക്കാം. ഓഹരിയില്‍ പ്രവേശിക്കുന്നതിനും പുറത്തുവരുന്നതിനുമായ അവസരങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിച്ച് വിപണിയില്‍ നിന്നും നേട്ടങ്ങള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നുള്ളതിലാണ് നിക്ഷേപകര്‍ മിടുക്ക് പ്രദര്‍ശിപ്പിക്കേണ്ടത്.
2022ല്‍ നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ പ്രധാന സൂചികയായ നിഫ്റ്റി 50യില്‍ ഉള്‍പ്പെട്ട ഓഹരികളുടെ വിലയിലുണ്ടായ ചാഞ്ചാട്ടങ്ങള്‍ എപ്രകാരമായിരുന്നു എന്നുള്ളത് ഒന്ന് പരിശോധിക്കാം. സൂചികയില്‍ ഇന്ത്യയിലെ മുന്‍നിര 50 കമ്പനികളുടെ ഓഹരികള്‍ ഉണ്ടെങ്കിലും വര്‍ഷാരംഭത്തില്‍ തുടങ്ങി ഡിസംബര്‍ അവസാനത്തെ ട്രേഡിങ്ങ് നാള്‍ വരെയുള്ള കാലഘട്ടത്തില്‍ വിലയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കാണിച്ച 10 ഓഹരികളുടെയും, വിലയില്‍ കൂടുതല്‍ വീഴ്ച കാണിച്ച 10 ഓഹരികളുടെയും, ജനുവരി ആരംഭത്തിലേതിനെ അപേക്ഷിച്ച് വിലയില്‍ വലിയ വ്യത്യാസങ്ങളൊന്നുമില്ലാതെ വര്‍ഷം അവസാനിപ്പിച്ച 10 ഓഹരികളുടെയും വിവരങ്ങളാണ് പട്ടികയില്‍ നല്‍കിയിരിക്കുന്നത്.
First published in Malayala Manorama