2022-23 സാമ്പത്തിക വര്‍ഷം വിട വാങ്ങുകയും പുതിയ സാമ്പത്തിക വര്‍ഷമായ 2023-24 തുടങ്ങുകയും ചെയ്തിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം വ്യക്തിഗത സാമ്പത്തിക കാര്യങ്ങളില്‍ ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി ആവശ്യമെങ്കില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി പുതിയ സാമ്പത്തിക വര്‍ഷത്തെ വരവേല്‍ക്കാം. കഴിഞ്ഞ ഫെബ്രുവരിയില്‍ അവതരിപ്പിച്ച ഗവണ്‍മെന്‍റ് ബഡ്ജറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ട കാര്യങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. ഇതില്‍ പേഴ്സണല്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ എങ്ങനെ ബാധിക്കും എന്ന് നോക്കാം.
ആദായ നികുതിയില്‍ വന്ന മാറ്റമാണ് പ്രധാനമായും നികുതി ദായകരെ ബാധിക്കുക. ഈ ബഡ്ജറ്റില്‍ നിര്‍ണായകമായ ചില മാറ്റങ്ങള്‍ ആദായനികുതിയില്‍ വന്നിട്ടുണ്ട്. ഇതില്‍ പ്രധാനമാണ് പുതിയ രീതിയില്‍ നികുതി കണക്കാക്കുന്നതായിരിക്കും ഇനിമുതല്‍ പഴയ രീതി തിരഞ്ഞെടുത്തില്ല എങ്കില്‍ ആദായനികുതി വകുപ്പ് എടുക്കുക. ഇതുവരെ പഴയ രീതിയായിരുന്നു ഒരു രീതിയും തിരഞ്ഞെടുത്തില്ലെങ്കില്‍ ഉപയോഗിച്ചിരുന്നത്. അതോടൊപ്പം പുതിയ രീതിയിലുള്ള നികുതി കണക്കാക്കലിനും കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിനായി റിബേറ്റിന്‍റെ തുക 5 ലക്ഷം രൂപയില്‍ നിന്ന് 7 ലക്ഷം രൂപയായി മാറ്റിയിട്ടുണ്ട്. ശമ്പള വരുമാനവും പെന്‍ഷന്‍ വരുമാനവും ഉള്ളവര്‍ക്ക് 50000 രൂപയുടെ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷനും കൂട്ടിച്ചേര്‍ത്ത് 7.50 ലക്ഷം രൂപ വരെ നികുതി ഉണ്ടാകുകയില്ല. അതോടൊപ്പം തന്നെ ലീവ് ട്രാവല്‍ അലവന്‍സ് 3 ലക്ഷം രൂപയില്‍ നിന്ന് 25 ലക്ഷം രൂപ വരെ നികുതിയിളവ് ഈ വര്‍ഷം മുതല്‍ അനുവദിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയില്‍ കൂടുതലാണ് ഇന്‍ഷുറന്‍സ് എന്‍റോള്‍മെന്‍റ് പ്ലാനുകളുടെ ഒരു വര്‍ഷത്തെ ആകെ പ്രീമിയം എങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി അടക്കേണ്ടതായിട്ട് വരും എന്നതാണ് മറ്റൊരു മാറ്റം.
ഡെബ്റ്റ് മ്യൂച്ചല്‍ ഫണ്ടുകളിലെ ഇന്ത്യന്‍ ഓഹരികളിലെ നിക്ഷേപം 35 ശതമാനത്തില്‍ താഴെയാണെങ്കില്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്കുള്ള ഇന്‍ഡക്സേഷന്‍ ആനുകൂല്യം ഇനി മുതലുള്ള നിക്ഷേപങ്ങള്‍ക്കും ഉണ്ടാവുകയില്ല. ഇത് നിക്ഷേപകര്‍ക്ക് നികുതി സാധ്യത ഉയര്‍ത്താന്‍ ഇടയാകും.
രണ്ട് പ്രധാന നിക്ഷേപ പദ്ധതികളായ സീനിയര്‍ സിറ്റിസണ്‍ സേവിങസ് സ്കീം പോസ്റ്റ്, ഓഫീസ് മന്ത്ലി ഇന്‍കം സ്കീം എന്നിവയുടെ നിക്ഷേപ പരിധി ഉയര്‍ത്തിയിരിക്കുന്നതാണ് ഈ വര്‍ഷത്തെ നിക്ഷേപത്തിലെ പ്രധാന മാറ്റം. സീനിയര്‍ സിറ്റിസണ്‍ സേവിങസ് സ്കീമിന്‍റെ 15 ലക്ഷം രൂപയായിരുന്ന നിക്ഷേപപരിധി 30 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അതുപോലെതന്നെ പോസ്റ്റ് ഓഫീസ് മന്ത്ലി ഇന്‍കം പ്ലാനിലെ വ്യക്തിഗത അക്കൗണ്ടിലെ പരിധി 4.50 ലക്ഷം രൂപയില്‍ നിന്ന് 9 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം ജോയിന്‍റ് അക്കൗണ്ടില്‍ 9 ലക്ഷം രൂപയായിരുന്ന നിക്ഷേപപരിധി 15 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഈ രണ്ട് നിക്ഷേപ പരിധിയിലെ മാറ്റങ്ങളും വ്യക്തിഗത നിക്ഷേപങ്ങളെ വളരെയധികം സ്വാധീനിക്കും.
ഈ വര്‍ഷത്തെ കേരള ബജറ്റില്‍ ഉണ്ടായിരുന്ന ചില മാറ്റങ്ങള്‍ കേരള ജനതയെ മാത്രം ബാധിക്കും. അവയില്‍ പ്രധാനപ്പെട്ടതാണ് സാമൂഹ്യ ക്ഷേമ സെസ് രണ്ട് രൂപ ചുമത്തിയതു മൂലം പെട്രോള്‍ ഡീസല്‍ വിലയില്‍ രണ്ട് രൂപ അധികമായി നല്‍കേണ്ടിവരും. റോഡ് സുരക്ഷാ ഇരുചക്ര വാഹനങ്ങള്‍ക്ക് ഇനിമുതല്‍ 100 രൂപയും കാറുകള്‍ക്ക് 200 രൂപയും അടയ്ക്കേണ്ടി വരും. നേരത്തെ ഇത് യഥാക്രമം 50 രൂപയും 100 രൂപയും ആയിരുന്നു. നികുതിയില്‍ വരുത്തിയ മാറ്റം 5 ലക്ഷം രൂപ വരെയുള്ള വാഹനങ്ങള്‍ക്ക് 1 ശതമാനവും 5 മുതല്‍ 15 ലക്ഷം വരെയുള്ളവര്‍ക്ക് രണ്ട് ശതമാനവും ഇനിമുതല്‍ കൂടുതലായി നല്‍കേണ്ടിവരും. അതുപോലെ ഭൂമിയുടെ ന്യായവിലയില്‍ വരുത്തിയ 20% വര്‍ദ്ധനവിന് ആനുപാതികമായി രജിസ്ട്രേഷന്‍ ചെലവ് കൂടും.
First published in Mangalam