Site icon Geojit Financial Services Blog

പുതിയ കാലവും, മാറുന്ന നിക്ഷേപ സമീപനങ്ങളും

theme-based investing

ഈ ലേഖനത്തിന്‍റെ പശ്ചാത്തലം കഴിഞ്ഞയാഴ്ച ഒരു നിക്ഷേപകന്‍ ഉന്നയിച്ച ചോദ്യമാണ്. വിരമിച്ചതിന് ശേഷം ലഭിച്ച തുക ഏത് രീതിയില്‍ നിക്ഷേപിക്കണം എന്നാണ് ചോദ്യമെങ്കിലും അതില്‍ മറ്റു ചില കാര്യങ്ങള്‍ കൂടിയുണ്ട്. അദ്ദേഹത്തിന് ജീവിതച്ചിലവുകള്‍ കണ്ടെത്താന്‍ ഈ തുക മാത്രമല്ല ഉള്ളത്. അതുകൊണ്ട് നിക്ഷേപത്തില്‍ കുറച്ച റിസ്ക് ആകാം. അത് മാത്രമല്ല നിക്ഷേപിക്കുന്ന തുകയില്‍ നിന്നും 7 ശതമാനം വരുമാനം അദ്ദേഹം പ്രതീക്ഷിക്കുന്നുണ്ട്. അങ്ങനെയാണെങ്കിലും കുറച്ചുപോലും റിസ്ക് എടുക്കാന്‍ അദ്ദേഹം തയ്യാറല്ല. 7 ശതമാനം എന്നത് ഇന്നത്തെ നിലയില്‍ ഒരു വലിയ നിരക്കാണ്. പ്രത്യേകിച്ച് സ്ഥിര നിക്ഷേപങ്ങള്‍ 5 ശതമാനം മാത്രം നല്‍കുന്ന കാലത്ത്. ഇവിടെ ചെയ്യാവുന്ന എളുപ്പവഴി എന്നത് റിസ്ക് കൂടിയ ബോണ്ടുകളില്‍ നിക്ഷേപിക്കുക എന്നതാണ്. എന്നാല്‍ അത് ശരിയായ സമീപനമാണോ? നമുക്ക് നോക്കാം.

ഭൂതം

പണ്ട് കാലത്ത് സ്ഥിരനിക്ഷേപങ്ങള്‍ക്ക് 12 ശതമാനം മുതല്‍ 15 ശതമാനം വരെ പലിശ കിട്ടിയിട്ടുള്ള കാലമുണ്ട്. അന്ന് ബാങ്ക് നിക്ഷേപത്തിന് പുറത്ത് ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ട ആവശ്യം പോലും ഉണ്ടായിരുന്നില്ല. വിരമിച്ചതിന് ശേഷവും അതിനു മുന്‍പും ആളുകള്‍ സ്ഥിര നിക്ഷേപങ്ങളെ പ്രധാനമായും ആശ്രയിച്ചിരുന്നു. പലിശ ശതമാനം കൊണ്ട് ജീവിക്കുന്നവര്‍ ഈയൊരു നിരക്കിനെ ആശ്രയിച്ചാണ് കഴിഞ്ഞിരുന്നത്. 1999 വരെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ഏതാണ്ട് 12 ശതമാനം പലിശ ലഭിച്ചിരുന്നു. അതിന് ശേഷം കഴിഞ്ഞ 21 വര്‍ഷത്തിനിടയില്‍ ഒരിയ്ക്കല്‍ മാത്രമാണ് നിരക്ക് 10 ശതമാനത്തിനടുത്ത് എത്തിയത്. 99 കാലഘട്ടത്തില്‍ 12 ശതമാനത്തില്‍ നിന്ന് 2004ല്‍ 5.5 ശതമാനത്തിലേക്ക് നിക്ഷേപ പലിശ നിരക്കുകള്‍ കൂപ്പു കുത്തിയിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഇത്രയും കുറഞ്ഞ നിരക്ക് നാം കാണുന്നത്.

വര്‍ത്തമാനം

നിരക്കുകളില്‍ കാലക്രമേണ മാറ്റങ്ങള്‍ ഉണ്ടായപ്പോഴും ആളുകളുടെ നിക്ഷേപ സമീപനത്തില്‍ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. ഉയര്‍ന്ന നിരക്കുകള്‍ കണ്ട് വളര്‍ന്നവര്‍ക്ക് ഇന്നത്തെ നിരക്കുകള്‍ താങ്ങാനാവാത്ത പ്രഹരമാണ്. വളര്‍ച്ച പ്രാപിക്കുന്ന ഒരു സമ്പദ്വ്യവസ്ഥയില്‍ നിരക്കുകള്‍ കുറഞ്ഞുകൊണ്ടിരിക്കും. ഒരു രാജ്യം വികസ്വരത്തില്‍ നിന്ന് വികസിതമാകുമ്പോള്‍ അതിന്‍റെ കടമെടുക്കലിന്‍റെ അളവ് കുറഞ്ഞു വരികയും അതിനാല്‍ പലിശനിരക്കുകള്‍ കുറഞ്ഞു വരികയും ചെയ്യും. ഇന്ന് രാജ്യം നിലനില്‍ക്കുന്ന അവസ്ഥയില്‍ വികസിതമാകാനുള്ള കാലദൈര്‍ഘ്യം കൂടുതലാണെങ്കില്‍ പോലും പണ്ടു നാം കണ്ടുവന്നിട്ടുള്ള നിരക്കുകള്‍ ഇനി ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്. കാരണം പണപ്പെരുപ്പത്തെ ആധാരമാക്കിയുള്ള നിരക്കു നിര്‍ണ്ണയം എന്ന രീതി അവലംബിച്ചതിനു ശേഷം പണപ്പെരുപ്പം 2 മുതല്‍ 4 ശതമാനം വരെയാക്കി നില നിര്‍ത്താനാണ് ശ്രമം. അതുകൊണ്ടുതന്നെ പണപ്പെരുപ്പത്തിനുമേല്‍ വല്ലാത്ത ഒരു വ്യത്യാസം നിക്ഷേപനിരക്കുകള്‍ക്ക് ഉണ്ടാകാന്‍ സാധ്യത കുറവാണ്.

കടപത്ര വിപണിയില്‍ പോലും കിട്ടാക്കടത്തിന്‍റെ പ്രശ്നങ്ങള്‍ കഴിഞ്ഞ വര്ഷം നാം കണ്ടിട്ടുള്ളതാണ്. സ്ഥിതി ഒട്ടും ഭേദമാകാത്ത ഈ സാഹചര്യത്തില്‍ കൂടിയ പലിശയ്ക്ക് കടമെടുക്കുന്ന സ്ഥാപനങ്ങളെ സംശയത്തോടെ മാത്രമേ നമുക്ക് നിരീക്ഷിക്കാന്‍ സാധിക്കൂ. ഗവണ്മെന്‍റ് ബോണ്ടുകളില്‍ പോലും 6 ശതമാനത്തില്‍ താഴെയാണ് പലിശ. അങ്ങനെയുള്ളപ്പോള്‍ 7 ശതമാനമെന്ന നിരക്കിലെത്താന്‍ നാം നന്നേ ബുദ്ധിമുട്ടേണ്ടിവരും.

നിക്ഷേപ സമീപനങ്ങള്‍ക്ക് മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചു. ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ഓഹരിയധിഷ്ഠിത സ്കീമുകള്‍ അനുയോജ്യമാണെന്ന് നമുക്കറിയാം. 20 മുതല്‍ 25 വര്‍ഷം വരെ നീണ്ടു നില്‍ക്കുന്ന വിരമിച്ചതിനു ശേഷമുള്ള ജീവിതത്തില്‍ ആദ്യത്തെ 10 വര്‍ഷക്കാലമെങ്കിലും നിക്ഷേപത്തിന്‍റെ ഒരു ഭാഗം ഓഹരിയധിഷ്ഠിത സ്കീമുകളില്‍ വിന്യസിച്ചാല്‍ അതിനു ശേഷമുള്ള കാലത്തേക്ക് നല്ലൊരു നീക്കിയിരുപ്പ് ഉണ്ടാക്കാന്‍ സാധിക്കും. സ്ഥിരനിക്ഷേപങ്ങളുടെ ഭാവി ശോഭനമാണെങ്കിലും നിരക്കുകള്‍ അത്ര ആകര്‍ഷകങ്ങളാവില്ല. ഓഹരി വിപണി ശൈശവാവസ്ഥ കടന്നു യൗവ്വനത്തില്‍ വന്നു നില്‍ക്കുന്ന ഇന്ന് നമ്മുടെ വരുമാനത്തിന്‍റെ ചെറിയ ഉത്തരവാദിത്തം അവയെ ഏല്‍പ്പിക്കുന്നതില്‍ തെറ്റില്ല.

ഭാവി

ഓഹരിയധിഷ്ഠിത നിക്ഷേപങ്ങള്‍ കൂടുതല്‍ സുതാര്യവും അനായാസവുമായ ഇന്നത്തെ കാലത്ത് വളരെയധികം യുവാക്കള്‍ ഇത്തരം നിക്ഷേപങ്ങളിലേക്ക് വരുന്നുണ്ട്. ഭാവിയില്‍ ഓഹരിവിപണി കൂടുതല്‍ ആഴവും വ്യാപ്തിയും നേടുമ്പോള്‍ നഷ്ട സാധ്യതകള്‍ കുറയുകയും പ്രവചനീയമായ സുസ്ഥിര വരുമാനം നേടിത്തരാന്‍ കഴിവുള്ള ഒന്നായി വളരുകയും ചെയ്യും.

ആവശ്യത്തിന് മൂലധനം സ്വരൂപിക്കാന്‍ സാധിക്കാതെ വരുമ്പോഴാണ് നിക്ഷേപകര്‍ കൂടുതല്‍ പലിശയ്ക്കായി അന്വേഷിക്കുന്നത്. ആവശ്യത്തില്‍ കൂടുതല്‍ മൂലധനം നമുക്ക് സ്വരൂപിക്കാന്‍ സാധിച്ചാല്‍ എത്ര ചെറിയ പലിശയും നമുക്ക് മതിയാകും. അതിന് വിരമിക്കുന്നതിനു മുന്‍പുള്ള നിക്ഷേപം വളരെ പ്രധാനമാണ്.

വിരമിച്ചതിനു ശേഷവും നിക്ഷേപത്തിന്‍റെ ഒരു പങ്ക് ഓഹരിയധിഷ്ഠിത നിക്ഷേപങ്ങളിലേക്ക് വിന്യസിക്കണം. ഇതിന്‍റെ തോത് 15 മുതല്‍ 30 ശതമാനം വരെയാക്കി ചുരുക്കാവുന്നതാണ്. ആവശ്യത്തിലധികം മൂലധനമുള്ളവര്‍ ഇത് ചെയ്യണമെന്നില്ല. വളരെയടുത്ത ആവശ്യങ്ങള്‍ക്ക് ഓഹരികളില്‍ നിന്നും പണം പിന്‍വലിക്കാം. വിരമിച്ചതിനു ശേഷം സ്ഥിരനിക്ഷേപം മാത്രമായി ചുരുക്കേണ്ട ആവശ്യമില്ല. കൂടുതല്‍ വരുമാനം ലഭിക്കാന്‍ ഇന്നത്തെ കാലത്ത് സ്വല്പം മാറി ചിന്തിക്കേണ്ടതുണ്ട്. വരുമാനത്തിലും നികുതിയിനത്തിലും അത് ഗുണം ചെയ്യും.

First published in Mangalam

Exit mobile version