ഓഹരി വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപം തിരഞ്ഞെടുക്കുന്നവരുടെ മനസ്സില്‍ ഉണ്ടാകുന്ന ആശയക്കുഴപ്പമാണ് ഓഹരികള്‍ നേരിട്ട് വാങ്ങിക്കുന്നതണോ ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണോ കൂടുതല്‍ അനുയോജ്യം എന്നത്. രണ്ട് രീതിയിലുള്ള നിക്ഷേപത്തിലും ഓഹരി വിപണിയുടെ ചാഞ്ചാട്ടം മൂലം നിക്ഷേപത്തില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട് എന്ന കാര്യം ആദ്യം തന്നെ പറയട്ടെ. അതായത് രണ്ട് നിക്ഷേപത്തിലും ലാഭനഷ്ട സാധ്യത ഉള്ളതുപോലെ തന്നെ എത്രമാത്രം വളര്‍ച്ച ലഭിക്കുമെന്ന് മുന്‍കൂട്ടി പ്രവചിക്കുക അസാധ്യമാണ്. സ്വഭാവത്തില്‍ രണ്ട് നിക്ഷേപവും ഒരേപോലെയാണെങ്കിലും ഇവയുടെ പ്രവര്‍ത്തനരീതിയില്‍ വ്യക്തമായ വ്യത്യാസങ്ങള്‍ കാണാം.
എന്താണ് മ്യൂച്ചല്‍ ഫണ്ടുകള്‍ എന്നു മനസ്സിലാക്കിയാല്‍ മാത്രമേ ഇവയില്‍ ഏത് തിരഞ്ഞെടുക്കണം എന്ന ധാരണ ലഭിക്കുകയുള്ളൂ. ലളിതമായരീതിയില്‍ പറഞ്ഞാല്‍ വിവിധ വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ തുക സമാഹരിച്ച് ഒരു
കൂട്ടം ഓഹരികളില്‍ നിക്ഷേപിച്ച് ആ ഓഹരിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് നിക്ഷേപവും വളരുന്ന രീതിയാണ് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം. വിവിധ മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ ഇന്ന് ലഭ്യമാണ്. ഓരോ പദ്ധതിക്കും പ്രത്യേക നിക്ഷേപ താല്‍പര്യങ്ങള്‍ ആകും ഉണ്ടാകുക. ഒരേ നിക്ഷേപ താല്‍പര്യം ഉള്ളവരാകും ഒരു നിശ്ചിത മ്യൂച്ചല്‍ ഫണ്ട് പദ്ധതിയില്‍ നിക്ഷേപിക്കുന്നത്. വിവിധ മേഖലകളില്‍ നിന്നുള്ള വിവിധ കമ്പനികളുടെ ഓഹരികള്‍ ഒരു മ്യൂച്ചല്‍ ഫണ്ട് പദ്ധതിയില്‍ ഉള്ളത് കൊണ്ട് തന്നെ നഷ്ട സാധ്യത കുറവുണ്ട് എന്നതാണ് ഇവയുടെ മുന്‍കാല വളര്‍ച്ച നോക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്.
നേരിട്ട് ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ ഏത് ഓഹരികള്‍ വാങ്ങണം എത്രമാത്രം നിക്ഷേപിക്കണം എന്ന കാര്യം നിക്ഷേപകന്‍ തന്നെ തീരുമാനിക്കേണ്ടിവരും. നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്ന കമ്പനികളെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായാല്‍ മാത്രമേ ഉദ്ദേശിക്കുന്ന വളര്‍ച്ച നിക്ഷേപത്തിന് ലഭിക്കുകയുള്ളൂ. മ്യൂച്ചല്‍ ഫണ്ട് പദ്ധതികളില്‍ പ്രഗല്‍ഭരായ സാമ്പത്തിക വിദഗ്ധരുടെ നേതൃത്വത്തില്‍ നിക്ഷേപങ്ങളും മറ്റും നടത്തുന്നതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കി മാത്രമേ നിക്ഷേപം നടത്തുകയുള്ളൂ.
ചെറിയ നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാനാവുന്ന ഓഹരികളുടെ എണ്ണത്തില്‍ ഒരു പരിധിയുണ്ട്. തന്നെയുമല്ല, ചില ഓഹരികള്‍ ഉയര്‍ന്ന മൂല്യമുള്ളവ ആയതുകൊണ്ട് അവ വാങ്ങാന്‍ സാധിക്കാതെയും വന്നേക്കാം. ഈ രണ്ടു കാര്യങ്ങള്‍ക്കും ഒരു പരിഹാരമാണ് മ്യൂച്ചല്‍ ഫണ്ട്. ഒന്നോ രണ്ടോ മ്യൂച്ചല്‍ ഫണ്ട് പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ തന്നെ ധാരാളം കമ്പനികളുടെ ഓഹരികളുടെ നേട്ടത്തിന്‍റെ ഭാഗമാവാന്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ സഹായിക്കുന്നു. നിക്ഷേപ തുകയുടെ അനുപാതമനുസരിച്ച് നേട്ടം ലഭിക്കും എന്നതിനാല്‍ എത്ര ചെറിയ തുക നിക്ഷേപിച്ചാലും ആ പദ്ധതിയില്‍ ഉള്ള ഓഹരികളുടെ നേട്ടം ലഭിക്കും. മൂന്നോ നാലോ ഓഹരികളില്‍ നിക്ഷേപിക്കുമ്പോള്‍ ആ കമ്പനികളുടെ വളര്‍ച്ചയെ ആശ്രയിച്ച് ആയിരിക്കും നിക്ഷേപത്തിന്‍റെ വളര്‍ച്ച. മ്യൂച്ചല്‍ ഫണ്ടില്‍ പോര്‍ട്ട്ഫോളിയോ ആയി നിക്ഷേപിക്കുന്നതു കൊണ്ട് ഒരു കൂട്ടം ഓഹരികളുടെ പ്രവര്‍ത്തനമാണ് ലാഭം നഷ്ടങ്ങള്‍ തീരുമാനിക്കുന്നത്. അതുകൊണ്ട് ഓഹരികളില്‍ നേരിട്ട് നിക്ഷേപിക്കുന്നതിലും നല്ലത് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതാണ് എന്ന് പറയാം.
പ്രൊഫഷണലായി നിക്ഷേപം നടത്താനുള്ള കഴിവും നിക്ഷേപങ്ങള്‍ യഥാസമയം വിലയിരുത്തി വേണ്ട മാറ്റങ്ങള്‍ നടത്താനുള്ള സമയവും ഉണ്ടെങ്കില്‍ ഓഹരികളില്‍ നേരിട്ട് നിക്ഷേപം നടത്തി കൂടുതല്‍ നേട്ടം കൈവരിക്കാന്‍ ആകും. അല്ലാത്ത നിക്ഷേപകര്‍ക്ക് മ്യൂച്ചല്‍ ഫണ്ട് നിക്ഷേപമാവും കൂടുതല്‍ അനുയോജ്യം.
First published in Mangalam