നിക്ഷേപത്തില്‍ നിന്ന് മികച്ച നേട്ടം നേടാന്‍ അറിയാം ഈ കാര്യങ്ങള്‍

0
1788
Investment growth
818794926

നിക്ഷേപത്തിലൂടെ പലര്‍ക്കും ലഭിച്ച നേട്ടങ്ങളെക്കുറിച്ച് അറിയുമ്പോള്‍ ആശ്ചര്യത്തോടെ അതിനെക്കുറിച്ച് സംസാരിക്കുകയും അതേ നേട്ടം ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപം തുടങ്ങുകയും ചെയ്യുന്നത് ഇന്ന് സാധാരണമാണ്. എന്നാല്‍ കൂടുതല്‍ നേട്ടം കിട്ടിയ വ്യക്തി എങ്ങനെയാണ് നിക്ഷേപിച്ചത് എന്നോ ആ വ്യക്തിയുടെ നിക്ഷേപരീതി എങ്ങനെ ആയിരുന്നു എന്നോ ചിന്തിക്കാതെ ആവും പലപ്പോഴും നിക്ഷേപിക്കാന്‍ തീരുമാനിക്കുന്നത്. നിക്ഷേപത്തില്‍ അടിസ്ഥാനപരമായി ചെയ്യേണ്ടത് അച്ചടക്കം പാലിക്കുക എന്നതാണ്. ഇത് നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നത് മുതല്‍ കാലാവധി, നിക്ഷേപത്തുക എന്നിവയെല്ലാം തീരുമാനിച്ച് കൃത്യമായ ജീവിതലക്ഷ്യങ്ങള്‍ മുന്നില്‍കണ്ട് നിക്ഷേപിക്കുമ്പോള്‍ ആണ് ഒരു നിക്ഷേപത്തില്‍ നിന്ന് മികച്ച നേട്ടം കൈവരിക്കാന്‍ ആവുന്നത്. ഇവയെല്ലാം കൃത്യമായി മനസ്സിലാക്കിയാലും വിപണിയിലെ നിക്ഷേപ അന്തരീക്ഷം അനുസരിച്ച് ചില മാറ്റങ്ങള്‍ നിക്ഷേപത്തില്‍ വരുത്തി മുന്നോട്ടു പോകേണ്ട സന്ദര്‍ഭങ്ങളും ഉണ്ടാകും.

നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കല്‍

നിക്ഷേപം ദീര്‍ഘകാലത്തേക്ക് തുടര്‍ന്നു പോകുന്നതിന് പ്രധാനമാണ് ശരിയായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുക എന്നത്. നിക്ഷേപ തുക, കാലാവധി, റിസ്ക് എടുക്കാനുള്ള കഴിവ് എന്നിവ അനുസരിച്ച് ആയിരിക്കണം നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന് നഷ്ട സാധ്യത കൂടുതല്‍ ഉള്ള നിക്ഷേപം ആയിരിക്കാം എന്നാല്‍ റിസ്ക് എടുക്കാന്‍ താല്പര്യമില്ലാത്ത ആള്‍ വലിയ നേട്ടം മുന്നില്‍കണ്ട് ഈ നിക്ഷേപം തിരഞ്ഞെടുത്താല്‍ വിപണിയില്‍ ഉള്ള ചാഞ്ചാട്ടം നിമിത്തം നിക്ഷേപത്തില്‍ കുറവ് സംഭവിച്ചാല്‍ നിക്ഷേപം നിര്‍ത്താനോ നഷ്ടത്തില്‍ തന്നെ നിക്ഷേപം പിന്‍വലിക്കാനും സാധ്യത കൂടുതലാണ്. അതുകൊണ്ട് നേട്ടങ്ങളുടെ പുറകെ മാത്രം പോകാതെ അനുയോജ്യമായ നിക്ഷേപ പദ്ധതി തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്.

നിക്ഷേപ കാലാവധി

അടുത്തതായി നിക്ഷേപ കാലാവധി നിശ്ചയിക്കലാണ്. ഒരു വ്യക്തിക്ക്ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് തുക മിച്ചം പിടിക്കാന്‍ സാധിക്കുന്ന കാലത്തോളം നിക്ഷേപവും തുടര്‍ന്നു പോവുകയാണ്. എന്നാല്‍ പണത്തിന്‍റെ ആവശ്യകത എപ്പോഴാണ് എന്ന് മനസ്സിലാക്കി അതിനനുസരിച്ച് നിക്ഷേപ കാലാവധി ക്രമീകരിച്ച് നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുംമുമ്പ് നിക്ഷേപം പിന്‍വലിക്കുന്നത് മൂലമുള്ള നഷ്ടങ്ങള്‍ ഒഴിവാക്കാന്‍ ആകും. ഉദാഹരണത്തിന് ബാങ്ക് സ്ഥിരനിക്ഷേപമാണ് തിരഞ്ഞെടുക്കുന്നത് എന്ന് കരുതുക. കാലാവധിക്കു മുമ്പ് അത് പിന്‍വലിക്കേണ്ടി വന്നാല്‍ ഒരു ശതമാനം വരെ പിഴ ഈടാക്കാറുണ്ട്. ഇത് ഒഴിവാക്കാനായി തുക പിന്‍വലിക്കേണ്ട സമയം മുന്‍കൂട്ടി തീരുമാനിച്ച് നിക്ഷേപത്തിന്‍റെ കാലാവധി നിശ്ചയിക്കുക. അതുപോലെ തന്നെ നിക്ഷേപങ്ങളെ ജീവിത ലക്ഷ്യങ്ങളുമായി ബന്ധിപ്പിച്ച് നിക്ഷേപിച്ചാല്‍ നിക്ഷേപം തുടര്‍ന്നുകൊണ്ട് പോകാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്. ജീവിതലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ട് നിക്ഷേപിക്കുമ്പോള്‍ അതനുസരിച്ചുള്ള നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുക എന്നത് പ്രധാനമാണ്. .ഉദാഹരണത്തിന് എന്‍ പി എസ് പോലുള്ള പദ്ധതികള്‍ റിട്ടയര്‍മെന്‍റ് അനുയോജ്യമായ പദ്ധതിയാണ്. എന്നാല്‍ കൃത്യമായ ലക്ഷ്യമില്ലാതെ കൂടുതല്‍ തുക ഈ നിക്ഷേപത്തിലേക്ക് നീക്കി വെച്ചാല്‍ ഹ്രസ്വകാല ലക്ഷ്യങ്ങള്‍ക്ക് തുക കണ്ടെത്താന്‍ സാധിക്കാതെ വരും. അഞ്ചുവര്‍ഷത്തില്‍ താഴെയുള്ള ജീവിതലക്ഷ്യങ്ങള്‍ക്ക് നഷ്ട സാധ്യത കുറവുള്ള നിക്ഷേപങ്ങളും മറ്റുള്ളവയ്ക്ക് റിസ്ക് എടുക്കാനുള്ള കഴിവ് അനുസരിച്ച് ഓഹരി നിക്ഷേപങ്ങളും തിരഞ്ഞെടുക്കുന്നതാവും കൂടുതല്‍ അനുയോജ്യം.

നിക്ഷേപ തുക

ഒരു വ്യക്തിയുടെയോ കുടുംബത്തിന്‍റെയോ വരവ് ചിലവുകള്‍ മനസ്സിലാക്കി മിച്ചം പിടിക്കാന്‍ സാധിക്കുന്ന തുക വേണം നിക്ഷേപിക്കുകയായി നിശ്ചയിക്കാന്‍. ഇത്തരത്തില്‍ തുക നിശ്ചയിക്കുമ്പോള്‍ ആകസ്മികമായി ഉണ്ടാകാന്‍ ഇടയുള്ള ജീവിത ചിലവുകളോ മറ്റാവശ്യങ്ങളോ ബുദ്ധിമുട്ടില്ലാതെ കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ ഒരു എമര്‍ജന്‍സി ഫണ്ട് സ്വരൂപിച്ചു വയ്ക്കാന്‍ ശ്രദ്ധിക്കണം. ഏത് സാഹചര്യത്തിലും നിക്ഷേപം തുടര്‍ന്നു കൊണ്ടു പോകാന്‍ ഇത് ഒരു പരിധിവരെ സഹായിക്കും.

നിക്ഷേപ വിലയിരുത്തല്‍

ഒരു നിക്ഷേപം തുടങ്ങി അത് തുടര്‍ന്നു കൊണ്ടുപോയാല്‍ മാത്രം നേട്ടം ഉണ്ടാകുകയില്ല. നിക്ഷേപ സാഹചര്യം ഏത് നിമിഷവും മാറാം. സാഹചര്യമനുസരിച്ച് അനുയോജ്യമായ നിക്ഷേപമാണ് തിരഞ്ഞെടുത്തിരിക്കുന്നത് എന്ന വിലയിരുത്തല്‍ കൃത്യമായ ഇടവേളകളില്‍ നടത്തണം. ആവശ്യമെങ്കില്‍ സാഹചര്യം അനുസരിച്ചുള്ള മാറ്റങ്ങള്‍ നിക്ഷേപത്തില്‍ വരുത്തുകയും ചെയ്യണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിക്ഷേപം തുടര്‍ന്നു കൊണ്ടുപോകുന്നതിനും മികച്ച നേട്ടം നിക്ഷേപത്തില്‍ നിന്ന് ലഭിക്കുന്നതിനും സഹായകമാകും.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here