നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാവരും ആദ്യം പരിശോധിക്കുന്ന ഘടകമാണ് വളര്‍ച്ചാ നിരക്ക്. നിക്ഷേപങ്ങള്‍ക്ക് മികച്ച വളര്‍ച്ച ലഭിക്കുക എന്നത് എല്ലാവരുടെയും ആഗ്രഹമാണ്. ഇത് മനസ്സിലാക്കി പുതിയ നിക്ഷേപ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുമ്പോള്‍ ഏറ്റവും ആകര്‍ഷകമായ രീതിയില്‍ അവതരിപ്പിക്കുകയാണ് മിക്ക കമ്പനികളും ചെയ്യുന്നത്. ഇതില്‍ ആകര്‍ഷകരായി പലരും അനുയോജ്യമല്ലാത്ത നിക്ഷേപ പദ്ധതികളില്‍ ചെന്നു ചാടി സാമ്പത്തിക നഷ്ടം നേരിടാറുമുണ്ട്. നിക്ഷേപ പദ്ധതികളിലെ പരസ്യവാചകങ്ങളില്‍ കാണുന്ന വളര്‍ച്ച നിരക്ക് ചില സന്ദര്‍ഭങ്ങളില്‍ ബാങ്ക് സ്ഥിരനിക്ഷേപത്തിന്‍റെ വളര്‍ച്ച പോലും കിട്ടാത്ത സാഹചര്യം ഉണ്ടാകാറുണ്ട്. ഇന്ന് വിവിധതരത്തിലുള്ള നിക്ഷേപങ്ങള്‍ വിപണിയില്‍ ഉള്ളതുകൊണ്ട് യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് നിക്ഷേപങ്ങളെ വിലയിരുത്തി അനുയോജ്യമായതും മികച്ചതുമായ പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത് എന്നത് സാധാരണക്കാരനെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്.
നിക്ഷേപങ്ങളെ ഏറ്റവും ആകര്‍ഷകമായ രീതിയില്‍ കമ്പനികള്‍ പൊതുജനത്തിന്‍റെ ഇടയില്‍ അവതരിപ്പിക്കുമ്പോള്‍ പലപ്പോഴും വളര്‍ച്ച നിരക്കിനാണ് പ്രാധാന്യം നല്‍കുന്നത.് വിവിധതരത്തിലുള്ള വളര്‍ച്ച നിരക്കൂകള്‍ ഏതൊക്കെയെന്നും അവ എങ്ങനെ കണക്കാക്കുന്നു എന്നും മനസ്സിലാക്കിയാല്‍ നിക്ഷേപങ്ങള്‍ക്ക് എത്രമാത്രം വളര്‍ച്ച ലഭിക്കുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കും. പ്രധാനമായും രണ്ട് രീതിയിലാണ് വളര്‍ച്ച നിരക്കിനെ കാണിക്കുന്നത് ആബ്സല്യൂട്ട് റിട്ടേണ്‍, ആനുവലൈസ്ഡ് റിട്ടേണ്‍. ഇതില്‍ ആദ്യത്തെ ആബ്സല്യൂട്ട് റിട്ടേണ്‍ എന്നുള്ളത് മൊത്തത്തിലുള്ള വളര്‍ച്ചയെ സൂചിപ്പിക്കുന്നു. ഇവിടെ കാലാവധിക്ക് പ്രാധാന്യം കൊടുക്കുന്നില്ല എന്നതാണ് പ്രത്യേകത. ഒരു നിക്ഷേപം എത്ര ആയി മാറി എന്ന് മാത്രമാണ് ഈ നിരക്കില്‍ നിന്ന് അറിയാന്‍ കഴിയുന്നത.് ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. നിങ്ങള്‍ ഒരുലക്ഷം രൂപ ഒരു പദ്ധതിയില്‍ നിക്ഷേപിക്കുന്നു എന്ന് കരുതുക, ഈ നിക്ഷേപം രണ്ടുവര്‍ഷംകൊണ്ട് ഒന്നരലക്ഷം രൂപയായി മാറുന്നുവെങ്കില്‍ 50,000 രൂപ കൂടുതല്‍ ലഭിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഈ നിക്ഷേപത്തിന്‍റെ ആബ്സല്യൂട്ട് റിട്ടേണ്‍ എന്നത് 50 ശതമാനം എന്ന് കാണിക്കും. അതായത് ഇവിടെ 50,000 രൂപ കൂടുതല്‍ ലഭിച്ചു എന്നത് മാത്രമാണ് ഉയര്‍ത്തി കാണിക്കുന്നത്. ഈ അധിക തുക ലഭിച്ചത് എത്ര നാളു കൊണ്ടാണ് എന്നതിന് ഇവിടെ പ്രസക്തിയില്ല. ഈ നിക്ഷേപത്തിന്‍റെ യഥാര്‍ത്ഥ വളര്‍ച്ച മനസ്സിലാക്കുന്നതിന് ആനുവലൈസ്ഡ് റിട്ടേണ്‍ എത്രയെന്ന് അറിയണം. നിക്ഷേപത്തിന്‍റെ അധികമായി ലഭിച്ച തുക എടുക്കുന്നതോടൊപ്പം എത്ര നാള്‍ കൊണ്ടാണ് നിക്ഷേപ തുക ഇന്നത്തെ അവസ്ഥയില്‍ എത്തിയത് എന്ന് കൂടി പരിഗണിച്ചാണ് ഇവിടെ വളര്‍ച്ച നിരക്ക് കണ്ടെത്തുന്നത്. സാധാരണ കൂട്ടുപലിശയുടെ സ്വാധീനം കൂടി ഇതില്‍ വരുന്നതുകൊണ്ട് സിഎജിആര്‍ ( കമ്പൗണ്ടഡ് ആനുവല്‍ ഗ്രോത്ത് റിട്ടേണ്‍) എന്നാണ് പൊതുവേ വിളിക്കുന്നത്.
മുകളിലെ ഉദാഹരണത്തില്‍ പറഞ്ഞതുപോലെ ഒരു ലക്ഷം രൂപ രണ്ടു വര്‍ഷം കൊണ്ട് ഒന്നരലക്ഷം രൂപയായാല്‍ ഇതിന്‍റെ ആനുവലൈസ്ഡ് റിട്ടേണ്‍ എന്നത് 22.47% ആണ്. ഇവിടെ രണ്ടുവര്‍ഷം എന്ന നിക്ഷേപ കാലയളവ് കൂടി പരിഗണിച്ചാണ് വളര്‍ച്ച നിരക്ക് കണക്കാക്കിയിരിക്കുന്നത്.
ഇതുപോലെ തന്നെയുള്ള രണ്ട് വളര്‍ച്ച നിരക്കുകളാണ് ഐആര്‍ആറും എക്സ്ഐആര്‍ആറും. സാധാരണ മ്യൂച്ചല്‍ ഫണ്ട് എസ്ഐപി നിക്ഷേപങ്ങളുടെ വളര്‍ച്ച കണ്ടുപിടിക്കാന്‍ എക്സ്ഐആര്‍ആര്‍ ആണ് ഉപയോഗിക്കുന്നത്. പ്രതിമാസ നിക്ഷേപങ്ങളുടെയും ഇടയ്ക്ക് വരുന്ന നിക്ഷേപങ്ങളുടെയും ശരിയായ വളര്‍ച്ച കണക്കാക്കുന്നത് ഈ രീതിയിലാണ്. ഐആര്‍ആര്‍ എന്നത് നിക്ഷേപിച്ച ദിവസം കണക്കാക്കാതെ ആവര്‍ത്തിച്ചുവരുന്ന നിക്ഷേപങ്ങളുടെ വളര്‍ച്ച കണക്കാക്കുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് എല്ലാ മാസവും നിക്ഷേപിക്കുന്നു എന്ന് പറയുമ്പോള്‍ ഐആര്‍ആര്‍ കണക്കാക്കുമ്പോള്‍ എല്ലാ മാസവും സ്ഥിരമായി ഒന്നാം തീയതിയോ അല്ലെങ്കില്‍ ഏതെങ്കിലും ദിവസമോ നിക്ഷേപം നടക്കുന്നു എന്നാണ് അനുമാനിക്കുന്നത്.
എക്സ്ഐആര്‍ആര്‍ കണക്കാക്കുമ്പോള്‍ നിക്ഷേപിച്ച തീയതി കൃത്യമായി കണക്കാക്കിയാണ് നിക്ഷേപത്തിന്‍റെ വളര്‍ച്ച കണക്കാക്കുന്നത്. ഉദാഹരണമായി ഒരു മ്യൂച്ചല്‍ ഫണ്ട് എസ്ഐപി തുടങ്ങുന്നു എന്ന് കരുതുക. എല്ലാ മാസവും ഒന്നാം തീയതി നിക്ഷേപിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഒന്നാം തീയതി അവധി ദിവസമാണെങ്കില്‍ അടുത്ത പ്രവര്‍ത്തി ദിവസമായിരിക്കും നിക്ഷേപം നടക്കുക. എക്സ്ഐആര്‍ആര്‍ രീതിയില്‍ എസ്ഐപിയുടെ വളര്‍ച്ച കണക്കാക്കുമ്പോള്‍ എന്നാണോ നിക്ഷേപിച്ചത് ആ തീയതി പ്രകാരം ഉള്ള വളര്‍ച്ചയായിരിക്കും കണക്കാക്കുക. അതുകൊണ്ട് തന്നെ ഈ രീതിയില്‍ കണക്കാക്കുന്ന വളര്‍ച്ചാ നിരക്കിന കൃത്യത കൂടുതല്‍ ഉണ്ടാകും. കൃത്യമായ ഇടവേളകളില്ലാത്ത നിക്ഷേപങ്ങള്‍ക്ക് എക്സ്ഐആര്‍ആര്‍ രീതിയില്‍ വളര്‍ച്ച കണക്കാക്കുന്നു എന്നതാണ് ഇതിന്‍റെ സവിശേഷത. നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വളര്‍ച്ചാ നിരക്ക് കണ്ടെത്തിയ രീതി കൂടി കണക്കില്‍ എടുക്കണം.
First published in Mangalam