ഓഹരി വിപണി ഇലക്ഷന്‍ റിസള്‍ട്ടിനോട് ആദ്യം നെഗറ്റീവായി പ്രതികരിച്ചുവെങ്കിലും പിന്നീടുള്ള ദിവസങ്ങളിലെ തിരിച്ചുവരവ് വിപണിയെ സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തിച്ചിരിക്കുകയാണ്. ഇത് നിക്ഷേപകര്‍ക്ക് നിക്ഷേപിക്കാന്‍ പറ്റിയ സമയം ആണ് എന്ന് വിദഗ്ധര്‍ പറയുമ്പോഴും എങ്ങനെ നിക്ഷേപിക്കണം എന്ന കാര്യത്തില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പലപ്പോഴും നിക്ഷേപം എന്നത് അറിയാവുന്ന ഏതെങ്കിലും ഒരു നിക്ഷേപത്തില്‍ ആയിരിക്കും. ഇതില്‍ ചിലര്‍ വലിയ ലാഭം എന്ന ലക്ഷ്യത്തോടെ എല്ലാ നിക്ഷേപവും അത്തരം നിക്ഷേപ പദ്ധതികളില്‍ ഇടുമ്പോള്‍ മറ്റൊരു വിഭാഗം റിസ്ക്കെടുക്കാന്‍ താല്പര്യം ഇല്ലാതെ ചെറിയ വളര്‍ച്ച ലഭിക്കുന്ന നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കും. എന്നാല്‍ രണ്ടു കൂട്ടരും ചെയ്യുന്നത് ശരിയാണെങ്കിലും ആകെയുള്ള നിക്ഷേപം വളരുന്നതോടൊപ്പം നഷ്ട സാധ്യത കുറയുകയും ചെയ്യുന്നതാണ് ആരോഗ്യപരമായ നിക്ഷേപമായി കാണുന്നത്. അതുകൊണ്ട് നിക്ഷേപങ്ങളെ പല വിഭാഗങ്ങളിലായി നിക്ഷേപിക്കുക എന്നത് പ്രധാനമാണ്. ഇതിനായി ഓഹരി നിക്ഷേപം, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം, സ്ഥിരനിക്ഷേപ പദ്ധതികള്‍, ബോണ്ടുകള്‍, പ്രോപ്പര്‍ട്ടി എന്നിങ്ങനെ എല്ലാ തരം നിക്ഷേപങ്ങളുടെയും ഒരു പോര്‍ട്ട്ഫോളിയോ ആയിരിക്കണം നമ്മുടെ നിക്ഷേപങ്ങള്‍. മേല്‍പ്പറഞ്ഞ വിഭാഗങ്ങളിലെ തന്നെ വിവിധതരം പദ്ധതികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. അതുപോലെ തന്നെ നിക്ഷേപിക്കുന്നതിന് മുമ്പ് നിക്ഷേപകന്‍ ഒരു വിശകലനം നടത്തേണ്ടതാണ്. നിക്ഷേപ പദ്ധതികള്‍ വിശകലനം ചെയ്യുന്നതോടൊപ്പം തിരഞ്ഞെടുക്കുന്ന നിക്ഷേപ പദ്ധതികള്‍ നമ്മുടെ ജീവിത ലക്ഷ്യങ്ങള്‍ക്ക് അനുയോജ്യമായതാണോ എന്ന് പരിശോധിക്കണം. കൂടുതല്‍ നേട്ടം തരുന്ന പദ്ധതികള്‍ക്ക് നഷ്ടസാധ്യത കൂടി കൂടുതലായിരിക്കും എന്ന കാര്യം ഓര്‍ക്കുക.
നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ അതില്‍ വരുന്ന ചാര്‍ജുകള്‍, മറ്റു നിബന്ധനകള്‍ എന്നിവ മനസ്സിലാക്കി വേണം നിക്ഷേപിക്കുന്നത്. നിക്ഷേപങ്ങളിലെ ചാര്‍ജുകള്‍ നമ്മുടെ നിക്ഷേപത്തിന്‍റെ വളര്‍ച്ച കുറയാന്‍ ഇടയാക്കും അതോടൊപ്പം തന്നെ നികുതി വഴിയുള്ള നഷ്ടം കുറയ്ക്കാന്‍ സാധിക്കുന്ന രീതിയില്‍ കൂടിയാകണം നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. അല്ലാതെ ഏതെങ്കിലും വികാരങ്ങളുടെ അടിസ്ഥാനത്തില്‍ ആകരുത്. ജീവിതലക്ഷ്യങ്ങള്‍ക്കുള്ള തുക സമാഹരിക്കാന്‍ അനുയോജ്യമായ നിക്ഷേപങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വരുന്ന വാര്‍ത്തകളുടെയും വിശകലനങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കരുത് നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. വരുമാനം ലഭിച്ചു തുടങ്ങുമ്പോള്‍ തന്നെ നിക്ഷേപങ്ങള്‍ തുടങ്ങുക എന്നതാണ് പ്രധാനം. എന്നാല്‍ മാത്രമേ കൂട്ടുപലിശയുടെ ആനുകൂല്യം പരമാവധി നേടാനാവുകയുള്ളൂ. എത്ര തുക നിക്ഷേപിച്ചു എന്നതിലല്ല, ചെറിയ തുകയാണെങ്കില്‍പോലും നിക്ഷേപം അച്ചടക്കത്തോടെ നടത്തുക എന്നതാണ് പ്രധാനം.
First published in Mangalam