രാവിലെ മുതല്‍ രാത്രി വരെ നാം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഒരവധി ദിവസം ഇരുന്ന് ചിന്തിച്ചാല്‍ നമുക്ക് മനസിലാകും. കുടുംബത്തിലെ എല്ലാ ആവശ്യങ്ങളും തടസ്സം കൂടാതെ കഴിഞ്ഞു പോകാന്‍ ഉറക്കം എഴുന്നേല്‍ക്കുന്നത് മുതല്‍ ഉറങ്ങാന്‍ കിടക്കുന്നതുവരെയുള്ള സമയം നാം ചെയ്യുന്ന കാര്യങ്ങള്‍ ആലോചിച്ചാല്‍ ഒരു തരം തരിപ്പയിരിക്കും. പ്രത്യേകിച്ചു കഴിഞ്ഞ രണ്ടു വര്‍ഷമായി പൊയ്പ്പോയ താളം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് എല്ലാവരും. കുട്ടികളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍, അവരുടെ കൂടെ ഇരിക്കല്‍, വീട്ടിലെ കാര്യങ്ങള്‍, കള്ളിമുണ്ടും കോട്ടുമിട്ട് നടത്തിവരുന്ന ബിസിനസ്സ് വെബ്ബിനാറുകള്‍ മുഖാവരണമിട്ട വല്ലപ്പോഴുമുള്ള ഊരുചുറ്റല്‍ എന്നിങ്ങനെ ജീവിതം കൂടുതല്‍ തിരക്കേറിയതും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമായി. എങ്ങിനെ നടന്നു പോകുന്നു എന്ന് ചോദിച്ചാല്‍ പ്രത്യേകിച്ചു ഉത്തരമില്ല.
ജീവിത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനിടയില്‍ നാം മറന്നു പോകുന്നതും, ശരിയായ രീതിയില്‍ നടപ്പാക്കാന്‍ സാധിക്കാതെ പോകുന്നതുമായ ഒരു കാര്യമാണ് നമ്മുടെ ജീവിത ലക്ഷ്യങ്ങളിലേക്കുള്ള പ്ലാനിംഗ്. ഇതെഴുതാനുണ്ടായ കാരണവും കഴിഞ്ഞ ദിവസം ഞാന്‍ വിശകലനം ചെയ്യാനിടയായ ഒരാളുടെ നിക്ഷേപത്തിലെ ചില ഘടകങ്ങളാണ്. സാധാരണയായി ഒരാളുടെ ജീവിതത്തില്‍ നേടാന്‍ ആഗ്രഹിക്കുന്ന നാല് പ്രധാനപ്പെട്ട സാമ്പത്തിക ലക്ഷ്യങ്ങള്‍ എന്ന് പറയുന്നത് കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ വിവാഹം, സ്വന്തമായൊരു വീട്, പിന്നെ വിരമിക്കാനുള്ള തുക, എന്നിങ്ങനെയാണ്. ഈ നാലു ലക്ഷ്യങ്ങളുടെയും അടിസ്ഥാന ആവശ്യം പണമാണെങ്കിലും അവ സ്വരൂപിക്കാനുള്ള മാര്‍ഗ്ഗം തികച്ചും വ്യത്യസ്തമാണ്. ഈ വ്യത്യസ്തതയാണ് ഒരാള്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടാകാനുള്ള പിഴവുകള്‍ക്ക് കാരണവും. ‘തിരക്കേറിയ ജീവിതത്തിനിടയില്‍ ഒരു ചായ പോലും ആസ്വദിച്ചു കുടിക്കാന്‍ സമയമില്ലാത്തപ്പോള്‍ ആര്‍ക്കാണ് നിക്ഷേപങ്ങള്‍ ലക്ഷ്യത്തിനനുസരിച്ച് തരം തിരിച്ച് വിലയിരുത്തി വിന്യസിച്ച് നിക്ഷേപിക്കാന്‍ നേരം?’
- എന്നാണ് നിങ്ങളുടെ ചോദ്യമെങ്കില്‍ ‘പിന്നെ എന്തിനു വേണ്ടിയാണ് നിങ്ങള്‍ ഇത്ര തിരക്കിട്ടു ജോലി ചെയ്യുന്നത്?’ എന്ന് ഞാന്‍ തിരിച്ചു ചോദിക്കേണ്ടതായി വരും. നാം രാവന്തിയോളം അധ്വാനിക്കുന്നതിന്‍റെ ഗുണം ലഭിക്കണമെങ്കില്‍ നമ്മുടെ കുടുംബത്തിന്‍റെ ജീവിത ലക്ഷ്യങ്ങള്‍ ഒരു പിരിമുറുക്കവും കൂടാതെ നേടാന്‍ സാധിക്കണം.
തിരക്കുകള്‍ ഒരു ഭാഗത്തു ഉത്തരമില്ലാത്ത വെല്ലുവിളിയായി നിലനില്‍ക്കുമ്പോള്‍ നിക്ഷേപങ്ങളില്‍ തെല്ലെങ്കിലും ചിട്ട കൊണ്ടുവരാനാണ് ഇനി പറയുന്ന നിര്‍ദ്ദേശങ്ങള്‍.
കുട്ടികളുടെ വിദ്യാഭ്യാസം
ഏതൊരു മാതാപിതാക്കളും പരമോന്നത പ്രാധാന്യം നല്‍കേണ്ട ഒരു ലക്ഷ്യമാണ് തങ്ങളുടെ കുട്ടികള്‍ക്ക് അവരാഗ്രഹിക്കുന്ന വിദ്യാഭ്യാസം നേടിക്കൊടുക്കുക എന്നത്. ഇതില്‍ ലക്ഷ്യമിടേണ്ടത് വായ്പയെടുക്കാതെ വിദ്യാഭ്യാസചിലവുകള്‍ക്ക് പണം കണ്ടെത്തുക എന്നതായിരിക്കണം. വിദ്യാഭ്യാസ വായ്പയാണ് ഏറ്റവും കൂടുതല്‍ സാമ്പത്തിക ബുദ്ധിമുട്ടാകുന്ന ഒന്ന്. കുട്ടികള്‍ തിരിച്ചടക്കുമെന്നു കരുതി എടുക്കുന്ന വായ്പ കുട്ടികള്‍ അടയ്ക്കാതെ അവസാനം അത് മാതാപിതാക്കള്‍ക്ക് തലവേദനയായി മാറിയിട്ടുള്ള അനുഭവങ്ങളാണ് ഏറെയും. ഇതിന് ഇരുകൂട്ടരെയും കുറ്റം പറയാനാകില്ല. ആദ്യമായി ഒരു ജോലിക്കു കയറുന്നതിനു മുന്‍പേ തന്നെ ഒരു വായ്പാഭാരം പേറാന്‍ ആരും തന്നെ ആഗ്രഹിക്കില്ല. വീടിന്‍റെ വായ്പയും വണ്ടിയുടെ ലോണും വരുമാനത്തില്‍ പിടിമുറുക്കുമ്പോള്‍ വിദ്യാഭ്യാസ വായ്പകൂടി തിരിച്ചടക്കേണ്ടി വരുന്നതിന്‍റെ ബുദ്ധിമുട്ട് ചെറുതല്ല. വിദ്യാഭ്യാസ വായ്പകള്‍ ബാങ്കുകള്‍ക്ക് കിട്ടാക്കടമായി മാറുന്നതിന്‍റെ കാരണം ഇതാണ്.
ഏതെങ്കിലുമൊരു കോഴ്സ് ലക്ഷ്യമിടുന്നതാണ് മറ്റൊരു പ്രശ്നം. കുട്ടി ചെറുതായിരിക്കുമ്പോള്‍ തന്നെ കോഴ്സ് നിശ്ചയിക്കുന്ന മാതാപിതാക്കളുണ്ട്. കുട്ടി വലുതായതിനു ശേഷം അവന്‍റെ അഭിരുചികളും അന്നത്തെ അവസരങ്ങളും മാറിവരും. അതുകൊണ്ട് ഒരു പ്രത്യേക കോഴ്സ് ലക്ഷ്യമിടാതെ, എത്തിപ്പിടിക്കാവുന്ന ഒരു തുക ലക്ഷ്യമിടുന്നതാണ് നല്ലത്. വിദ്യാഭ്യാസത്തിലേക്കായി ചെയ്യുന്ന നിക്ഷേപങ്ങളില്‍ പ്രധാനം മ്യൂച്വല്‍ ഫണ്ട് എസ്ഐപി യും പിപിഎഫും സുകന്യ സമൃദ്ധി പദ്ധതിയുമാണ്. ഇന്‍ഷുറന്‍സ് കമ്പനികളുടെ ചൈല്‍ഡ് പ്ലാനില്‍ വിപണിയധിഷ്ഠിത സ്കീമുകളില്‍ ചാര്‍ജ്ജ് കൂടുതലായതുകൊണ്ട് അവ അഭികാമ്യമല്ല. നികുതിയിളവുള്ളതുകൊണ്ട് ഒരു പരിധിവരെ എന്‍ഡോവ്മെന്‍റ് പദ്ധതികള്‍ നല്ലതെങ്കിലും ആവശ്യത്തിന് പണം സമാഹരിക്കാന്‍ മേല്പറഞ്ഞ പദ്ധതികള്‍ എല്ലാം വേണ്ടിവരും. ഇന്നേക്ക് 7 വര്‍ഷത്തിനു ശേഷം 15 ലക്ഷം രൂപ ഇന്നത്തെ നിലയ്ക്ക് ചെലവ് വരുന്ന ഒരു കോഴ്സിന്‍റെ ഫീസ് 8 ശതമാനം പണപ്പെരുപ്പം കണക്കാക്കിയാല്‍ ഏകദേശം 28 ലക്ഷം രൂപയായിരിക്കും. ഇതിലേക്ക് 15 ലക്ഷം ലഭിക്കത്തക്ക രീതിയില്‍ ചേരുന്ന ഒരു പോളിസിമൂലം പകുതി ചിലവുകള്‍ മാത്രമേ നടത്താന്‍ സാധിക്കൂ. ഈയൊരു തെറ്റാണു മിക്കവരും ചെയ്യുന്നത് ഈയിടെ എന്‍റെയടുത്തു വന്ന നിക്ഷേപന്‍റെ സ്ഥിതിയും ഇതായിരുന്നു. ബാക്കി തുക സമാഹരിക്കാന്‍ കൂടുതല്‍ പ്രതിമാസ നിക്ഷേപം എത്രമാത്രം വേണ്ടിവരുമെന്ന് കണ്ടെത്തിയപ്പോഴാണ് അദ്ദേഹത്തിന് സ്വന്തമായി ചെയ്ത നിക്ഷേപങ്ങളിലെ ന്യൂനത പിടികിട്ടിയത്.
മക്കളുടെ വിവാഹം
പണ്ടുകാലത്ത് വിവാഹത്തിന് സ്വര്‍ണ്ണം എന്ന ഒരു ഘടകമായിരുന്നു എറ്റവും ചിലവേറിയത്. ഇന്നത് അത്രകണ്ട് പ്രധാനപ്പെട്ടതല്ലാതായി മാറി. ഇന്ന് വിദ്യാഭ്യാസം, ജോലി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ക്കാണ് മുന്‍തൂക്കം. വിവാഹചിലവുകളില്‍ ഇന്നും എന്നും നിലനിന്നേക്കാവുന്ന പ്രവണത ചടങ്ങിലെ ആര്‍ഭാടമാണ്. വിവാഹങ്ങള്‍ നടത്തുന്ന രീതില്‍, അതിന്‍റെ തയ്യാറെടുപ്പുകള്‍, സ്ഥലം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ ചിലവ് ഏറിവരുന്നതായി കാണുന്നുണ്ട്. ഉദാ: കപ്പലില്‍ വെച്ച്, ആകാശത്തുെ, പുറം രാജ്യങ്ങളില്‍ വെച്ച്, ഒക്കെ വിവാഹങ്ങള്‍ നടത്തപ്പെടുമ്പോള്‍ ചിലവ് അതിനനുസരിച്ച് കൂടിവരും. ഒരു വശത്ത് സ്വര്‍ണ്ണം പോലുള്ള കാര്യങ്ങളില്‍ ലാഭമുണ്ടെങ്കുലും മറു വശത്ത് ചിലവ് കൂടിതന്നെയിരിക്കും. ഇതിലേക്കായി നിക്ഷേപിക്കാവുന്നതില്‍ ഏറ്റവും അനുയോജ്യമായത് എസ്ഐപി തന്നെയായിരിക്കും. ഒരു പരിധിവരെ ബാങ്കിലെ ആര്‍ഡി, ചിട്ടി, എന്നിവ ഉപയോഗിയ്ക്കാവുന്നതാണ്. സ്വരൂപിക്കുന്ന തുകയനുസരിച്ച് ചിലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. മറ്റു ലക്ഷ്യങ്ങളിലേക്കായി മാറ്റിവെച്ചിട്ടുള്ള തുക ഇതിനായി ഉപയോഗിക്കരുത്.
ഇതില്‍ മക്കളുടെയും കൂടി ഭൂരിഭാഗമുള്ള സംഭാവന ഉണ്ടാകാമെന്നത് ഒരു ആശ്വാസകരമായ കാര്യമാണ്. മാതാപിതാക്കള്‍ ഈ അവസരത്തില്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം, പിഎഫ്, ഗ്രാറ്റിവിറ്റി, വിരമിക്കുന്നതിലേക്കുള്ള നിക്ഷേപങ്ങളും നീക്കിയിരുപ്പുകളും ഒന്നും തന്നെ വിവാഹാവശ്യത്തിനായി ഉപയോഗിക്കരുത് എന്നതാണ്. കുട്ടികളുടെ വിവാഹവും വിവരമിക്കുന്ന സമയവും ഏകദേശം അടുത്ത വര്‍ഷങ്ങളില്‍ ആയേക്കാമെന്നതുകൊണ്ട് ആ സമയത്തെ മാനസികാവസ്ഥയില്‍ ഉള്ളതെല്ലാം വിറ്റു പെറുക്കാനുള്ള പ്രവണത കാണിച്ചേക്കാം. പക്ഷെ അത് ഏറ്റവും ആപല്‍ക്കരമായ ഒന്നാണ്. പ്രധാനമായി പെന്‍ഷനായുള്ള നീക്കിയിരുപ്പ് ഒരിക്കലും ഒരാവശ്യത്തിലേക്കും എടുക്കരുത്. വിവാഹത്തിന്‍റെ സമയത്ത് സ്ഥലമായോ, വീടായോ, തന്‍റെ കാലശേഷം കൈമാറുന്ന ഉടമസ്ഥതയുടെ പേരിലോ പാരിതോഷികങ്ങള്‍ നല്കുന്നതാവും അഭികാമ്യം.
First published in Mangalam