ജോലിയില്‍ ആയിരിക്കുമ്പോള്‍ ലഭിക്കുന്ന വരുമാനത്തില്‍ നിന്ന് യഥേഷ്ടം വിനിയോഗിച്ച് ജീവിത ചിലവുകള്‍ളും മറ്റ് ആവശ്യങ്ങളും നിറവേറ്റാനാകും. അതേപോലെതന്നെ, ജോലിയില്‍ നിന്ന് വിരമിച്ച ശേഷവും ജീവിതാവശ്യങ്ങള്‍ക്കും മറ്റും യഥേഷ്ടം വിനിയോഗിക്കുന്നതിനാണ് റിട്ടയര്‍മെന്‍റ് കോര്‍പ്പസ് ഉണ്ടാക്കേണ്ടത്. ദൈനംദിന ചിലവുകള്‍ പണപ്പെരുപ്പംമൂലം ഉയര്‍ന്നു വരുന്നതുകൊണ്ട് അതനുസരിച്ചുള്ള തുക സമാഹരിച്ചാല്‍ മാത്രമേ നിലവിലെ ജീവിതം നിലവാരത്തില്‍ തന്നെ വിരമിച്ച ശേഷവും ജീവിക്കാനാവൂ. എന്നാല്‍ വിരമിച്ച ശേഷം ലഭിക്കുന്ന തുകകള്‍ എങ്ങനെ നിക്ഷേപിക്കണം എന്ന് പലപ്പോഴും ആശയക്കുഴപ്പം ഉണ്ടാക്കുന്ന കാര്യമാണ്. വിരമിച്ച ശേഷം മറ്റു വരുമാന സ്രോതസ്സുകള്‍ ഇല്ലാത്തതുകൊണ്ട് ജോലിയില്‍ നിന്ന് വിരമിക്കുമ്പോള്‍ ലഭിക്കുന്ന തുകയും സ്വന്തം റിട്ടയര്‍മെന്‍റിനായി സമാഹരിച്ച തുകയും ശരിയായി നിക്ഷേപിച്ച് പ്രതിമാസ ചിലവിനുള്ള തുക കണ്ടെത്തുകയാണ് പ്രധാനം. റിട്ടയര്‍മെന്‍റിനു ശേഷം നിക്ഷേപിക്കുന്ന തുക സ്ഥിര വരുമാനം ലഭിക്കുന്നതോടൊപ്പം സുരക്ഷിതവും ആയിരിക്കണം. അതുകൊണ്ടുതന്നെ നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കുന്നത് കരുതലോടെ ആയിരിക്കണം. സുരക്ഷിത നിക്ഷേപം എന്ന് പറയുമ്പോള്‍ തന്നെ മനസ്സിലേക്ക് വരിക ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ തന്നെയായിരിക്കും. ഉയര്‍ന്ന പലിശ നിരക്ക് ലഭിക്കുന്ന സന്ദര്‍ഭങ്ങളില്‍ ദീര്‍ഘ കാലയളവില്‍ നിക്ഷേപം നടത്തിയാല്‍ സ്ഥിര വരുമാനം ഉറപ്പുവരുത്താന്‍ ഇത്തരം നിക്ഷേപങ്ങള്‍ സഹായിക്കും. ബാങ്ക് സ്ഥിരനിക്ഷേപം പോലെ തന്നെ സുരക്ഷിതമാണ് ഉയര്‍ന്ന റേറ്റിംഗ് ഉള്ള ബോണ്ടുകളില്‍ നിക്ഷേപിക്കുന്നത.് ഇവയുടെ പലിശ നിരക്ക് ഏകദേശം സ്ഥിരനിക്ഷേപത്തിന്‍റെ നിരക്കിന് സമാനമായിരിക്കും.
60 വയസ്സിന് മുകളിലാണ് പ്രായം എങ്കില്‍ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്കീം നല്ലൊരു നിക്ഷേപ പദ്ധതിയാണ.് 30 ലക്ഷം രൂപ വരെയാണ് ഒരു വ്യക്തിക്ക് ഇതില്‍ നിക്ഷേപിക്കാന്‍ പറ്റുന്ന പരമാവധി തുക. അഞ്ചുവര്‍ഷ കാലാവധിയുള്ള ഈ നിക്ഷേപത്തിന് 8.2 ശതമാനമാണ് ഇപ്പോള്‍ ഉള്ള പലിശ നിരക്ക.് ഭാര്യയും ഭര്‍ത്താവും 60 വയസ്സ് കഴിഞ്ഞതാണെങ്കില്‍ രണ്ടുപേര്‍ക്കും കൂടി 60 ലക്ഷം രൂപ ഈ പദ്ധതിയില്‍ നിക്ഷേപിക്കാനാകും.
പോസ്റ്റ് ഓഫീസ് എംഐഎസ് ആണ് പ്രതിമാസ വരുമാനം ഉറപ്പാക്കാന്‍ സാധിക്കുന്ന മറ്റൊരു പദ്ധതി. ഇപ്പോള്‍ 7.4 ശതമാനം പലിശ നിരക്ക് നല്‍കുന്ന ഈ പദ്ധതിയില്‍ പരമാവധി 9 ലക്ഷം രൂപയാണ് ഒരു വ്യക്തിയുടെ പേരില്‍ നിക്ഷേപിക്കാനാവുന്നത്. ജോയിന്‍റ് അക്കൗണ്ട് ആണെങ്കില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാം.
നല്ല വാടക വരുമാനം ലഭിക്കുന്ന പ്രദേശമാണ് എങ്കില്‍ കെട്ടിടങ്ങള്‍ പണിത് വാടക മേടിക്കുന്നത് പ്രതിമാസ വരുമാനം ഉറപ്പുവരുത്താന്‍ സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ്. എന്നാല്‍ ഇത് വലിയ നിക്ഷേപം ആയതുകൊണ്ടും ലിക്വിഡിറ്റി കുറവുള്ളതായത് കൊണ്ടും വളരെ ആലോചിച്ച് മാത്രമേ ഇത്തരം നിക്ഷേപം തിരഞ്ഞെടുക്കാവൂ.
ആന്വിറ്റി പ്ലാനുകളാണ് സ്ഥിരം വരുമാനം ഉറപ്പ് നല്‍കുന്ന മറ്റൊരു നിക്ഷേപ പദ്ധതി. ദീര്‍ഘകാലയളവിലേക്ക് ഒരു നിശ്ചിത പലിശ നിരക്ക് ഉറപ്പിക്കാനാവും എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ആകര്‍ഷണം. ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന ഇത്തരം പദ്ധതികള്‍ റിട്ടയര്‍മെന്‍റ് തുക നിക്ഷേപിക്കാന്‍ പറ്റുന്ന മികച്ച പദ്ധതിയാണ്.
ഇതുവരെ ഉറപ്പായ വരുമാനം ലഭിക്കുന്ന പദ്ധതികളാണ് കണ്ടതെങ്കില്‍ കൂടുതല്‍ വളര്‍ച്ച ലഭിക്കാന്‍ സാധ്യതയുള്ള മ്യൂച്ചല്‍ ഫണ്ട് നിക്ഷേപങ്ങള്‍ റിട്ടയര്‍മെന്‍റിനായി വിനിയോഗിക്കാവുന്നതാണ്. റിട്ടയര്‍മെന്‍റ് ദീര്‍ഘകാലയളവില്‍ ഉള്ളതായതുകൊണ്ട് വരുമാനത്തിന്‍റെ ചെറിയ ഒരു ഭാഗം നേരത്തെ തന്നെ ഇത്തരം നിക്ഷേപത്തില്‍ ഇടുകയാണെങ്കില്‍ ആകെ നിക്ഷേപത്തിന്‍റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താന്‍ സഹായിക്കും. കൂടാതെ സിസ്റ്റമാറ്റിക് വിത്ത്ഡ്രോവല്‍ പ്ലാന്‍ ഓപ്ഷന്‍ വഴി എല്ലാമാസവും തുക ലഭിക്കുന്ന രീതിയില്‍ ഇതില്‍നിന്ന് വരുമാനം ഉറപ്പുവരുത്താന്‍ സാധിക്കും. ഓഹരി വിപണിയിലെ പ്രകടനം അനുസരിച്ച് ലാഭനഷ്ടങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട് എന്ന കാര്യം ഇത്തരം നിക്ഷേപം തിരഞ്ഞെടുക്കുമ്പോള്‍ ഓര്‍മ്മയില്‍ ഉണ്ടാവേണ്ടതാണ്. അതുകൊണ്ടുതന്നെ ശരിയായ രീതിയില്‍ നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാന്‍ ആവശ്യമെങ്കില്‍ സാമ്പത്തിക വിദഗ്ധരുടെ സഹായം തേടാവുന്നതാണ്.
First published in Mangalam