ഓഹരി വിപണിയില്‍ പുതുതായി എത്തുന്ന ചെറുകിട നിക്ഷേപകരില്‍ ഏറിയ പങ്കും ചില പ്രത്യേക സ്വഭാവസവിശേഷതകള്‍ കാണിക്കുന്നു: അവര്‍ സൂചികകള്‍ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ വിപണിയില്‍ പ്രവേശിക്കുകയും നിലവാരം കുറഞ്ഞ ഓഹരികള്‍ വാങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന് വിപണിയില്‍ തിരുത്തലുകള്‍ സംഭവിക്കുമ്പോള്‍ പരിഭ്രാന്തരായി തങ്ങള്‍ വാങ്ങിയ ഓഹരികള്‍ നഷ്ടത്തില്‍ വിറ്റ് വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നു. ചരിത്രം പരിശോധിച്ചാല്‍ ഈ പ്രവണത ഓരോ ബുള്‍ ഘട്ടത്തിലും ആവര്‍ത്തിച്ചതായി കാണാം. 1992, 2000, 2008, 2020 വര്‍ഷങ്ങളിലെ തകര്‍ച്ചകളില്‍ ഈ ചരിത്രം ആവര്‍ത്തിച്ചു. ചെറുകിട നിക്ഷേപകര്‍ക്ക് അവരുടെ നിലവാരം കുറഞ്ഞ നിക്ഷേപങ്ങളിലും വിപണിയിലെ ഊഹക്കച്ചവടത്തിലും കനത്ത നഷ്ടം സംഭവിച്ചു. അതേസമയം ഉയര്‍ന്ന നിലവാരമുള്ള സ്റ്റോക്കുകളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിച്ചവര്‍ വിപണിയുടെ കുതിപ്പിനായി ക്ഷമയോടെ കാത്തിരുന്നു, ധാരാളം പണം സമ്പാദിച്ചു. ദീര്‍ഘകാല നിക്ഷേപകര്‍ ഓഹരി നിക്ഷേപത്തില്‍ നിന്ന് മികച്ച നേട്ടം കൈവരിക്കുമ്പോള്‍ ഭൂരിഭാഗം ഊഹക്കച്ചവടക്കാരും പണം നഷ്ടപ്പെടുത്തുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്.
89 ശതമാനം നിക്ഷേപകര്‍ക്കും പണം നഷ്ടപ്പെടുന്നു എന്ന സെബിയുടെ കണ്ടെത്തല്‍
വിപണിയില്‍ വ്യാപാരം ചെയ്യുന്നവരുടെ എണ്ണത്തില്‍ സ്ഫോടനാത്മകയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ലക്ഷമായിരുന്ന ട്രേഡര്‍മാരുടെ എണ്ണം 2022ല്‍ 45.2 ലക്ഷമായി കുതിച്ചുയര്‍ന്നു. എന്നാല്‍ ഇക്വിറ്റി എഫ്&ഒ വിഭാഗത്തിലെ വ്യക്തിഗത ട്രേഡര്‍മാരുടെ 89 ശതമാനം പേര്‍ക്കും 2022 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 1.1 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സെബിയുടെ സമീപകാല പഠനം കണ്ടെത്തിയിട്ടുണ്ട്. ഇതേ സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 1.5 ലക്ഷം രൂപ ലാഭം നേടിയത് പത്ത് പേരില്‍ ഒരാള്‍ മാത്രമാണ്.
സെബിയുടേത് ഒരു പുതിയ കണ്ടെത്തലല്ല, മറിച്ച് കാലങ്ങളായി വിപണിയില്‍ ഏവര്‍ക്കും അറിയുന്ന വസ്തുതയുടെ സ്ഥിരീകരണം മാത്രമാണ്. 95 ശതമാനം നിക്ഷേപകര്‍ക്കും പണം നഷ്ടപ്പെടുന്നുവെന്ന് ദശലക്ഷക്കണക്കിന് ഇടപാടുകാരുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഡിസ്കൗണ്ട് ബ്രോക്കിങ് സ്ഥാപനത്തിന്‍റെ സിഇഒ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. നേട്ടമുണ്ടാക്കുന്ന 5 ശതമാനത്തില്‍ ഒരു ശതമാനം പേര്‍ക്ക് മാത്രമേ സ്ഥിരവരുമാന നേട്ടത്തെ കവച്ചുവെക്കുന്ന വരുമാനം ലഭിക്കുന്നുള്ളൂ. മുന്‍കാലങ്ങളിലെ സ്ഥിതിവിശേഷം ഇതായിരുന്നു. ഭാവിയിലും ഈ പ്രവണത തുടരും. പുതുതായി വിപണിയിലെത്തുന്നവര്‍ ഈ വസ്തുത എത്ര നേരത്തെ തിരിച്ചറിയുന്നുവോ അത്രയും നല്ലത്.
നവാഗതരെ കുടുക്കുന്ന യൂട്യൂബര്‍മാര്‍
ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2020 മാര്‍ച്ചില്‍ 4.09 കോടിയില്‍ നിന്ന് 2022 സെപ്റ്റംബറില്‍ 10 കോടിയായി കുത്തനെ ഉയര്‍ന്നത് ‘വ്യാപാരരംഗത്തെ വിദഗ്ധര്‍’ എന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്ക് വീണു കിട്ടിയ അവസരമായിത്തീര്‍ന്നു. എങ്ങനെ വ്യാപാരം ചെയ്യാമെന്നും പണം സമ്പാദിക്കാമെന്നും പഠിപ്പിക്കാമെന്ന അവകാശവാദമുന്നയിക്കുന്ന പരസ്യങ്ങളുമായി ഡസന്‍ കണക്കിന് യൂട്യൂബര്‍മാര്‍ എത്തി. ‘വീട്ടിലിരുന്ന് പണം സമ്പാദിക്കാം,’ ‘വെറും 1000 രൂപ കൊണ്ട് 10 ലക്ഷം രൂപ ഉണ്ടാക്കാം’ തുടങ്ങിയ പരസ്യങ്ങള്‍ പ്രചരിപ്പിച്ചു. അതിരുകടന്ന ഒരു പരസ്യത്തില്‍ കണ്ട കാര്യമിതാണ്: കൗമാരത്തിന്‍റെ തുടക്കത്തിലെപ്പോലെ തോന്നിക്കുന്ന ഒരു ആണ്‍കുട്ടി ഒരു ഓപ്ഷന്‍ വ്യാപാരം നടത്തുകയും ആ വ്യാപാരത്തില്‍ നിന്ന് പണം സമ്പാദിക്കുകയും ചെയ്യുന്നതായി കാണിച്ചു. ചെറുകിടക്കാര്‍ ഇത്തരക്കാരുടെ കെണിയില്‍ വീഴാതെ സൂക്ഷിക്കണം.
നെല്ലും പതിരും വേര്‍തിരിച്ചറിയുക
നവ മാധ്യമങ്ങളിലൂടെ ആളുകളെ ആകര്‍ഷിക്കുന്നവര്‍ പ്രശ്നക്കാരാവുന്നത് രണ്ട് തരത്തിലാണ്: ഒന്ന്, څപംമ്പ് ആന്‍ഡ് ഡംപ്چ സ്കീമുകളുപയോഗിച്ച് കൃത്രിമത്വം നടത്തുന്നതിലൂടെ; രണ്ട്, തങ്ങളുടെ ട്രേഡിംഗ് കോഴ്സുകളിലൂടെ ഡെറിവേറ്റീവുകളിലെ വ്യാപാരത്തിലേക്കും ഡേ ട്രേഡിംഗിലേക്കും പുതുമുഖങ്ങളെ ആകര്‍ഷിക്കുന്നതിലൂടെ. നിലവാരം കുറഞ്ഞ കമ്പനികളുടെ ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടി ഏറ്റെടുക്കല്‍ പോലെയുള്ള വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കി അവയുടെ വില കൃത്രിമമായി പെരുപ്പിച്ച് തങ്ങളുടെ കയ്യിലുള്ള ഓഹരികള്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റ് തലയൂരുന്ന രീതിയാണ് څപംമ്പ് ആന്‍ഡ് ഡംപ്چ. അടുത്തിടെ, പംമ്പ് ആന്‍ഡ് ഡംപ് കൃത്രിമത്വത്തിന്‍റെ പേരില്‍ ബോളിവുഡ് നടന്‍ അര്‍ഷാദ് വാര്‍സിയെയും ഭാര്യയെയും വിപണിയില്‍ നിന്ന് സെബി വിലക്കിയിരുന്നു.
ഈ മേഖലയില്‍ അനാരോഗ്യ പ്രവണതകള്‍ ഉണ്ടെന്നു പറയുമ്പോള്‍ തന്നെ നവാഗതര്‍ക്ക് സാമ്പത്തിക സാക്ഷരത നല്‍കി ആരോഗ്യകരമായ നിക്ഷേപത്തിലേക്ക് കൈപിടിച്ചു നയിക്കുന്ന ഉത്തരവാദിത്തമുള്ള നിരവധി യുട്യൂബര്‍മാരുണ്ടെന്നുള്ളതും ഒരു വസ്തുതയാണ്. അതുകൊണ്ടു തന്നെ നെല്ലും പതിരും തിരിച്ചറിയേണ്ടത് വളരെ വളരെ അത്യാവശ്യമാണ്.
ഓഹരിവ്യാപാരം ഒരു തൊഴില്‍?
സ്വയം പ്രഖ്യാപിത യുട്യൂബ് വിദഗ്ദ്ധരുടെ څഓഹരി വ്യാപാരം ഒരു തൊഴില്‍چഎന്നതരത്തിലുള്ള പ്രചാരണത്തില്‍ പലരും വീണുപോയിട്ടുണ്ട്. വീട്ടിലിരുന്ന് ഡേ ട്രേഡിംഗും ഡെറിവേറ്റീവ് ട്രേഡിംഗും നടത്തി സ്ഥിരമായ വരുമാനം നേടാമെന്ന അവകാശവാദവുമായി ചിലര്‍ സ്ത്രീകളെ ലക്ഷ്യമിടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പെരുകിയ ചെറുകിട നിക്ഷേപകരില്‍ പലരും ഈ കെണിയില്‍ അകപ്പെട്ടുകൊണ്ടിരിക്കുന്നു. അവരില്‍ ഭൂരിഭാഗത്തിനും ഇതിനകം തന്നെ ധാരാളം പണം നഷ്ടപ്പെട്ടിട്ടുണ്ട്. തങ്ങളുടെ തെറ്റ് മനസ്സിലാക്കുകയും ഡെറിവേറ്റീവുകളിലെ വ്യാപാരവും ഡേ ട്രേഡിംഗും നിര്‍ത്തിയില്ലെങ്കില്‍ ഇനിയും പണം നഷ്ടപ്പെട്ടേക്കാം.
പരീക്ഷിച്ചു വിജയിച്ച രീതി പിന്തുടരുക
ഉയര്‍ന്ന ഗുണമേډയുള്ള ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലുമുള്ള നിക്ഷേപം മറ്റു നിക്ഷേപ മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നേട്ടം നല്‍കുന്നു എന്നത് ചരിത്ര വസ്തുതയാണ്. ഇത് ദീര്‍ഘകാലാടിസ്ഥാനത്തിലാണ് എന്നത് ശ്രദ്ധേയമണ്. ആറ് മാസത്തിലോ ഒരു വര്‍ഷത്തിലോ രണ്ട് വര്‍ഷത്തിലോ അല്ല, നാല് വര്‍ഷവും അതിനുമുകളിലും ഉള്ള കാലയളവില്‍. അതിനാല്‍, നിക്ഷേപകര്‍ ലളിതമായ ഒരു നിക്ഷേപ തന്ത്രം പിന്തുടരുക: ഉയര്‍ന്ന നിലവാരമുള്ള സ്റ്റോക്കുകളില്‍ നിക്ഷേപിക്കുക അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി അച്ചടക്കത്തോടെ നിക്ഷേപിക്കുക. ഒപ്പം ക്ഷമയോടെ കാത്തിരിക്കുക.
First published in Sampadyam