സാമ്പത്തിക ഫലങ്ങൾ വിപണിയെ തുണച്ച വാരമാണ് കടന്നു പോയത്. അൽപം ചഞ്ചലമായിരുന്നെങ്കിലും അനുകൂല സാഹചര്യത്തിൽ കണക്കുകൾ വിപണിയെ സഹായിച്ചു. തിങ്കളാഴ്ച 2021 സാമ്പത്തിക വർഷം നാലാം പാദഫലങ്ങളുടേയും ജിഡിപി വളർച്ചാ നിരക്കിന്റേയും കണക്കുകളാണ് പ്രഖ്യാപിക്കപ്പെട്ടത്. വിശാല അർത്ഥത്തിൽ അങ്ങേയറ്റം അനുകൂലമായ പ്രതികരണമാണ് ഈ കണക്കുകളുണ്ടാക്കിയത്.
2022 സാമ്പത്തിക വർഷം രണ്ടാംപാദം മുതൽ സമ്പദ് വ്യവസ്ഥയിലും കോർപറേറ്റ് വരുമാനത്തിലും അനുഭവപ്പെട്ട വളർച്ച ബിസിനസ് മേഖലയ്ക്ക് വൻതോതിൽ ഉത്തേജനം പകരുന്നതായി. 2021 സാമ്പത്തിക വർഷം നാലാം പാദത്തിലേയും 2022 സാമ്പത്തിക വർഷം ആദ്യ പാദത്തിലേയും കോർപറേറ്റ് ഫലങ്ങൾ ഇതിനകം വിപണി ഉൾക്കൊള്ളുകയും സാമ്പത്തികമേഖലയിൽ പ്രകടമാവുകയും ചെയ്തു കഴിഞ്ഞിരുന്നതിനാൽ ജിഡിപി വളർച്ചാ നിരക്ക് വിപണിയെ സംബന്ധിച്ചേടത്തോളം പ്രാധാന്യമുള്ളതായിരുന്നില്ല.
കോവിഡ് കേസുകളുടെ എണ്ണംകുറഞ്ഞതും ഡിമാന്റു വർധനയും ഉത്തേജകപദ്ധതികളും വ്യാപകമായ കുത്തിവെയ്പും സാമ്പത്തിക വളർച്ചാപ്രതീക്ഷയും വിപണിയെ മികച്ച നിലവാരത്തിലെത്തിച്ചു. പോയവാരം ഇന്ത്യൻ വിപണി നേട്ടങ്ങൾ പിന്തുടരുകയായിരുന്നു. സാമ്പത്തികമായ അനുകൂല കാലാവസ്ഥയും ആഗോളതലത്തിൽ റിസ്‌ക്കെടുത്തുകൊണ്ടുള്ള മുന്നേറ്റങ്ങളും, കനത്ത കണക്കുകളുടെ ആഴ്ച ആയിരുന്നതിനാൽ ആഗോളതലത്തിലുണ്ടായ സമ്മിശ്ര പ്രതികരണങ്ങളുമാണ് ഈ നേട്ടങ്ങൾക്കു കാരണം.
ആർബിഐ പണനയസമിതി യോഗവും മൺസൂൺ കാലതാമസവും മുന്നിൽകണ്ട് പ്രധാന ഇന്ത്യൻ സൂചികകൾ ആദ്യ റൗണ്ട് നേട്ടങ്ങൾ കൈയൊഴിയുകയും ശ്രദ്ധയോടെ ഇടപാടുകളിലേർപ്പെടുകയും ചെയ്തു. എന്നാൽ ഈയവസരത്തിലും വിശാല വിപണി അതിന്റെ കുതിപ്പു തുടരുകയായിരുന്നു. അടിസ്ഥാന വ്യവസായങ്ങളുടെ പിന്തുണയോടെ ഇടത്തരം-ചെറുകിട ഓഹരികൾ മികച്ച പ്രകടനംതുടർന്നു. ബാങ്ക്, ഓട്ടോ, വാഹന അനുബന്ധ വ്യവസായങ്ങൾ, ലോഹങ്ങളും ഊർജ്ജമേഖലയും മറ്റുമായിരിക്കും ഉയരുന്ന സമ്പദ് വ്യവസ്ഥയുടെ പ്രധാന ഗുണഭോക്താക്കളാകാൻ പോകുന്നത്.
പണനയ സമിതി യോഗത്തിന്റെ മുന്നോടിയായി സമ്മിശ്ര ചായ്വുകളുമായി ആഭ്യന്തരവിപണി അതിന്റ അസ്ഥിരത നില നിർത്തുകയായിരുന്നു. ധനകാര്യസ്ഥാപനങ്ങൾ, ഐടി, എഫ്എംസിജി ഓഹരികളിൽ വിൽപന നടന്നെങ്കിലും വാരാന്ത്യത്തോടെ ഇതു കുറയുകയാണുണ്ടായത്. യുഎസ്, ഏഷ്യൻ വിപണികളിൽ നിലനിന്ന ദൗർബ്ബല്യം ടെക് കമ്പനികളിലെ ഓഹരി വിൽപനയിലും പ്രതിഫലിച്ചു. സ്വകാര്യവൽക്കരണത്തിനുള്ള സ്ഥാപനങ്ങളുടെ പട്ടിക സർക്കാർ അന്തിമമായി തീരുമാനിച്ചതോടെ രാജ്യത്ത് പൊതുമേഖലാ ബാങ്ക് ഓഹരികൾക്ക് ആവശ്യക്കാരുണ്ടായി.
പലിശനിരക്കുകൾ നിലനിർത്തുകയും പണത്തിന്റെ ലഭ്യത ഉറപ്പാക്കുകയും ചെയ്തുകൊണ്ട്, വർധിക്കുന്ന ഉൽപന്ന വിലകൾ നിയന്ത്രിച്ച് സാമ്പത്തിക വളർച്ചയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്ന ദൗത്യമാണ് ആർബിഐയിൽ നിന്നു പ്രതീക്ഷിച്ചത്. ഈ പ്രതീക്ഷകൾക്കനുസൃതമായിത്തന്നെയാണ് പണനയ സമിതിയുടെ തീരുമാനംവന്നത്. ബാങ്കിംഗ് രംഗത്ത് കൂടുതൽ പണം എത്തിക്കുന്നതിനും യീൽഡ് നിയന്ത്രിക്കുന്നതിനുമായി സർക്കാർ സെക്യൂരിറ്റികൾ വാങ്ങാൻ തീരുമാനിച്ചു.
2022 സാമ്പത്തിക വർഷത്തേക്കുള്ള പണപ്പെരുപ്പ പ്രവചനം 5.2 ശതമാനത്തിൽ നിന്നു 5.1 ശതമാനമാക്കി കുറച്ച നടപടിയും അനുകൂലമാണ്. 2022 സാമ്പത്തിക വർഷത്തേക്കുള്ള ജിഡിപി വളർച്ചാ കണക്ക് 10.5 ശതമാനത്തിൽ നിന്ന് 9.5 ശതമാനമാക്കി കുറച്ചത് വെള്ളിയാഴ്ച പ്രതികൂലമായി അനുഭവപ്പെട്ടു.
വ്യവസായരംഗത്ത് പഞ്ചസാര മേഖലയിൽ സർക്കാർ കൈക്കൊണ്ട തീരുമാനം ഗുണകരമായി. ഇപ്പോഴത്തെ 7 മുതൽ 8 വരെ ശതമാനത്തിനു പകരം 2023 വരെ പെട്രോളിലെ എത്നോളിന്റെ അംശം 20 ശതമാനമാക്കാനാണ് തീരുമാനിച്ചത്. ഇതു കാരണം വർധിച്ച മൂലധന ചിലവുകളും ധനസംഭരണവും വർധിച്ച നികുതിയും അടുത്ത 2-3 വർഷത്തേക്ക് ഉറപ്പാകും. അന്തർദേശീയ തലത്തിൽ പഞ്ചസാര വില ഉയരുമ്പോൾ ആഭ്യന്തര പഞ്ചസാര വ്യവസായ മേഖലയ്ക്ക് ദീർഘകാലത്തേക്ക് ഗുണകരമാണ്. എത്നോൾ വ്യവസായത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളായിരിക്കും ഇതിന്റെ വലിയ ഗുണഭോക്താക്കൾ.
ആഭ്യന്തര ധനകാര്യ കാഴ്ചപ്പാടിലുണ്ടായ പുരോഗതിയും ആഗോള തലത്തിൽ വർധിച്ച റിസ്‌ക് സന്നദ്ധതയും പ്രധാന അളവുകോൽ പുതിയ നിലവാരത്തിലേക്കുയരാനിടയാക്കി. ഈ ഘട്ടത്തിൽ ലാഭത്തിന്റെ 25 മുതൽ 50 ശതമാനംവരെ സ്വന്തമാക്കിയശേഷം കടപ്പത്രങ്ങളും സ്വർണ്ണവും ചേർത്ത് സന്തുലിതമായൊരു പോർട്ഫോളിയോ നിർമ്മിക്കുന്നത് ബുദ്ധിപരമായ തീരുമാനമായിരിക്കും. കോവിഡ് കേസുകളുടെ എണ്ണം കുറഞ്ഞുവരുന്നതും ധനകാര്യമേഖലയിൽ തിരിച്ചുവരവുണ്ടാകാനുള്ള സാധ്യതയും വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ട്. മുന്നോട്ടു പോകുന്തോറും കൂടിയ വിലകൾ വിപണിയെ ജാഗ്രതയോടെ സമീപിക്കാനിടയാക്കും.
ഓഹരികളും മേഖലകളും തിരിച്ചുവേണം ലാഭമുണ്ടാക്കാൻ. ഇപ്പോഴും ആകർഷകമായ ധാരാളം ഇടങ്ങൾ അവശേഷിക്കുന്നുണ്ട്. ഹൃസ്വകാല-ഇടക്കാല അടിസ്ഥാനത്തിൽ വിശാല വിപണി കുതിപ്പു നിലനിർത്തുകതന്നെ ചെയ്യും. പഞ്ചസാര, കെമിക്കൽസ്, ഓട്ടോ, സ്വകാര്യ ബാങ്കുകൾ, അടിസ്ഥാന വ്യവസായങ്ങൾ എന്നിവയ്ക്കു വിപണിയിലുള്ള മുൻതൂക്കം തുടരും. കോർപറേറ്റ് ലാഭത്തിൽ വർധനയുണ്ടാകുമെന്ന കണക്കു കൂട്ടലും ആഗോള തലത്തിൽ റിസ്‌കെടുക്കാനുള്ള സന്നദ്ധത വർധിച്ചതും ഇതിനു കാരണമാണ്.
First published in Mathrubhumi