കോവിഡിന്‍റെ ഭീഷണി പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലെങ്കിലും സ്കൂളുകള്‍ പൂര്‍ണ്ണരീതിയില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. രണ്ട് വര്‍ഷത്തിന് ശേഷം കുട്ടികള്‍ സ്കൂളുകളിലേക്ക് പോകുമ്പോള്‍ പഠനചെലവുകള്‍ ആയിരിക്കും മാതാപിതാക്കളെ കൂടുതലായി അലട്ടുന്ന പ്രശ്നം. ഈ വര്‍ഷം ഏകദേശം 43 ലക്ഷം കുട്ടികളാണ് സ്കൂളുകളില്‍ പോകുന്നത്. ഇതില്‍ ഏകദേശം 4 ലക്ഷം കുട്ടികളാണ് ഒന്നാം ക്ലാസ്സിലേക്ക് പ്രവേശിച്ചിരിക്കുന്നത്. ഇന്നത്തെ കാലത്ത് സാമ്പത്തിക സ്ഥിതി നോക്കാതെ തന്നെ അവരവരുടെ കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുന്നതില്‍ എല്ലാവരും തല്‍പരരാണ്. അതുകൊണ്ട് തന്നെ വിദ്യാഭ്യാസത്തിനായി വരുന്ന ചിലവുകള്‍ എങ്ങനെയും സമാഹരിക്കാന്‍ രക്ഷിതാക്കള്‍ നെട്ടോട്ടം ഓടുകയാണ്. പഠനാവശ്യത്തിനു ഉണ്ടാകാന്‍ സാധ്യതയുള്ള ചിലവുകള്‍ എത്ര എന്നും എപ്പോള്‍ ആവശ്യം വരുമെന്നും ഏകദേശം കണക്കുകൂട്ടലുകള്‍ എല്ലാവര്‍ക്കും ഉണ്ടെങ്കിലും സ്കൂള്‍ ഫീസ് അടയ്ക്കേണ്ട സമയം ആകുമ്പോള്‍ മാത്രമാണ് ഈ തുക കണ്ടെത്തുന്നതിനെ പറ്റി പലപ്പോഴും ചിന്തിക്കുന്നത്. ഇത് മാതാപിതാക്കള്‍ക്ക് ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദം ചില്ലറയായിരിക്കില്ല. അതുകൊണ്ട് യഥാവിധം കണക്കുകൂട്ടി സ്കൂള്‍ ഫീസും മറ്റു ചിലവുകള്‍ക്കുമുള്ള തുക നേരത്തെ കണ്ടെത്തുന്നതോടൊപ്പം ഉന്നത വിദ്യാഭ്യാസത്തിനുള്ള തുകകൂടി സ്വരൂപിക്കാനായാല്‍ നമ്മുടെ കുട്ടികള്‍ക്ക് ശരിയായ വിദ്യാഭ്യാസം നല്‍കുന്നതോടൊപ്പം മാതാപിതാക്കളുടെ മാനസീക സമ്മര്‍ദ്ദം കുറയ്ക്കാനാകും.
കുട്ടികളുടെ എല്ലാ ടേമുകളിലും വരുന്ന ഫീസ് സ്വരൂപിക്കുന്നതിനു ബാങ്ക് അക്കൗണ്ടിലേക്കോ ലിക്വിഡ് വിഭാഗത്തിലെ മ്യുച്വല്‍ ഫണ്ട് സ്കീമുകളിലോ നിക്ഷേപിക്കാം. അടുത്ത വര്‍ഷത്തേക്കുള്ള ഫീസ് മുന്‍കൂട്ടി സമാഹരിക്കാന്‍ റെക്കറിംഗ് ഡിപ്പോസിറ്റുകളാവും കൂടുതല്‍ അനുയോജ്യം. ഒരു വര്‍ഷം മുന്‍കൂറായി സമാഹരിച്ചു പോകുന്നതാവും കുറച്ചുകൂടി നല്ലത്.
ഉന്നത വിദ്യാഭ്യാസത്തിനായി തുക സമാഹരിക്കാന്‍ തെരഞ്ഞെടുക്കുന്ന പദ്ധതികളില്‍ കുറച്ചുകൂടി ശ്രദ്ധ ചെലുത്തണം. ഇന്നത്തെ വിദ്യാഭ്യാസ ചിലവ് എല്ലാ വര്‍ഷവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ് എന്നതില്‍ തര്‍ക്കമില്ലലോ. ഇന്ത്യയിലെ വിദ്യാഭ്യാസച്ചിലവുകളുടെ പണപ്പെരുപ്പം നോക്കിയാല്‍ 6 ശതമാനം മുതല്‍ 8 ശതമാനം വരെ വരും. ഇത് കോഴ്സുകളുടെ അടിസ്ഥാനത്തില്‍ വ്യത്യാസപ്പെട്ടിരിക്കും. ഈ തുക സമാഹരിക്കാന്‍ പറ്റിയ വിവിധ നിക്ഷേപ പദ്ധതികള്‍ ഉണ്ടെങ്കിലും കാലാവധി, റിക്സ് എടുക്കാനുള്ള കഴിവ് എന്നിവയുടെ അടിസ്ഥാനത്തില്‍ വേണം പദ്ധതികള്‍ തിരഞ്ഞെടുക്കാന്‍. ഒന്നിലധികം നിക്ഷേപ പദ്ധതികളും ഈ ലക്ഷ്യത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്.
മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍
കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനു മ്യൂച്വല്‍ ഫണ്ട് പദ്ധതികളോ ഡെറ്റ് വിഭാഗത്തിലെ മ്യൂച്വല്‍ ഫണ്ട് പദ്ധതികളോ തിരഞ്ഞെടുക്കാവുന്നതാണ്. സാധാരണഗതിയില്‍ കുട്ടികളുടെ വിദ്യാഭ്യാസത്തിനു 15 വയസ്സിനു ശേഷം തുക സമാഹരിച്ചാല്‍ മതിയാകുമല്ലോ. നിക്ഷേപ കാലാവധി എട്ട് വര്‍ഷമോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ ഓഹരിയാധിഷ്ഠിത മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാല്‍ കാലാവധി കുറവും റിസ്ക്ക് എടുക്കാന്‍ താല്പര്യം ഇല്ലാത്ത ആളുമാണെങ്കില്‍ ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകളാവും നല്ലത്. പദ്ധതികള്‍ തിരഞ്ഞെടുക്കും മുന്‍പ് ഇതില്‍ പ്രാവീണ്യം ഉള്ളവരുമായി ചര്‍ച്ച ചെയ്യുക.
സുകന്യ സമൃദ്ധി യോജന
ഇത് പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള നിക്ഷേപ പദ്ധതിയാണ്. 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ അക്കൗണ്ട് തുടങ്ങാനാകും. പോസ്റ്റോഫീസുകളിലോ ബാങ്കുകളിലോ അക്കൗണ്ട് തുടങ്ങാനാകും. 7.60 ശതമാനമാണ് ഇപ്പോഴത്തെ പലിശ നിരക്ക്. കുട്ടിയുടെ ഉന്നത വിദ്യാഭ്യാസ സമയത്ത് തുക പിന്‍വലിക്കാനാകും.
പബ്ലിക് പ്രോവിഡന്‍റ് ഫണ്ട്
ഈ പദ്ധതിയുടെ കാലാവധി 15 വര്‍ഷമാണ്. ദീര്‍ഘകാല നിക്ഷേപമാണ് എങ്കിലും ഇതിലെ പലിശ നികുതിവിധേയമല്ല എന്നുള്ളതാണ് പ്രധാന കാര്യം. ഈ പദ്ധതിയില്‍ നിക്ഷേപിക്കാവുന്ന തുക ഒന്നര ലക്ഷമായി നിജപ്പെടുത്തിയിട്ടുമുണ്ട്.
സോവറിന്‍ ഗോള്‍ഡ് ബോണ്ട്, ഇറ്റിഎഫ്
സാധാരണ ആഭരണങ്ങളായും സ്വര്‍ണ്ണ കട്ടികളായുമാണ് സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം കണ്ടുവരാറുള്ളത്. ഇതിനു പകരം ഗോള്‍ഡ് ഇറ്റിഎഫ്കളോ സോവറിന്‍ ഗോള്‍ഡ് ബോണ്ടുകളോ തിരഞ്ഞെടുക്കാവുന്നതാണ്. ബോണ്ടുകളുടെ കാലാവധി 8 വര്‍ഷമാണ്. ഈ നിക്ഷേപത്തിന് സ്വര്‍ണ്ണത്തിന്‍റെ വില കൂടുന്നതിനനുസരിച്ച് വളര്‍ച്ച ലഭിക്കുന്നതിനോടൊപ്പം 2.5 ശതമാനം പലിശകൂടി നിക്ഷേപ തുകയ്ക്ക് ലഭിക്കും.
ബാങ്ക് റെക്കറിംഗ് ഡെപ്പോസിറ്റ്
പരമ്പരാഗതമായി എല്ലാവരും തിരഞ്ഞെടുക്കുന്ന നിക്ഷേപ പദ്ധതിയാണ് ബാങ്ക് റെക്കറിംഗ് ഡെപ്പോസിറ്റ്. പദ്ധതി എടുക്കുന്ന ബാങ്കുകള്‍ അനുസരിച്ച് പലിശ നിരക്ക് വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും നഷ്ട സാധ്യത കുറവായതുകൊണ്ട് ഹ്രസ്വകാല നിക്ഷേപങ്ങള്‍ക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്.
First published in Mangalam