എല്ലാവരും അവരുടെ കുട്ടികള്‍ക്ക് കഴിയുന്നത്ര വിദ്യാഭ്യാസം കൊടുക്കുന്നതില്‍ വളരെ ശ്രദ്ധ ചെലുത്തുന്നവരാണ്. എന്നാല്‍ അവരുടെ സ്വഭാവരൂപീകരണത്തില്‍ ശ്രദ്ധിക്കാന്‍ പലപ്പോഴും മറന്നു പോകുന്നത് കൊണ്ടാണ് ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്ന പല സംഭവങ്ങളുടെയും മൂലകാരണം. എങ്ങനെയാണ് മുതിര്‍ന്ന ആളുകളോട് പെരുമാറേണ്ടത്, എങ്ങനെ മറ്റുള്ളവരെ ബഹുമാനിക്കണം എന്നിങ്ങനെ പല കാര്യങ്ങളും ചെറുപ്പം മുതല്‍ പഠിച്ചു വന്നാല്‍ വലുതാകുമ്പോഴും ഈ ശീലങ്ങള്‍ കൂടെ ഉണ്ടാകും. അതുപോലെ തന്നെ ചെറുപ്പം തൊട്ടേ ശ്രദ്ധിക്കേണ്ടുന്ന മറ്റൊരു പ്രധാനപ്പെട്ട കാര്യമാണ് സാമ്പത്തിക കാര്യങ്ങളിലെ സ്വഭാവരൂപീകരണം.
ഇന്ന് പല മേഖലകളിലും പഠിച്ചിറങ്ങുമ്പോള്‍ തന്നെ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി കിട്ടാനുള്ള സാഹചര്യം ഉണ്ട്. എന്നാല്‍ ഇത്തരത്തില്‍ നേരത്തെ തന്നെ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ലഭിച്ചെങ്കിലും പിന്നീട് വലിയ കടബാധ്യതകളിലേക്ക് പോകുന്ന സംഭവങ്ങള്‍ വിരളമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. കുട്ടികളെ പഠിപ്പിച്ച് ഉയര്‍ന്ന ശമ്പളമുള്ള ജോലി ലഭിക്കാന്‍ വേണ്ടി കഷ്ടപ്പെടുമ്പോള്‍, ലഭിക്കാന്‍ പോകുന്ന വരുമാനം എങ്ങനെ ഫലപ്രദമായി വിനിയോഗിക്കണം എന്നുകൂടി അവരെ ചെറുപ്പം മുതല്‍ ശീലിപ്പിച്ചു വന്നാല്‍ അവര്‍ക്ക് ഭാവിയില്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളിലേക്ക് വരുമ്പോള്‍ സാമ്പത്തിക അച്ചടക്കം ഉണ്ടാകും. പണ്ട് കുടുംബങ്ങളില്‍ അംഗസംഖ്യ കൂടുതല്‍ ആയിരുന്നത് കൊണ്ട് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. എന്നാല്‍ ഇന്ന് കുടുംബങ്ങളില്‍ ഒന്നോ രണ്ടോ കുട്ടികള്‍ മാത്രം ഉള്ളതുകൊണ്ട് കുട്ടികള്‍ ആവശ്യപ്പെടുന്ന സാധനങ്ങള്‍ അവര്‍ ആവശ്യപ്പെടുന്നതിലും കൂടുതല്‍ അളവില്‍ വാങ്ങി നല്‍കാന്‍ തയ്യാറായി നില്‍ക്കുന്ന മാതാപിതാക്കള്‍ ആണ് അധികവും. ഇത് കണ്ട് വളരുന്ന കുട്ടികള്‍ അവര്‍ക്കും വരുമാനം കിട്ടിത്തുടങ്ങുമ്പോള്‍ ധാരാളമായി ചിലവഴിക്കുന്ന ഒരു ശീലം ഉണ്ടായി വരാന്‍ ഇടയാകും. അതുകൊണ്ട് ഈ ശിശുദിനത്തില്‍ കുട്ടികള്‍ക്ക് ലഭിക്കുന്ന തുക എങ്ങനെ നിക്ഷേപിക്കണം എന്നും ചിലവഴിക്കണം എന്നും ശീലിപ്പിച്ചു തുടങ്ങാന്‍ സഹായിക്കുന്ന ചില വഴികള്‍ നോക്കാം.
തുടങ്ങാം ചെറിയ നിക്ഷേപങ്ങള്‍
കുട്ടികള്‍ക്ക് രണ്ടോ മൂന്നോ വയസ്സുള്ളപ്പോള്‍ തൊട്ട് ലഭിക്കുന്ന തുക കുടുക്കകളില്‍ നിക്ഷേപിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക. ഇങ്ങനെ സമാഹരിക്കുന്ന തുക ഉപയോഗിച്ച് അവര്‍ക്ക് ഇഷ്ടപ്പെട്ട സാധനങ്ങള്‍ വാങ്ങി നല്‍കുക. ദീര്‍ഘകാലം ഉപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ വാങ്ങുകയാണെങ്കില്‍ കൂടുതല്‍ നാള്‍ അവരുടെ മനസ്സില്‍ താന്‍ സമാഹരിച്ച തുക കൊണ്ട് വാങ്ങിയതാണ് എന്ന ചിന്ത ഉണ്ടാക്കുകയും കൂടുതല്‍ തുക നിക്ഷേപിക്കാന്‍ അവര്‍ക്ക് പ്രചോദനമാകുകയും ചെയ്യും.
സേവിങ്സ് അക്കൗണ്ട്
കുട്ടികള്‍ക്ക് അവരുടെ പേരില്‍ സേവിങ്സ് അക്കൗണ്ട് തുടങ്ങുക. ഇതുവഴി സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രധാന സ്ഥാപനമായ ബാങ്കുമായി അവര്‍ക്ക് ചെറുപ്പം മുതല്‍ ഒരു ബന്ധം ഉണ്ടാവുകയും അവയുടെ പ്രവര്‍ത്തന രീതികളെക്കുറിച്ച് പ്രായോഗികമായ അറിവ് ഉണ്ടാകാനും ഇത് സഹായിക്കും.
പ്രായോഗിക പരിശീലനം
പലപ്പോഴും കുട്ടികളെ സാമ്പത്തിക കാര്യങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന ഒരു രീതി നമ്മുടെ ഇടയില്‍ ഉണ്ട്. കുട്ടികളെ ചെറിയ സാമ്പത്തിക കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നത് അവര്‍ക്ക് പണം എങ്ങനെ കൈകാര്യം ചെയ്യണം എന്നതിന് ഒരു ധാരണ ഉണ്ടാവാന്‍ സഹായിക്കും.
സാമ്പത്തിക ആസൂത്രണം
ജോലി കിട്ടുമ്പോള്‍ തന്നെ നിക്ഷേപത്തിലേക്ക് ഒരു ഭാഗം നീക്കിവയ്ക്കാന്‍ അവരെ പ്രേരിപ്പിക്കുക. തുടക്കത്തില്‍ തന്നെ സാമ്പത്തിക ആസൂത്രണം നടത്തുകയാണെങ്കില്‍ നിക്ഷേപിക്കുന്നതിനും ചിലവാക്കുന്നതിനും ഒരു അച്ചടക്കം ഉണ്ടാകും. ഫിനാന്‍ഷ്യല്‍ പ്ലാനിങ് ചെയ്യുന്നത് ദീര്‍ഘകാലം മുന്നില്‍കണ്ടായതുകൊണ്ട് അധികം ഉത്തരവാദിത്തങ്ങള്‍ ഇല്ലാതെ കരിയറിന്‍റെ തുടക്കത്തില്‍ കൂടുതല്‍ തുക നിക്ഷേപത്തിലേക്ക് നീക്കി വയ്ക്കുന്നതിന് സാധിക്കുകയും ഭാവിയില്‍ ഈ തുക അവരുടെ പ്രധാന ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനും സാധിക്കും. ഇത് നിക്ഷേപത്തിന്‍റെ പ്രാധാന്യം തുടക്കത്തില്‍ തന്നെ മനസ്സിലാക്കാന്‍ സഹായിക്കും.
ഇത്തരത്തില്‍ ചെറിയ കാര്യങ്ങള്‍ കുട്ടികളെ ശീലിപ്പിച്ചു വന്നാല്‍ ഭാവിയില്‍ സാമ്പത്തിക കാര്യങ്ങള്‍ ലളിതമായി കൈകാര്യം ചെയ്യാന്‍ കുട്ടികള്‍ പ്രാപ്തരാകും എന്ന കാര്യത്തില്‍ സംശയമില്ല.
First published in Mangalam