Site icon Geojit Financial Services Blog

ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ പരിചയക്കുറവ് ഒരു പ്രശ്നമാകില്ല

Mutual funds

ഓഹരി വിപണി അതിന്‍റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ നില്‍ക്കുമ്പോള്‍ ഓഹരി വിപണിയിലേക്ക് നിക്ഷേപം നടത്താന്‍ കാത്തിരിക്കുന്നവരെ പ്രധാനമായും ആകര്‍ഷിക്കുന്ന നിക്ഷേപ പദ്ധതിയാണ് മ്യൂച്വല്‍ ഫണ്ട്. ഓഹരി വിപണിയിലെ പരിചയക്കുറവും അറിവില്ലായ്മയും മൂലം നേരിട്ട് ഓഹരിയില്‍ നിക്ഷേപിക്കാന്‍ ഭയന്ന് മാറി നില്‍ക്കുന്നവര്‍ക്ക് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളെ ആശ്രയിക്കാവുന്നതാണ്.

ധാരാളം മ്യൂച്വല്‍ ഫണ്ട് സ്കീമുകള്‍ ലഭ്യമായത് കൊണ്ട് തന്നെ ഇവയില്‍ മികച്ചത് ഏത് എന്ന് കണ്ടെത്തിയ ശേഷം നിക്ഷേപം തുടങ്ങിയാല്‍ വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ ഫണ്ടുകളുടെ പെര്‍ഫോമന്‍സ് വിലയിരുത്തിയാല്‍ മതിയാകും എന്നതുകൊണ്ട് തന്നെ എപ്പോഴും വളര്‍ച്ച പരിശോധിക്കണമെന്നില്ല. അതുകൊണ്ട് കൂടുതല്‍ സമയം നിക്ഷേപത്തിന് വേണ്ടി മാറ്റിവയ്ക്കാന്‍ ഇല്ലാത്തവര്‍ക്കും മ്യൂച്വല്‍ ഫണ്ട് നിക്ഷേപം അനുയോജ്യമാണ.് ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ക്ക് അനുസരിച്ച് മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങളുടെ വളര്‍ച്ചയും വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നുള്ളത് കൊണ്ട് തന്നെ നിക്ഷേപത്തിന് നഷ്ടസാധ്യതയും ഉണ്ട്. എന്നിരുന്നാലും മുന്‍കാല വളര്‍ച്ച നിരക്ക് പരിശോധിക്കുമ്പോള്‍ ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് നഷ്ടസാധ്യത കുറവുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ട് ദീര്‍ഘകാലാവധിയുള്ള ജീവിത ലക്ഷ്യങ്ങള്‍ക്ക്, ഉദാഹരണമായി കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, റിട്ടയര്‍മെന്‍റ് എന്നിവയ്ക്ക് തുക സമാഹരിക്കാന്‍ മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ അനുയോജ്യമാണ.്

ഒരു കുട്ടി ഉണ്ടായ ഉടനെ അവരുടെ ഉന്നത വിദ്യാഭ്യാസത്തിനുള്ള തുക നിക്ഷേപിച്ചു തുടങ്ങിയാല്‍ 15 മുതല്‍ 17 വര്‍ഷം നിക്ഷേപ കാലയളവ് ലഭിക്കും. പലപ്പോഴും വലിയൊരു തുക നിക്ഷേപത്തിനായി നീക്കി വയ്ക്കാന്‍ ഇല്ലാത്തതുകൊണ്ട് നിക്ഷേപത്തില്‍ നിന്ന് തന്നെ മാറി നില്‍ക്കുന്നവരാണ് പലരും. ഫണ്ടില്‍ ഒറ്റ തവണയായോ പ്രതിമാസ അടവുകള്‍ ആയോ നിക്ഷേപം നടത്താവുന്നതാണ് ഒറ്റത്തവണ നിക്ഷേപത്തിന് 1000 രൂപ മുതല്‍ നിക്ഷേപം നടത്താനാകും. പ്രതിമാസ നിക്ഷേപം അഥവാ എസ്ഐപി ആയാണ് നിക്ഷേപിക്കുന്നത് എങ്കില്‍ 100 രൂപ മുതല്‍ നിക്ഷേപിക്കാന്‍ സാധിക്കുന്ന മ്യൂച്വല്‍ ഫണ്ട് പദ്ധതികള്‍ ഇന്ന് ലഭ്യമാണ്.

പ്രതിമാസ വരുമാനം ലഭിക്കുന്നവര്‍ക്കും സ്ഥിര വരുമാനം അല്ലാതെ വിവിധ ഘട്ടങ്ങളായി നിക്ഷേപിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്കും ഒരേപോലെ ഈ നിക്ഷേപ പദ്ധതിയില്‍ അനുയോജ്യമാണ്. മികച്ച നേട്ടം ലഭിക്കുന്നതിന് ദീര്‍ഘകാല നിക്ഷേപമാണ് ഉചിതമെങ്കിലും എപ്പോള്‍ വേണമെങ്കിലും നിക്ഷേപകന് മുഴുവനായോ ഭാഗികമായോ നിക്ഷേപം പിന്‍വലിക്കാനുള്ള അനുമതിയും ഉണ്ട.് അതായത് ബാങ്ക് സ്ഥിരനിക്ഷേപങ്ങള്‍ പോലെ കാലാവധി കഴിയുംവരെ കാത്തിരിക്കേണ്ട എന്ന് സാരം.

എല്ലാത്തരം ആളുകള്‍ക്കും നിക്ഷേപിക്കാന്‍ പറ്റുന്ന പദ്ധതിയാണ് മ്യൂച്വല്‍ ഫണ്ട് എങ്കിലും നിങ്ങളുടെ റിസ്ക് എടുക്കാനുള്ള കഴിവിനനുയോജ്യമായ പദ്ധതികള്‍ തിരഞ്ഞെടുക്കുകയാണ് പ്രധാനം. നിങ്ങള്‍ക്ക് ഇതില്‍ പ്രാവീണ്യം ഇല്ലെങ്കില്‍ വിദഗ്ധരുടെ നിര്‍ദ്ദേശം അനുസരിച്ച് അനുയോജ്യമായ മ്യൂച്വല്‍ ഫണ്ട് പദ്ധതികളില്‍ നിക്ഷേപിക്കുന്നതാണ് ഉചിതം.

First published in Mangalam

Exit mobile version