ഓഹരി അണ്‍ലിസ്റ്റഡ് ആണെങ്കില്‍

0
1152

ഓഹരിയില്‍ നിക്ഷേപം നടത്തിവരുന്നവരും അല്ലാത്തവരുമായ വ്യക്തികള്‍ക്കിടയില്‍ പലപ്പോഴും ഉയര്‍ന്നു വരാറുള്ള ഒരു സംശയമാണ് അണ്‍ലിസ്റ്റഡ് ഷെയറുകള്‍ എങ്ങനെ വാങ്ങാനും വില്‍ക്കാനും സാധിക്കുമെന്നുള്ളത്. കേരളത്തില്‍ നിന്നുമുള്‍പ്പെടെ രാജ്യത്ത് അറിയപ്പെടുന്ന നിരവധി കമ്പനികളുടെ ഓഹരികള്‍ ലിസ്റ്റ് ചെയ്യപ്പെടാത്തവയായുണ്ട്. അവയുടെ ഓഹരികള്‍ കൈവശം വെച്ചിരിക്കുന്നവരും അത്തരം ഓഹരികളില്‍ പുതുതായി നിക്ഷേപം നടത്താനാഗ്രഹിക്കുന്നവരുമായ വ്യക്തികളാണ് സാധാരണ അണ്‍ലിസ്റ്റഡ് ഓഹരികളുടെ ഇടപാടുകളെപ്പറ്റി അന്വേഷണം നടത്താറുള്ളത്.

എന്താണ് അണ്‍ലിസ്റ്റഡ് ഷെയര്‍?

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്യപ്പെടാത്ത ഓഹരികളെയാണ് അണ്‍ലിസ്റ്റഡ് ഷെയര്‍ എന്ന് വിളിക്കുന്നത്. രൂപീകൃതമായതിന് ശേഷം കമ്പനിയുടെ ഓഹരികളില്‍ പൊതുജനങ്ങള്‍ക്ക് ഇടപാടുകള്‍ നടത്തുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകളില്‍ പൂര്‍ത്തിയാക്കാത്തവയായിരിക്കും ഇത്തരം കമ്പനികള്‍. മികച്ച നിലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഉയര്‍ന്ന വാല്യുവേഷന്‍ ഉള്ള കമ്പനികളും, ലിസ്റ്റിങ്ങിനാവശ്യമായ മാനദണ്ഡങ്ങള്‍ പൂര്‍ത്തീകരിക്കാനായി കാത്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികളും, കമ്പനി രൂപീകരിച്ചെങ്കിലും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ബിസിനസ് ഉയര്‍ന്നുവരാത്തതിനാല്‍ ലിസ്റ്റിങ്ങ് നീട്ടി വെക്കാന്‍ നിര്‍ബന്ധിതമാകുന്ന തരത്തിലൊക്കെയുള്ള പലതരം കമ്പനികളും അണ്‍ലിസ്റ്റഡ് വിഭാഗത്തിലുണ്ടാവാം. അതുകൊണ്ടു തന്നെ ഇത്തരം കമ്പനികളുടെ ഓഹരികളില്‍ നടത്തുന്ന നിക്ഷേപം ലിസ്റ്റഡ് കമ്പനികളുടെ ഓഹരികളില്‍ നടത്തുന്ന നിക്ഷേപത്തെ അപേക്ഷിച്ച് റിസ്ക് കൂടിയതും ലിക്വിഡിറ്റി, സുതാര്യത മുതലായ ഘടകങ്ങള്‍ കുറവുള്ളതുമായിരിക്കും. അതേസമയം ഭാവിയില്‍ വളര്‍ച്ചാ സാധ്യത കൂടിയ ബിസിനസ്സിലേര്‍പ്പെട്ടിരിക്കുന്ന അണ്‍ലിസ്റ്റഡ് കമ്പനികള്‍ വരും കാലങ്ങളില്‍ ലിസ്റ്റ് ചെയ്യപ്പെടാമെന്നതും അവയില്‍ നടത്തുന്ന നിക്ഷേപം പല മടങ്ങ് റിട്ടേണ്‍ നല്‍കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

അണ്‍ലിസ്റ്റഡ് ഓഹരികള്‍ വാങ്ങുന്നതെങ്ങനെ? വില്‍ക്കുന്നതെങ്ങനെ?

അണ്‍ ലിസ്റ്റഡ് കമ്പനികളുടെ ഓഹരികള്‍ ഡീമാറ്റ് രൂപത്തില്‍ സൂക്ഷിക്കണമെന്ന് നിഷ്കര്‍ഷിച്ചിരിക്കുന്നതിനാല്‍ നിക്ഷേപകന് ഡീമാറ്റ് എക്കൗണ്ട് ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. ഭാവിയില്‍ ലിസ്റ്റ് ചെയ്യപ്പെടാവുന്ന ഇത്തരം കമ്പനികളുടെ ഓഹരികള്‍ പ്രീ-ഐ പി ഒ വഴി കൈവശപ്പെടുത്തുന്നതിനായി നിക്ഷേപകര്‍ ആദ്യമായി ചെയ്യേണ്ടത് പരിചയ സമ്പത്തുള്ളതും വിശ്വാസ യോഗ്യവുമായ ഇടനിലക്കാരായ സ്ഥാപനങ്ങളെ സമീപിക്കുക എന്നുള്ളതാണ്. ഓഹരി വാങ്ങാനുദ്ദേശിക്കുന്നവര്‍ തങ്ങളുടെ ഡീമാറ്റ് എക്കൗണ്ടുമായി ബന്ധപ്പെട്ട ക്ലയന്‍റ് മാസ്റ്റര്‍ റിപ്പോര്‍ട്ട് (സി എം ആര്‍), പാന്‍കാര്‍ഡ് മുതലായ രേഖകള്‍ സമര്‍പ്പിച്ച ശേഷം ഇടനിലക്കാരുടെ ബാങ്ക് എക്കൗണ്ടിലേക്ക് ആവശ്യമായി വരുന്ന തുക തങ്ങളുടെ സി എം ആറില്‍ രേഖപ്പെടുത്തിയ ബാങ്ക് എക്കൗണ്ടില്‍ നിന്നും ട്രാന്‍സ്ഫര്‍ ചെയ്യുക. തുക ക്രെഡിറ്റ് ആയി 24 മണിക്കൂറിനകം ഓഹരികള്‍ നിക്ഷേപകന്‍റെ എക്കൗണ്ടില്‍ വന്നു ചേരും. അണ്‍ലിസ്റ്റഡ് ഓഹരികള്‍ വില്‍ക്കുമ്പോഴാകട്ടെ വില തീരുമാനിച്ച ശേഷം നിക്ഷേപകര്‍ ആദ്യം ഇടനിലക്കാരുടെ ഡീമാറ്റ് എക്കൗണ്ടിലേക്ക് തങ്ങളുടെ ഓഹരികള്‍ ഓഫ് മാര്‍ക്കറ്റ് വഴി ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ഓഹരികള്‍ തങ്ങളുടെ ഡീമാറ്റ് എക്കൗണ്ടില്‍ വന്നുവെന്ന് ഉറപ്പുവരുത്തിയ ശേഷം ഇടനില സ്ഥാപനം 24 മണിക്കൂറിനകം നിക്ഷേപകന്‍റെ ക്ലയന്‍റ് മാസ്റ്റര്‍ റിപ്പോര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്ത ബാങ്ക് എക്കൗണ്ടിലേക്ക് തുക കൈമാറുന്നു.

അണ്‍ലിസ്റ്റഡ് കമ്പനികളില്‍ നടത്തുന്ന നിക്ഷേപം സുരക്ഷിതമാണോ?

നിലവില്‍ ബ്രോക്കറേജ് സ്ഥാപനങ്ങള്‍ വഴി ലിസ്റ്റഡ് ഓഹരികളില്‍ നടത്തുന്ന നിക്ഷേപം കര്‍ശനമായ റെഗുലേഷനുകള്‍ക്ക് വിധേയമാണ്. അത്ര തന്നെ സുതാര്യമല്ല അണ്‍ലിസ്റ്റഡ് കമ്പനികളില്‍ നടത്തുന്ന നിക്ഷേപം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. നിക്ഷേപം നടത്താനുദ്ദേശിക്കുന്ന കമ്പനികളുമായി ബന്ധപ്പെട്ട റിസ്കും ഒരു പ്രധാന ഘടകമാണ്. അതേസമയം ഇടപാടുകള്‍ നടക്കുന്നത് വന്‍കിട ധനകാര്യ സ്ഥാപനങ്ങള്‍ മുഖേനയോ കമ്പനികള്‍ നേരിട്ട് തന്നെയോ ആയിരിക്കും എന്നൊക്കെയുള്ള മുന്‍തൂക്കവും ഇവിടെയുണ്ട്.
ഇനി നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്ന കമ്പനിയുമായി ബന്ധപ്പെട്ട റിസ്ക് കമ്പനിയുടെ ഭാവിയെ ആശ്രയിച്ചാണ് എന്നു പറയാം. ഭാവിയില്‍ ലിസ്റ്റ് ചെയ്യപ്പെടുമോ, മറിച്ച് ബിസിനസ് അവസാനിപ്പിച്ച് കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവെക്കുമോ എന്ന അനിശ്ചിതത്വമൊക്കെ നിലനില്‍ക്കുന്നുണ്ട്. കമ്പനിയുടെ ഫിനാന്‍ഷ്യല്‍സിനെയും പ്രമോട്ടര്‍മാരെയുമൊക്കെ ആഴത്തില്‍ പഠിക്കുക എന്നതാണ് പ്രസ്തുത അനിശ്ചിതത്വം മറികടക്കാനുള്ള പോംവഴി.

First published in Malayala Manorama

LEAVE A REPLY

Please enter your comment!
Please enter your name here