ഓഹരി വിപണി അതിന്‍റെ എക്കാലത്തെയും ഉന്നതിയില്‍ നില്‍ക്കുന്ന സമയമാണിത്. കോവിഡ് എന്ന മഹാമാരിയുടെ തുടക്കത്തില്‍ ഉണ്ടായ തകര്‍ച്ചയില്‍ നിന്നുമുള്ള വിപണിയുടെ തിരിച്ചുവരവ് തീര്‍ച്ചയായും എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്ന രീതിയില്‍ ആയിരുന്നു. ഇക്കാലയളവില്‍ ധാരാളം നിക്ഷേപകര്‍ ഓഹരി വിപണിയിലേക്ക് നേരിട്ടും അല്ലാതെയും എത്തി എന്നതാണ് ഓഹരി വിപണിക്ക് ഉണര്‍വ് ഉണ്ടാകാനുള്ള ഒരു കാരണം. കോവിഡിന് ശേഷം മിക്ക നിക്ഷേപങ്ങള്‍ക്കും മികച്ച വളര്‍ച്ച ലഭിച്ചു എന്നത് നിക്ഷേപകര്‍ക്ക് കൂടുതല്‍ തുക നിക്ഷേപിക്കുന്നതിന് ആവേശം നല്‍കുന്ന ഘടകമാണ്. ദീര്‍ഘകാലമായി ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നവര്‍ വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ പലവട്ടം കണ്ടവരും അതിന്‍റെ കയ്പ്പും മധുരവും അനുഭവിച്ചവരും ആയിരിക്കും. മഹാമാരിക്ക് ശേഷമുള്ള വിപണിയുടെ തിരിച്ചുവരവില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാത്തത് കൊണ്ട് നഷ്ടത്തിലേക്ക് പോയ നിക്ഷേപങ്ങള്‍ കുറവായിരിക്കും. ഭാവിയില്‍ വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ മൂലം ഉണ്ടാകാനിടയുള്ള നഷ്ടസാധ്യത മുന്നില്‍ കണ്ടു വേണം നിക്ഷേപം നടത്താന്‍. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഓഹരി വിപണിയിലെ നിക്ഷേപം മികച്ചതാക്കാന്‍ സാധിക്കും.
ഇതില്‍ പ്രധാനമാണ് ഓഹരി വിപണിയിലെ നിക്ഷേപം ദീര്‍ഘകാലം മുന്നില്‍ കണ്ടു മാത്രം നിക്ഷേപിക്കുക എന്നത്. കുറഞ്ഞത് 5-7 ര്‍ഷം വരെ മാറ്റിവയ്ക്കാന്‍ സാധിക്കുന്ന തുക മാത്രം വിപണിയിലേക്ക് നിക്ഷേപിക്കുന്നതാണ് അഭികാമ്യം. ചില സന്ദര്‍ഭങ്ങള്‍ ഹ്രസ്വകാലയളവ് കൊണ്ട് തന്നെ മികച്ച നേട്ടം ലഭിച്ചേക്കാം. എന്നാല്‍ എല്ലായിപ്പോഴും അത്തരം ഒരു വളര്‍ച്ച വിപണിയില്‍ ഉണ്ടാകണമെന്നില്ല. നിക്ഷേപകര്‍ എടുക്കുന്ന ഈ റിസ്കാണ് മികച്ചവളര്‍ച്ച സമ്മാനിക്കുന്നത്.
ഓഹരി വിപണിയിലെ നിക്ഷേപത്തിനൊരുങ്ങുമ്പോള്‍ ഓഹരികള്‍ തിരഞ്ഞെടുക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. എപ്പോഴും ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് മികച്ച കമ്പനികളുടെ ഓഹരികള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കേട്ട്കേള്‍വി പോലുമില്ലാത്ത കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്നത് ചില സന്ദര്‍ഭങ്ങളില്‍ വലിയ നേട്ടം നല്‍കാമെങ്കിലും നിക്ഷേപം മുഴുവന്‍ നഷ്ടത്തിലായ കഥകളും വിരളമല്ല എന്ന കാര്യം മനസ്സില്‍ സൂക്ഷിക്കേണ്ടതാണ്. ഇന്ന് മികച്ച ഓഹരികളെ കുറിച്ചുള്ള വിവരങ്ങള്‍ വിവിധ ഇടങ്ങളില്‍ നിന്ന് ലഭിക്കുമെങ്കിലും ശരിയായ സാമ്പത്തിക വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം മാത്രം നിക്ഷേപിക്കുന്നതാണ് അഭികാമ്യം.
ഓഹരിയില്‍ നിക്ഷേപിക്കുമ്പോള്‍ ഏതാനും ഓഹരികളില്‍ നിക്ഷേപിച്ച് മികച്ച പോര്‍ട്ട്ഫോളിയോ ഉണ്ടാക്കുന്നത് നഷ്ട സാധ്യത കുറയ്ക്കാന്‍ സഹായിക്കും. മ്യൂച്ചല്‍ഫണ്ട് പോലുള്ള നിക്ഷേപങ്ങളില്‍ അത്തരം രീതിയാണ് പിന്തുടരുന്നത്. ഇത് ഏതെങ്കിലും ഒരു ഓഹരിയില്‍ ഉണ്ടാകുന്ന നഷ്ടം മറ്റോഹരികളുടെ സഹായത്താല്‍ നികത്താന്‍ സാധിക്കും.
ഫോര്‍ട്ട്ഫോളിയോ ഉണ്ടാക്കുമ്പോള്‍ വിവിധ മേഖലയില്‍ നിന്നുള്ള ഓഹരികളെ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം.
ഊഹക്കച്ചവടത്തില്‍ നിന്നും മാറിനിന്ന് മികച്ച നിക്ഷേപകരായി മാത്രം ഓഹരി നിക്ഷേപത്തെ സമീപിക്കുക എന്നതാണ് പ്രഥമവും പ്രധാനവുമായ കാര്യം. ആര്‍ക്കെങ്കിലും ലഭിച്ച ലാഭത്തിന്‍റെ കണക്കു കേട്ട് ഓഹരി വിപണിയില്‍ ഊഹക്കച്ചവടത്തിന് ഇറങ്ങുന്നത് വന്‍ നഷ്ടങ്ങള്‍ക്ക് ഇടയാക്കിയേക്കാം. ചില സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഓഹരികള്‍ അതാതു ദിവസം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതിനെയാണ് ഊഹക്കച്ചവടം അഥവാ ഇന്‍ട്രാഡെ എന്ന് ഉദ്ദേശിക്കുന്നത.് മികച്ച അറിവും പരിജ്ഞാനവും ഇല്ലാതെ ഇത്തരം നിക്ഷേപങ്ങള്‍ക്ക് പോകുന്നത് അപകടമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കുവാനും നിക്ഷേപ തുക പിന്‍വലിക്കാനും ക്ഷമയോടെ കാത്തിരിക്കുക എന്നത് പ്രധാനമാണ.് പെട്ടെന്ന് ഓഹരി വിപണിയില്‍ ഒരു ഇടിവു ഉണ്ടായതുകൊണ്ട് കയ്യിലുള്ള തുക മുഴുവന്‍ നിക്ഷേപിക്കുന്നതിന് പകരം ഘട്ടം ഘട്ടമായി നിക്ഷേപിക്കുന്നതാണ് കൂടുതല്‍ അഭികാമ്യം. അതുപോലെ ചെറിയ ഇടിവ് ഉണ്ടാകുമ്പോള്‍ നിക്ഷേപിച്ച തുക പിന്‍വലിക്കുന്നതും നഷ്ടമുണ്ടാക്കും.
മികച്ച ഓഹരികളില്‍ ക്ഷമയോടെ നിക്ഷേപം തുടരുന്നത് മികച്ച നേട്ടം നല്‍കാറുണ്ട് എന്നിരുന്നാലും ഓഹരിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമാണ് എന്ന കാര്യം മനസ്സില്‍ വച്ചുവേണം നിക്ഷേപിക്കാന്‍.
First published in Mangalam