കൈവശമുള്ള ഓഹരികള്‍ ഇലക്ട്രോണിക് രൂപത്തില്‍ സൂക്ഷിക്കുന്നതിനായാണ് നിക്ഷേപകര്‍ ഡീമാറ്റ് എക്കൗണ്ട് തുറക്കുന്നത്. പണം നിക്ഷേപിക്കുന്നതിനായി ബാങ്കുകളെ ആശ്രയിക്കുന്നതിന് സമാനമായാണ് ഓഹരികള്‍ സൂക്ഷിച്ചുവെക്കുന്നതിനായി അവര്‍ ഡെപ്പോസിറ്ററിയെ ഉപയോഗപ്പെടുത്തുന്നത്. ബാങ്കുകളെ റിസര്‍വ് ബാങ്ക് നിയന്ത്രിക്കുമ്പോള്‍ ഡെപ്പോസിറ്ററികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കുവാനും നിയന്ത്രിക്കാനുമുള്ള ഉത്തരവാദിത്തം സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അഥവാ സെബിയ്ക്കാണ്. നിക്ഷേപകരെ ഡെപ്പോസിറ്ററിയുമായി ബന്ധപ്പെടുത്തുന്ന റോള്‍ ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റുകള്‍ക്കാണ്. ബാങ്കുകള്‍, ബ്രോക്കിംഗ് സ്ഥാപനങ്ങള്‍ ഇതര ധനകാര്യ സേവന സ്ഥാപനങ്ങള്‍ മുതലായവയെല്ലാം ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റായി പ്രവര്‍ത്തിച്ചുവരുന്നു. ഡെപ്പോസിറ്ററികളായി രണ്ടു സ്ഥാപനങ്ങളാണ് ഇന്ത്യയില്‍ നിലവിലുള്ളത്. നാഷണല്‍ സെക്യൂരിറ്റി ഡെപ്പോസിറ്ററി ലിമിറ്റഡ് അഥവാ എന്‍ എസ് ഡി എല്‍, സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസ് ലിമിറ്റഡ് അഥവാ സി ഡി എസ് എല്‍ എന്നിവയാണ് അവ.
ഡെപ്പോസിറ്ററി സേവനങ്ങളുമായി ബന്ധപ്പെട്ട അടിസ്ഥാന വിവരങ്ങള്‍ മുകളില്‍ പറഞ്ഞവയൊക്കെയാണെങ്കിലും റീടെയില്‍ നിക്ഷേപകര്‍ക്കിടയില്‍ പലപ്പോഴും ഉയര്‍ന്നുവരാറുള്ള സംശയമാണ് രണ്ടില്‍ ഏത് ഡെപ്പോസിറ്ററിയില്‍ എക്കൗണ്ട് തുടങ്ങണമെന്ന കാര്യം. രണ്ടു ഡെപ്പോസിറ്ററികളും തമ്മിലുള്ള ഒരു താരതമ്യപഠനം കൂടി ഇനിയാവാം.
എന്‍ എസ് ഡി എല്‍
1996ല്‍ സ്ഥാപിതമായ എന്‍ എസ് ഡി എല്‍ ആണ് ഇന്ത്യയിലെ ആദ്യത്തെ ഡെപ്പോസിറ്ററി. രണ്ടു കോടി 90 ലക്ഷത്തിലധികം ആക്ടീവ് എക്കൗണ്ടുകള്‍ എന്‍ എസ് ഡി എല്ലില്‍ ഉണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 278 ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റുകള്‍ എന്‍ എസ് ഡി എല്ലിനെ നിക്ഷേപകരുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിച്ചു വരുന്നു. 312 ലക്ഷം കോടി രൂപയിലധികം വരുന്ന നിക്ഷേപ ആസ്തികളുടെ കസ്റ്റോഡിയന്‍ ആണ് എന്‍ എസ് ഡി എല്‍ എന്ന് കൂട്ടി വായിക്കുമ്പോള്‍ ഈ ഡെപ്പോസിറ്ററിയുടെ വലിപ്പം എത്രമാത്രം വലുതാണെന്ന് ഈഹിക്കാവുന്നതേയുള്ളൂ. ഐ ഡി ബി ഐ, യു ടി ഐ, നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ച് എന്നിവയാണ് എന്‍ എസ് ഡി എല്ലിന്‍റെ പ്രധാന പ്രമോട്ടര്‍മാര്‍.
സി ഡി എസ് എല്‍
1999ല്‍ സ്ഥാപിതമായ സി ഡി എസ് എല്ലിന്‍റെ പ്രമോട്ടര്‍മാരില്‍ പ്രമുഖ സ്ഥാനം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിനാണ്. ബി എസ് ഇയെ കൂടാതെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, എച്ച് ഡി എഫ് സി ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് മുതലായ സ്ഥാപനങ്ങളും പ്രമോട്ടര്‍മാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. 586 ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റുകളും 7 കോടിയില്‍ പരം ഡീമാറ്റ് എക്കൗണ്ടുകളും സി ഡി എസ് എല്ലില്‍ ഉണ്ടെന്നാണ് ഏറ്റവും പുതിയ ഡാറ്റകള്‍ സൂചിപ്പിക്കുന്നത്.
ഇനി നിക്ഷേപകരുടെ സംശയത്തിലേക്ക് വന്നാല്‍ ഏത് ഡെപ്പോസിറ്ററിയാണ് മികച്ചത് എന്ന അവരുടെ ചോദ്യത്തിന് ഒറ്റ വാക്കില്‍ ഉത്തരമില്ല എന്നതാണ് വാസ്തവം. രണ്ടു ഡെപ്പോസിറ്ററികളും നിക്ഷേപകര്‍ക്ക് നല്‍കി വരുന്ന സേവനങ്ങളെല്ലാം തന്നെ ഏതാണ്ട് ഒരേ തരത്തിലുള്ളതാണ്. ഇലക്ട്രോണിക് രൂപത്തില്‍ ഓഹരികളുടെ സൂക്ഷിപ്പ്, ഡീമാറ്റ്, റീമാറ്റ്, ട്രേഡ് സെന്‍റില്‍മെന്‍റ്, ഓഹരി ട്രാന്‍സ്ഫര്‍, നോമിനേഷന്‍, അനന്തരാവകാശികള്‍ക്കായുള്ള ട്രാന്‍സ്മിഷന്‍ മുതലായ സേവനങ്ങളെല്ലാം തന്നെ ഇവയില്‍ ഉള്‍പ്പെടുന്നു. ഇരു സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നതാകട്ടെ സെബിയും. ആകെയുള്ള വ്യത്യാസം പ്രമോട്ടര്‍മാര്‍, സ്ഥാപിതമായ വര്‍ഷം, സേവന കേന്ദ്രങ്ങളുടെ സാന്നിധ്യം മുതലായ ഘടനാപരമായ കാര്യങ്ങളില്‍ മാത്രമാണ്.
മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍ ഏത് ഡെപ്പോസിറ്ററി വേണമെന്ന കാര്യത്തില്‍ നിക്ഷേപകര്‍ വ്യാകുലപ്പെടേണ്ട കാര്യമില്ല. ആ തീരുമാനം ഇടപാടുകള്‍ നടത്താനുദ്ദേശിക്കുന്ന ബ്രോക്കര്‍മാര്‍ക്കും ഡെപ്പോസിറ്ററി പാര്‍ട്ടിസിപ്പന്‍റുകള്‍ക്കുമായി വിട്ടു നല്‍കാം.