ഓഹരിയില്‍ നിക്ഷേപിക്കാന്‍ ആരോടെങ്കിലും അഭിപ്രായം ചോദിച്ചാല്‍ ആദ്യം നല്‍കുന്ന മറുപടിയാണ് നിക്ഷേപം ദീര്‍ഘകാലം ആയിരിക്കണം എന്നത്. പക്ഷേ നിക്ഷേപം പലപ്പോഴും ഹ്രസ്വകാലം ആയി പോകാറാണ് പതിവ്. എന്താണ് ദീര്‍ഘകാല നിക്ഷേപം കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലെങ്കില്‍ എന്തിനാണ് ദീര്‍ഘകാലയളവില്‍ നിക്ഷേപിക്കണമെന്ന് പറയുന്നത് എന്ന് ശരിയായ രീതിയില്‍ മനസ്സിലാക്കിയാല്‍ ദീര്‍ഘകാലം നിക്ഷേപിക്കാന്‍ പ്രചോദനമാകും.
ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് മറ്റു നിക്ഷേപങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നഷ്ട സാധ്യതയുണ്ട് എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. എന്നാല്‍ ഇന്നത്തെ പണപ്പെരുപ്പത്തിന് അനുസരിച്ച് നിക്ഷേപങ്ങള്‍ വളരുന്നതിന് ഒരു വ്യക്തിയുടെ പോര്‍ട്ട് ഫോളിയോയില്‍ ഓഹരി അധിഷ്ഠിത നിക്ഷേപം കൂടി ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്. ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ എന്നതുകൊണ്ട് കമ്പനികളുടെ ഓഹരികളില്‍ ഉള്ള നേരിട്ട് നിക്ഷേപവും മ്യൂച്ചല്‍ ഫണ്ട് നിക്ഷേപവുമാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ഇത്തരം നിക്ഷേപങ്ങളില്‍ നഷ്ടസാധ്യത ഉള്ളതുകൊണ്ട് തന്നെ നിക്ഷേപിച്ച ഉടനെ നേട്ടം ഉണ്ടാകണമെന്നില്ല. മറിച്ച് കോട്ടം ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നുമുണ്ട്. അതുകൊണ്ടുതന്നെ ഉടനെ ആവശ്യമുള്ള തുക ഇത്തരം പദ്ധതികളില്‍ നിക്ഷേപിച്ചാല്‍ ചില അവസരങ്ങളില്‍ നഷ്ടത്തോടെ പിന്‍വലിക്കേണ്ടതായിട്ട് വരാം. കുറഞ്ഞത് അഞ്ചുവര്‍ഷമെങ്കിലും നിക്ഷേപ കാലാവധിയായി കണ്ടുവേണം ഓഹരി അധിഷ്ഠിത നിക്ഷേപങ്ങളില്‍ നിക്ഷേപിക്കാന്‍. ചില അവസരങ്ങളില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഉണ്ടാകുന്ന ഇടിവിനു ശേഷം തിരിച്ചു വരാന്‍ മൂന്നു മുതല്‍ അഞ്ചുവരെ വര്‍ഷം എടുത്തേക്കാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ക്ഷമയോടുകൂടി നിക്ഷേപം നടത്താന്‍ മനസ്സിനെ പാകപ്പെടുത്തുകയാണ് ദീര്‍ഘകാലം നിക്ഷേപം എന്നു പറയുന്നതു കൊണ്ടുള്ള ഒരു ഉദ്ദേശ്യം.
ഇത്തരത്തില്‍ ഓഹരി വിപണിയില്‍ ഇടിവ് നേരിടുമ്പോള്‍ നിക്ഷേപിക്കാന്‍ കഴിഞ്ഞാല്‍ വിപണി നേട്ടത്തിലേക്ക് തിരിച്ചുവരുമ്പോള്‍ നിക്ഷേപങ്ങള്‍ക്ക് മികച്ച വളര്‍ച്ച ലഭിക്കും. പക്ഷേ വിപണിയിലുള്ള ചാഞ്ചാട്ടങ്ങള്‍ പ്രവചനാതീതമായതുകൊണ്ട് എപ്പോഴൊക്കെ നിക്ഷേപിക്കണം എന്ന് സാധാരണക്കാരന് അറിയാന്‍ ബുദ്ധിമുട്ടായിരിക്കും ഇതിനെ മറികടക്കാന്‍ മ്യൂച്വല്‍ ഫണ്ടിലെ എസ് ഐ പി പോലുള്ള നിക്ഷേപ രീതി സഹായിക്കും. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനുകളില്‍ മുന്‍കൂട്ടി തീയതി നിശ്ചയിച്ച് നിക്ഷേപം നടക്കുന്നതുകൊണ്ട് വിപണിയിലെ ഉയര്‍ച്ച താഴ്ചകള്‍ നോക്കി നിക്ഷേപിക്കേണ്ട കാര്യമില്ല. എന്നാല്‍ ഇത്തരം ചാഞ്ചാട്ടം മൂലം ഉണ്ടാകുന്ന നേട്ടത്തിന്‍റെ ആനുകൂല്യം ലഭിക്കുകയും ചെയ്യും.
പലപ്പോഴും മ്യൂച്ചല്‍ ഫണ്ടുകളിലും മറ്റു നിക്ഷേപകരെ ആകര്‍ഷിക്കുന്നത് വളര്‍ച്ച നിരക്ക് കോളങ്ങളിലെ ഉയര്‍ന്ന ശതമാന കണക്കുകള്‍ ആണ്. ബാങ്ക് നിക്ഷേപങ്ങള്‍ 6% വളര്‍ച്ച നല്‍കുമ്പോള്‍ ഇവിടെ 15 ഉം ശതമാന വളര്‍ച്ചയാണ് കാണിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഒരു ഫണ്ടിലെ 15 ശതമാനം വളര്‍ച്ച എന്നതുകൊണ്ട് എല്ലാ വര്‍ഷവും ആ നിക്ഷേപം ഇത്രയും വളര്‍ച്ച നല്‍കി എന്നല്ല. ഈ വളര്‍ച്ച നിരക്ക് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ആണെങ്കില്‍ ചില അവസരങ്ങളില്‍ ഉദാഹരണത്തിന് ഈ നിക്ഷേപം രണ്ടുവര്‍ഷവും മോശം പ്രകടനം ആയിരിക്കാം കാഴ്ച വെച്ചിരുന്നത്. മൂന്നാമത്തെ വര്‍ഷം ലഭിച്ച അനുകൂല ഘടകങ്ങള്‍ 15 ശതമാനം വളര്‍ച്ചയില്‍ എത്തിച്ചതായിരിക്കും. നിക്ഷേപിച്ച് ആദ്യ രണ്ട് വര്‍ഷത്തിലും വിറ്റവര്‍ നഷ്ടത്തില്‍ ആയിരിക്കാം ചിലപ്പോള്‍ തുക പിന്‍വലിച്ചത്.
ദീര്‍ഘകാല നിക്ഷേപം കൊണ്ട് ഉദ്ദേശിക്കുന്ന രണ്ടാമത്തെ നേട്ടം എന്നത് കോമ്പൗണ്ടിംഗ് അഥവാ കൂട്ടുപലിശയുടെ ആനുകൂല്യമാണ്. നിക്ഷേപങ്ങളുടെ വളര്‍ച്ച നിക്ഷേപ തുകയില്‍ നിന്നല്ല അവയുടെ ഓരോ ദിവസവും വ്യാപാരം അവസാനിക്കുമ്പോള്‍ ഉള്ള തുകയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും. മികച്ച ഓഹരികളിലോ മ്യൂച്ചല്‍ ഫണ്ടിലോ നിക്ഷേപിച്ചാല്‍ ഇതില്‍നിന്ന് ലഭിക്കുന്ന ആനുകൂല്യവും എത്രകാലം കൂടുതല്‍ നിക്ഷേപിക്കുന്നു എന്നതിനെ അനുസരിച്ച് കൂടുതല്‍ ലഭിക്കും. അതുകൊണ്ടാണ് 10 വര്‍ഷത്തില്‍ കൂടുതലുള്ള നിക്ഷേപങ്ങള്‍ക്ക് ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ ആണ് കൂടുതല്‍ അനുയോജ്യമായി കണക്കാക്കുന്നത്. ഓഹരി വിപണിയിലെ നഷ്ട സാധ്യതയും നിക്ഷേപത്തിന്‍റെ കാലാവധിയും മനസ്സിലാക്കി മാത്രം നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കുകയാണ് നിക്ഷേപകര്‍ ചെയ്യേണ്ടത്.
First published in Mangalam