Site icon Geojit Financial Services Blog

ഇപ്പോള് എവിടെ നിക്ഷേപിക്കണം?

stock market

ഇന്ത്യ കോവിഡിന്റെ രണ്ടാം ഘട്ടത്തിലൂടെ കടന്നു പോയ്‌ക്കൊണ്ടിരിക്കുകയാണ്. സ്ഥിതി എത്രമാത്രം നിയന്ത്രണ വിധേയമാകുമെന്ന് ഇപ്പോള്‍ പറയുക അസാധ്യം. കേരളത്തിലും സ്ഥിതി മറിച്ചല്ല. ഈ സമയത്ത് നമ്മുടെ ആരോഗ്യ സുരക്ഷയെ പോലെ തന്നെ പ്രധാനമാണ് സാമ്പത്തിക സുരക്ഷയും. ഈ സമയത്ത് ചെയ്യാവുന്ന കുറച്ചു നിക്ഷേപങ്ങളും, പല നിക്ഷേപ കാലയളവിലേക്ക് തിരഞ്ഞെടുക്കേണ്ടവ ഏതാണെന്നും ഒന്നു നോക്കാം.

സാമ്പത്തിക രംഗം
വിപണിയില്‍ അനിശ്ചിതത്വം വരുമ്പോള്‍ കേന്ദ്ര ബാങ്ക് പലിശ നിരക്കുകള്‍ കുറയ്ക്കും. അതു പോലെ പണപ്പെരുപ്പം വല്ലാതെ കുറയുന്ന സാഹചര്യത്തിലും നിരക്കുകള്‍ കുറയ്ക്കാറുണ്ട്. നിരക്കുകള്‍ കുറയ്ക്കുന്നത് നിക്ഷേപകന് ഗുണകരമല്ല. പക്ഷെ ബിസിനസുകള്‍ക്ക് നല്ലതാണ്. അതുകൊണ്ടു തന്നെ ഇപ്പോള്‍ നിരക്കുകള്‍ കുറയുന്നത് ബിസിനസുകള്‍ക്ക് പലിശഭാരം കുറയാനും കുറഞ്ഞ നിരക്കില്‍ വായ്പയെടുക്കാനും സഹായകമാകും. ഇതുകൊണ്ട് കൂടുതലും ഗുണമുണ്ടാവുക വന്‍കിട മധ്യവര്‍ഗ കമ്പനികള്‍ക്കാണ്. ചെറിയ കമ്പനികള്‍ക്ക് അത്ര വേഗം വായ്പ കിട്ടുക എളുപ്പമല്ല. ഇപ്പോള്‍ കുറഞ്ഞ പലിശയില്‍ ലഭ്യമാകുന്ന മൂലധനം കൊണ്ട് കമ്പനികളുടെ മൊത്ത പലിശ ബാധ്യതയില്‍ നല്ല വ്യത്യാസമുണ്ടാകും. ഈ വ്യത്യാസത്തിന്റെ ഗുണം കുറേ നാള്‍ നീണ്ടു നില്‍ക്കുകയും ചെയ്യും.

അതേസമയം നിക്ഷേപകര്‍ നോക്കുമ്പോള്‍ കുറഞ്ഞ പലിശയില്‍ നിക്ഷേപിക്കുന്നതു കൊണ്ട് പ്രയോജനമൊന്നുമില്ലെന്ന തോന്നല്‍ ഉണ്ടാകും. പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലും വരുമാനം 5 ശതമാനത്തിന് താഴെയുമുള്ളപ്പോള്‍ നിക്ഷേപിച്ചിട്ട് എന്തു കാര്യം. അങ്ങിനെയുള്ളപ്പോള്‍ നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത്? ഒന്ന്, ഇപ്പോഴത്തെ അവസ്ഥയില്‍ നിന്നു ഗുണം ലഭിക്കുന്ന ആസ്തി വര്‍ഗങ്ങളെ തിരഞ്ഞുപിടിക്കുക. രണ്ട്, സമീപഭാവിയില്‍ ഉണ്ടായേക്കാവുന്ന മാറ്റങ്ങളില്‍ നിന്നും നേട്ടം കൊയ്യാന്‍ സാധ്യതയുള്ള നിക്ഷേപങ്ങളെ തിരിച്ചറിയുക. മൂന്ന്, ഇപ്പോഴത്തെ വിപണിയില്‍ ഏറ്റവും മെച്ചപ്പെട്ട വരുമാനം നേടിത്തരുന്ന നിക്ഷേപങ്ങള്‍ കണ്ടുപിടിക്കുക. ഇവയെ ഹ്രസ്വകാല – ദീര്‍ഘകാല നിക്ഷേപങ്ങളായി തരംതിരിച്ച് നിക്ഷേപിക്കുക.

ഹ്രസ്വകാല നിക്ഷേപങ്ങള്‍
ഹ്രസ്വകാലമെന്നാല്‍ മൂന്നു മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് ഇവിടെ ഉദ്ദേശിക്കുന്നത്. പലിശ കുറഞ്ഞു നില്‍ക്കുന്ന അവസ്ഥയില്‍ ഈ ഒരു കാലഘട്ടത്തെ നിക്ഷേപ തീരുമാനങ്ങള്‍ തികച്ചും പ്രധാനപ്പെട്ടതാണ്.
1 സ്വര്‍ണം- ഹ്രസ്വകാലത്തേക്ക് സ്വര്‍ണം തികച്ചും നമ്മുടെ നിക്ഷേപങ്ങളില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ്. വിപണിയില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന കാലത്തോളം സ്വര്‍ണത്തിന്റെ കുതിപ്പ് തുടരും. സ്വര്‍ണം ഇ ടി എഫ് രൂപത്തിലോ ബോണ്ടിന്റെ രൂപത്തിലോ വാങ്ങുന്നതാണ് ഉചിതം.
2 ഫ്‌ളോട്ടിംഗ് റേറ്റ് സേവിംഗ് ബോണ്ട് 2020- ആര്‍ ബി ഐ തങ്ങളുടെ 7.75 ശതമാനം പലിശയുള്ള ബോണ്ട് വിപണിയില്‍ നിന്നും പിന്‍വലിച്ച് പകരം ഇറക്കിയതാണ് 7.15 ശതമാനം പലിശയുള്ള പുതിയ ബോണ്ടുകള്‍. ഓരോ ആറു മാസം കൂടുമ്പോഴും പലിശ നിരക്കുകള്‍ പുനക്രമീകരിക്കുകയും അതുവരെയുള്ള പലിശ നിക്ഷേപകന് നല്‍കുകയും ചെയ്യുന്ന രീതിയാണ് ഈ ബോണ്ടില്‍. എന്തായാലും ബാങ്ക് നിക്ഷേപ പലശ കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഈ ഒരു നിക്ഷേപത്തിന് പ്രിയമേറും.
3 ഗില്‍റ്റ് ഫണ്ടുകള്‍- അടുത്ത ആര്‍ ബി ഐ നിരക്കു പുന:പരിശോധനയില്‍ റിപ്പോ നിരക്കുകള്‍ കുറയ്ക്കുകയാണെങ്കില്‍ ഈ നിക്ഷേപം ലാഭം നേടിത്തരും. സാമ്പത്തിക അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയും ഒരു 50 ബിപിഎസ് നിരക്ക്  കുറയാനാണ് സാധ്യത. അങ്ങനെയുണ്ടായാല്‍ ദീര്‍ഘകാല ഗില്‍റ്റ് ഫണ്ടുകള്‍ നല്ല ലാഭം നേടിത്തരും. എന്നാല്‍ അടുത്ത നിരക്കു വര്‍ധനവിന് മുമ്പ് നിക്ഷേപം പിന്‍വലിക്കാനും മറക്കരുത്.

ദീര്‍ഘകാല നിക്ഷേപങ്ങള്‍
അടുത്ത ഒന്നു മുതല്‍ അഞ്ച് വര്‍ഷം വരെയുള്ള കാലയളവില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗങ്ങളാണ് ഇനി നാം കാണാന്‍ പോകുന്നത്. ഇതിലേക്ക് നിക്ഷേപിക്കാനുള്ള സമയം അടുത്ത ആറ് മാസക്കാലമാണ്. കാരണം കോവിഡ് മൂലമുണ്ടായിട്ടുള്ള ഉദ്യോഗ ശിഥിലീകരണം കൊണ്ട് വിപണിയില്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ കാണാന്‍ സാധിക്കുന്നത് ഈ സമയത്തായിരിക്കും. ഇപ്പോള്‍ ഓഹരി വിപണി മികച്ച രീതിയില്‍ ഒരു തിരിച്ചുവരവു നടത്തിയെങ്കിലും ഇത് നിലനിര്‍ത്താന്‍ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ഈ കാലഘട്ടത്തെ മികച്ച നിക്ഷേപങ്ങള്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കാനുള്ള സമയമായി വേണം കാണാന്‍.
1 ലാര്‍ജ് ആന്റ് മിഡ് ക്യാപ് ഫണ്ടുകള്‍മുന്‍നിര ഓഹരികളുടെ കൂടെ മികച്ച മധ്യവര്‍ഗ ഓഹരികളുടെയും ഒരു സങ്കരമാണ് ഈ വിഭാഗം. ഇതിലേക്ക് അടുത്ത ആറ് മാസക്കാലത്തേക്ക് ഗഡുക്കളായി നിക്ഷേപിച്ച് കുറച്ചു കാലം വളരാനുള്ള സമയം അനുവദിക്കണം. സാധാരണയില്‍ കവിഞ്ഞ റിസ്‌ക് എടുക്കാനുള്ള കഴിവ് ഉള്ളവര്‍ മാത്രം ഈ നിക്ഷേപം ചെയ്താല്‍ മതിയാകും.
2 ലാര്‍ജ് ക്യാപ് ഫണ്ടുകള്‍- മ്യൂച്വല്‍ ഫണ്ടിലെ മറ്റൊരു വിഭാഗമാണ് ലാര്‍ജ് ക്യാപ് അഥവാ മുന്‍നിര ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍. ഇവയും മേല്‍പറഞ്ഞതു പോലെ ഗഡുക്കളായി നിക്ഷേപിക്കേണ്ടവയാണ്. ഇപ്പോള്‍ വിപണിയില്‍ നിലനില്‍ക്കുന്ന കുറഞ്ഞ പലിശ നിരക്കില്‍ നിന്നും വളരെയധികം നേട്ടം കൊയ്യാന്‍ ഈ വിഭാഗത്തിന് സാധിക്കും. ഓഹരി വിപണിയില്‍ തന്നെ ഏറ്റവും റിസ്‌ക് കുറഞ്ഞ വിഭാഗമാണ് ലാര്‍ജ് ക്യാപ്.
3 സോവറിന്‍ ഗോള്‍ഡ് ബോണ്ട്- സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോള്‍ 2.5 ശതമാനം പലിശയും കൂടി ലഭിക്കുന്നതു കൊണ്ട് ഈ ഒരു രീതി അടുത്ത അഞ്ച് വര്‍ഷത്തേക്ക് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള മികച്ച മാര്‍ഗമാണ്.
എന്തായാലും റിയല്‍ എസ്റ്റേറ്റ് ഇപ്പോഴുള്ള വീഴ്ചയില്‍ നിന്ന് കരകയറാന്‍ നല്ല സമയമെടുക്കും. എന്നാല്‍ കമ്മോഡിറ്റി നിക്ഷേപങ്ങള്‍ കുറച്ചൊരു ഗവേഷണത്തിന് ശേഷം നിക്ഷേപത്തിനായി തിരഞ്ഞെടുക്കാവുന്നതാണ്. ആഗോള തലത്തില്‍ കമ്മോഡിറ്റി വിലകള്‍ കുറഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഇവയിലേക്കും ശ്രദ്ധ ചെലുത്താവുന്നതാണ്. ആഗോള ഓഹരികളില്‍ തിരഞ്ഞെടുത്ത് നിക്ഷേപിക്കുന്നത് ഗുണം ചെയ്യും. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ ആഗോള ഓഹരികള്‍ക്ക് പ്രിയമേറുന്നുണ്ട്.

First published in Mangalam

Exit mobile version