ഓഹരി വിപണിയുടെ കുതിപ്പില്‍ ആകൃഷ്ടരായി പലരും നേരിട്ട് നിക്ഷേപിക്കുന്നുണ്ട് എങ്കിലും ഇതില്‍ വേണ്ടത്ര പരിജ്ഞാനം ഇല്ലാത്തവര്‍ മ്യൂച്ചല്‍ ഫണ്ട് വഴിയാണ് നിക്ഷേപിക്കുന്നത്. മ്യൂച്ചല്‍ ഫണ്ട് പദ്ധതികള്‍ തിരഞ്ഞെടുക്കുമ്പോള്‍ നിക്ഷേപകന്‍റെ ആവശ്യം അനുസരിച്ചുള്ള പദ്ധതികള്‍ തന്നെയാണോ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുന്നത് എന്ന കാര്യം ഉറപ്പുവരുത്തേണ്ടതുണ്ട്.
മ്യൂച്ചല്‍ ഫണ്ട് പദ്ധതികളെ പ്രധാനമായും അഞ്ചു വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട് – ഇക്വിറ്റി സ്കീംസ്, ഡെറ്റ് സ്കീംസ്, ഹൈബ്രിഡ് സ്കീം, സൊല്യൂഷന്‍ ഓറിയന്‍റഡ് സ്കീംസ്, മറ്റു സ്കീമുകള്‍. ഇവയില്‍ ഡെറ്റ് സ്കീം ഒഴികെയുള്ളവയില്‍ ഓഹരി അധിഷ്ഠിത നിക്ഷേപങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഓഹരി ഉള്ള നിക്ഷേപങ്ങളിലെ അനുപാതത്തിലും നിക്ഷേപിക്കുന്ന പദ്ധതികളിലും വ്യത്യസ്തത ഉണ്ടാകും. ഒരു വ്യക്തിയുടെ റിസ്ക് എടുക്കാനുള്ള കഴിവനുസരിച്ചായിരിക്കണം നിക്ഷേപ പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത്. ഇത് വ്യക്തികളുടെ പ്രായം, വരുമാനം, ആസ്തി, നിക്ഷേപ കാലാവധി മുതലായ വിവിധ ഘടകങ്ങളെ ആശ്രയിച്ചിരിക്കും. പൊതുവേ ഓഹരി നിക്ഷേപങ്ങള്‍ നഷ്ടസാധ്യത കൂടുതലുള്ളവയാണ് എന്ന് പറയുമ്പോള്‍ തന്നെ അതില്‍ തന്നെ ചെറിയതോതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാറുണ്ട.് അതായത് ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ട് പദ്ധതിയാണെങ്കില്‍ പോലും നിക്ഷേപലക്ഷ്യം അനുസരിച്ചായിരിക്കണം പദ്ധതികള്‍ തിരഞ്ഞെടുക്കേണ്ടത് എന്ന് സാരം.
നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി സെബി കമ്പനികളെ അവരുടെ വിപണിമൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ ലാര്‍ജ് ക്യാപ്, മിഡ് ക്യാപ്, സ്മാള്‍ ക്യാപ് എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. വര്‍ഷത്തില്‍ രണ്ട് പ്രാവശ്യം ആംഫി ഈ കമ്പനികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കും. ഒരു നിശ്ചിതകാലയളവിലെ വിപണി മൂല്യത്തിന്‍റെ ശരാശരിയാണ് കമ്പനികളെ അവയുടെ വിപണി വലുപ്പം അനുസരിച്ച് തരംതിരിക്കാനായി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ തരംതിരിക്കുമ്പോള്‍ ആദ്യ 100 കമ്പനികളെ ലാര്‍ജ് ക്യാപ് വിഭാഗത്തിലും തുടര്‍ന്നുള്ള 150 കമ്പനികളെ മിഡ് ക്യാപ് വിഭാഗത്തിലും ശേഷിക്കുന്നവയെ സ്മാള്‍ ക്യാപ് വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു മ്യൂച്ചല്‍ ഫണ്ട് പദ്ധതിയില്‍ നിക്ഷേപിച്ചിരിക്കുന്ന കമ്പനികളുടെ ഓഹരികള്‍ ഏത് വിഭാഗത്തില്‍ വരുന്നവയാണ് എന്നതിന്‍റെ അടിസ്ഥാനത്തില്‍ മ്യൂച്ചല്‍ ഫണ്ടുകളെ വീണ്ടും തരംതിരിച്ചിട്ടുണ്ട്. ഇവയില്‍ ലാര്‍ജ് ക്യാപ് വിഭാഗത്തിലുള്ള കമ്പനികള്‍ താരതമ്യേന ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയും എന്നാല്‍ വലിയ ഏറ്റകുറച്ചിലുകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലാത്തവയുമാണ്. അതുകൊണ്ടുതന്നെ മറ്റു വിഭാഗങ്ങളെ അപേക്ഷിച്ച് നഷ്ടസാധ്യത കുറവാണ്. സ്മാള്‍ ക്യാപ് കമ്പനികള്‍ ഉയര്‍ന്ന റിസ്ക്കുള്ളവയും മിഡ് ക്യാപ് കമ്പനികള്‍ ശരാശരി റിസ്ക്കുള്ള കമ്പനികളായി കണക്കാക്കാം. ഇത്തരത്തില്‍ നോക്കുമ്പോള്‍ ആദ്യ രണ്ടു വിഭാഗത്തില്‍ കൂടുതല്‍ നിക്ഷേപമുള്ള പദ്ധതികള്‍ മൂന്നാമത്തെ വിഭാഗത്തില്‍ കൂടുതല്‍ നിക്ഷേപമുള്ള പദ്ധതികളേക്കാള്‍ നഷ്ടസാധ്യത കുറവുള്ളവയാണ് എന്ന് പറയാം. മ്യൂച്ചല്‍ ഫണ്ടുകളുടെ വിവിധ വിഭാഗങ്ങളെക്കുറിച്ച് അടുത്ത ആഴ്ച വിശദമാക്കാം.
First published in Mangalam