പാനലിലെ എല്ലാ അംഗങ്ങളും ഏകണ്ഠേന എടുത്ത തീരുമാനമായിരുന്നു നിരക്കുകള്‍ മാറ്റമില്ലാതെ തുടരണം എന്നുള്ളത്. വിപണിയുടെയും സമ്പദ്വ്യവസ്ഥയുടെയും ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ തീരുമാനമായി എല്ലാവരും ഇതിനെ സ്വീകരിക്കുകയും ചെയ്തു. സാധാരണ കാലിക പ്രാധ്യാന്യത്തിന്‍റെ അടിസ്ഥാനത്തിലാണ് ആര്‍.ബി.ഐ നിരക്കുകള്‍ തീരുമാനിക്കുക. എന്നാല്‍ ഇത്തവണ വിപണിയുടെ ആവശ്യവും ഭാവിയും പരിഗണിച്ചാണ് തീരുമാനം എടുത്തിരിക്കുന്നത്. പണപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടുകൊണ്ടു തന്നെ നിരക്കുകള്‍ കൂട്ടാതെ തല്‍സ്ഥിതി തുടരാനുള്ള സധൈര്യമായ തീരുമാനം ഗവര്‍ണര്‍ എടുക്കുകയായിരുന്നു. ഇതിനു കാരണമായി പറയുന്നത്, കഴിഞ്ഞ കുറെ മാസങ്ങളായി കണ്ടു വരുന്ന പണപ്പെരുപ്പം ഉപഭോഗത്തിന്‍റെ വളര്‍ച്ച മൂലമല്ലെന്നും മഹാമാരിയുടെ അനന്തരഫലമായി സംഭവിച്ചിട്ടുള്ളതാണെന്നുമാണ്. സമ്പദ്വ്യവസ്ഥ പൂര്‍ണ്ണമായും സാധാരണ നിലയിലേക്ക് വരുന്നതുവരെ നിരക്കുകളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തുമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. അടുത്ത 12 മാസക്കാലം പണപ്പെരുപ്പം ശരാശരി 5 ശതമാനത്തില്‍ തുടരുമെന്നാണ് അനുമാനം. ഇങ്ങനെയാണെങ്കില്‍ മഹാമാരിക്കൊടുവില്‍ വേഗം തന്നെ വിപണിക്ക് വളര്‍ച്ച കൈവരിക്കാനും പൂര്‍വ്വസ്ഥിതിയോ അതിലും നല്ല ഒരു തലത്തിലേക്കോ തിരിച്ചു വരാന്‍ സാധിക്കും. ഇനിയങ്ങോട്ട് പണപ്പെരുപ്പം കൂടുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായാല്‍ അത് വിപണിയെ മൊത്തത്തില്‍ സാരമായി ബാധിക്കും.
വിപണിയിലെ ഇടപെടലുകള്‍
പണപ്പെരുപ്പം വരുതിയില്‍ നിര്‍ത്താന്‍ ആര്‍.ബി.ഐ പ്രധാനമായും ചെയ്യുന്നത് ഗവര്‍മെന്‍റ് ബോണ്ടുകള്‍ പുതുതായി വിപണിയില്‍ ഇറക്കുകയോ അല്ലെങ്കില്‍ വിപണിയില്‍ ഉള്ളവ തിരികെ വാങ്ങുകയോ ആണ്. പുതുതായി ബോണ്ടുകള്‍ ഇറക്കുമ്പോള്‍ പ്രധാനമായും അവ വാങ്ങുക ബാങ്കുകള്‍ ആയിരിക്കും. വിപണിയില്‍ നിന്നും പണം ബോണ്ടുകളിലേക്ക് നിക്ഷേപിക്കപ്പെടുകയും അങ്ങിനെ വിപണിയില്‍ ധനചംക്രമണം കുറയുകയും ചെയ്ത് പണപ്പെരുപ്പം കുറയുന്ന അവസ്ഥയുണ്ടാകും. അതേപോലെ, വിപണിയില്‍ പണലഭ്യത കുറയുമ്പോള്‍ ബോണ്ടുകള്‍ തിരികെ വാങ്ങി ബാങ്കുകള്‍ക്കും നിക്ഷേപകര്‍ക്കും ആര്‍.ബി.ഐ പണം നല്‍കുന്നു. ഇത് വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉണ്ടാക്കാനും ഉപഭോഗം കൂട്ടാനും കാരണമാകും. ഇത് രണ്ടും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിലാണ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള മിടുക്കുള്ളത്. ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് ലക്ഷ്യമിടുമ്പോള്‍ പണപ്പെരുപ്പം കുറഞ്ഞു നില്‍ക്കുന്നതിനോടൊപ്പം തന്നെ ആഭ്യന്തര ഉത്പാദനം കൂടണം. ഇതുവഴിയുള്ള ഉപഭോഗം കൂടുമ്പോള്‍ ഡിമാന്‍റ് പുള്‍ ഇന്‍ഫ്ളേഷന്‍ ഇല്ലാതിരിക്കാന്‍ വിപണിയിലെ അധിക പണം വലിച്ചെടുക്കേണ്ടത് ആവശ്യമാണ്. ആര്‍.ബി.ഐ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍ എന്ന പ്രക്രിയ വഴിയാണ് വിപണിയിലെ പണലഭ്യത നിയന്ത്രിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്ഷം 3 .1 ലക്ഷം കോടി രൂപയാണ് വിപണിയില്‍ നിന്നും ആര്‍.ബി.ഐ തിരിച്ചെടുത്തത്. ഈ വര്‍ഷം ഇത് 4 ലക്ഷം കോടിയാക്കാനാണ് ഉദ്ദേശം. ഇതിനായി ഏടഅജ എന്ന പുതിയ ഒരു പദ്ധതി തന്നെ രൂപീകരിച്ചിട്ടുണ്ട്. സാധാരണ ഉള്ള ഛങഛ പ്രക്രിയയക്ക് പുറമേയാണിത്.
ക്യാഷ് റിസേര്‍വ് റേഷ്യോ, അതായത് ബാങ്കുകള്‍ തങ്ങളുടെ പക്കല്‍ കറന്‍സിയുടെ രൂപത്തില്‍ ഒരു പലിശയും ഇച്ഛിക്കാതെ വെറുതെ സൂക്ഷിക്കേണ്ട പണത്തിന്‍റെ തോത് ഇപ്പോഴുള്ള 3.5 ശതമാനത്തില്‍ നിന്നും ഉടനെ തന്നെ 4 ശതമാനമായി പുനഃക്രമീകരിക്കാന്‍ നീക്കമുണ്ട്. ഇതും പണപ്പെരുപ്പം ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സഹായകമാകും.
വളര്‍ച്ച
പണപ്പെരുപ്പത്തിനും മീതെ 10.5 ശതമാനം ആഭ്യന്തര ഉത്പാദന വളര്‍ച്ചയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍.ബി.ഐ പ്രതീക്ഷിക്കുന്നത്. ഇതില്‍ ആദ്യത്തെ 6 മാസക്കാലം വലിയൊരു കുതിച്ചുചാട്ടവും അതിനുശേഷം അതിനെ ആധാരമാക്കിയുള്ള സാമ്പത്തിക ശാക്തീകരണവുമാണ് ലക്ഷ്യം. ദീര്‍ഘകാല ബോണ്ടുകളുടെ പലിശനിരക്ക് 6.5 ശതമാനത്തിനുള്ളില്‍ നിര്‍ത്താനും ഹ്രസ്വകാല ബോണ്ടുകള്‍ വിപണിയിലെ അനിശ്ചിതത്വത്തിനിടയില്‍ വലിയ ചാഞ്ചാട്ടങ്ങള്‍ കാണിക്കാതിരിക്കാനും ശ്രമങ്ങളുണ്ട്. കോവിഡിന്‍റെ രണ്ടാം വരവ് മാത്രമാണ് ഇപ്പോള്‍ വിപണി ഉറ്റു നോക്കുന്ന ഏക വിപത്ത്. മറ്റെല്ലാ കാര്യങ്ങളും ഇതിനെ ആശ്രയിച്ച് നിലകൊള്ളുന്നവയാണല്ലോ. ഇനിയൊരു പണപ്പെരുപ്പമോ അനിശ്ചിതത്വമോ താങ്ങാന്‍ പഴയരീതിയില്‍ ഏതൊരു രാജ്യത്തിനും സാധിച്ചെന്നു വരില്ല.
നിക്ഷേപങ്ങള്‍
നിരക്കുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതുകൊണ്ടുതന്നെ ദീര്‍ഘകാല നിക്ഷേപങ്ങള്‍ ബോണ്ടുകളില്‍ ചെയ്യാതിരിക്കുന്നതാണ് ഉത്തമം. ഏതു നിക്ഷേപവും അടുത്ത ഒരു വര്‍ഷത്തെ കാലാവധി കണക്കാക്കി ചെയ്യുന്നതാണ് നല്ലത്. അതിനുശേഷം നിരക്കുകളുടെ ഗതി മനസ്സിലാക്കി കൂടുതല്‍ ദൈര്‍ഘ്യമുള്ള നിക്ഷേപങ്ങളിലേക്ക് മാറാവുന്നതാണ്. നേരെ മറിച്ചാണ് വായ്പയുടെ കാര്യം. ഗാര്‍ഹിക വായ്പയ്ക്കും മറ്റും ഇത്രയും കുറഞ്ഞ പലിശ നിലനില്‍ക്കുമ്പോള്‍ വായ്പയുടെ ആദ്യ വര്‍ഷങ്ങളില്‍ പലിശയിനത്തില്‍ അധികം ചിലവാകാതെ വീടുവെയ്ക്കാനും വാങ്ങാനും ഉദ്ദേശിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗിക്കാവുന്നതാണ്. അടുത്ത ഒരു വര്‍ഷ കാലത്തേക്ക് പറയത്തക്ക വര്‍ദ്ധനവൊന്നും പലിശ നിരക്കില്‍ ഉണ്ടാകാന്‍ സാധ്യതയില്ല. നിക്ഷേപ പലിശയും വായ്പാ പലിശയും തമ്മില്‍ വലിയ അന്തരമില്ലാതെ വരുന്നത് വളരെ വിരളമാണ്. സാധാരണ വായ്പാ പലിശ കൂടിയും നിക്ഷേപ പലിശ കുറഞ്ഞുമാണ് കാണപ്പെടുക. നിക്ഷേപത്തിനും വായ്പയ്ക്കുമിടയില്‍ തീരുമാനിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ അവസ്ഥയില്‍ എന്തായാലും അധികം ചിന്തിക്കേണ്ടി വരില്ല. ഇത് ബോണ്ടുകളുടെ കാര്യത്തില്‍ മാത്രമാണ്. ഓഹരിനിക്ഷേപങ്ങള്‍ അപ്പോഴും പകരക്കാരനില്ലാത്ത പോരാളിയായി നിലനില്‍ക്കും.
First published in Mangalam