ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ എടുക്കാം ഇന്‍ഷുറന്‍സ് പോളിസികള്‍

0
1484

ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടാകാനിടയുള്ള ചിലവുകള്‍ അല്ലെങ്കില്‍ സാഹചര്യങ്ങള്‍ നേരിടുന്നതിനായി എമര്‍ജന്‍സി ഫണ്ടായി ഒരു തുക നാം നീക്കി വയ്ക്കാറുണ്ട്. ഇങ്ങനെ നീക്കിവെക്കുന്ന തുക പര്യാപ്തമാണോ അല്ലയോ എന്നത് സാഹചര്യമനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എമര്‍ജന്‍സി ഫണ്ട് ജീവിതത്തില്‍ പെട്ടെന്ന് ഉണ്ടാകുന്ന സാമ്പത്തിക ആവശ്യങ്ങളെ കൈകാര്യം ചെയ്യാനാണെങ്കില്‍ അതുപോലെതന്നെ പ്രാധാന്യത്തോടെ കാണേണ്ട ഒരു കാര്യമാണ് ഇന്‍ഷുറന്‍സ് പരിരക്ഷ. ഇന്‍ഷുറന്‍സ് പരിരക്ഷയെ കുറിച്ച് പറയുമ്പോള്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പ്രീമിയം ദീര്‍ഘകാലം അടച്ചശേഷം തിരിച്ചു കിട്ടിയ തുകയും അതില്‍ നിന്നും ഉണ്ടായ സാമ്പത്തിക നേട്ടങ്ങളും ആയിരിക്കും ഭൂരിഭാഗം പേര്‍ക്കും ആദ്യം മനസ്സില്‍ എത്തുക. എന്നാല്‍ ഇപ്പോള്‍ ഇവിടെ ചര്‍ച്ച ചെയ്യുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ എന്നത് ഒരു നിക്ഷേപ പദ്ധതിയെ കുറിച്ചല്ല, മറിച്ച് നമ്മുടെ അഭാവത്തിലും നമ്മളെ ആശ്രയിച്ചു നില്‍ക്കുന്നവര്‍ക്ക് തുടര്‍ന്ന് ജീവിക്കുന്നതിനും അവരുടെ ജീവിത ലക്ഷ്യങ്ങള്‍ തടസ്സമില്ലാതെ നടത്തുന്നതിനും ബാധ്യതകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ അടച്ചു തീര്‍ക്കുന്നതിനും പര്യാപ്തമായ പരിരക്ഷ ലഭിക്കുവാന്‍ സഹായിക്കുന്ന ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളെ കുറിച്ചും, ഹോസ്പിറ്റല്‍ ചിലവുകളും ജീവിതശൈലി രോഗങ്ങളും കൂടിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് പെട്ടെന്നുണ്ടാകുന്ന ചികിത്സാ ചിലവുകളെ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളെ കുറിച്ചുമാണ്. ഇന്‍ഷുറന്‍സ് പരിരക്ഷകള്‍ ഒരു നിക്ഷേപമായി മാത്രം കാണുന്നവരാണ് ഏറെയും. എന്നാല്‍ ഇന്‍ഷുറന്‍സും നിക്ഷേപവും ഒന്നിച്ച് ഒരു പോളിസിയില്‍ നടത്തിയാല്‍ പലപ്പോഴും ഉദ്ദേശിച്ച വളര്‍ച്ച ഇത്തരം നിക്ഷേപത്തിന് ലഭിച്ചുവെന്ന് വരില്ല. അതുകൊണ്ട് നിക്ഷേപവും ഇന്‍ഷുറന്‍സ് പരിരക്ഷയും രണ്ടായി കണ്ട് വ്യത്യസ്ത പദ്ധതികള്‍ തിരഞ്ഞെടുക്കുകയാണ് ചെയ്യേണ്ടത്.

വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയില്ലാതെ റോഡില്‍ ഇറക്കാന്‍ സാധിക്കില്ലാത്തതുകൊണ്ട് എല്ലാവരും കൃത്യമായ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കുന്നു. നിര്‍ബന്ധപൂര്‍വ്വം എടുത്തതാണെങ്കിലും അപകടം ഉണ്ടാകുന്ന അവസരങ്ങളില്‍ വാഹനത്തിന്‍റെ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി ഈ പോളിസികള്‍ വിനിയോഗിക്കാന്‍ സാധിക്കുന്നുണ്ട.് തിരക്കിട്ട് ഓടുന്ന ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ലൈഫ് ഇന്‍ഷുറന്‍സും മെഡിക്കല്‍ ഇന്‍ഷുറന്‍സും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്. സാഹചര്യമുണ്ടായ ശേഷം പോളിസികള്‍ എടുക്കാം എന്ന് വിചാരിച്ചാല്‍ അത് പ്രായോഗികമല്ല. അതുകൊണ്ട് ആവശ്യമായ ഇന്‍ഷുറന്‍സ് പരീക്ഷ മുന്‍കൂട്ടി ഉറപ്പിച്ച് നമുക്കും കുടുംബത്തിലുള്ളവര്‍ക്കും ആത്മവിശ്വാസം കൊടുക്കുകയാണ് ചെയ്യേണ്ടത്.

ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതികള്‍ തിരഞ്ഞെടുക്കുമ്പോള്‍ കുറഞ്ഞ പ്രീമിയത്തില്‍ 50 ലക്ഷമോ ഒരു കോടിയോ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ടേം ഇന്‍ഷുറന്‍സുകള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ഓരോരുത്തരുടെയും വരുമാനം, സാമ്പത്തിക നില, സാഹചര്യങ്ങള്‍ എന്നിവയ്ക്കനൂസരിച്ച് ഇന്‍ഷുറന്‍സ് തുക എത്ര വേണമെങ്കിലും കൂട്ടാവുന്നതാണ്. അതുകൊണ്ട് ഓരോരുത്തരുടെയും ജീവിത സാഹചര്യമനുസരിച്ച് വേണം എത്രത്തോളം ഇന്‍ഷുറന്‍സ് കവറേജ് വേണമെന്ന് നിശ്ചയിക്കാന്‍. ടേം ഇന്‍ഷുറന്‍സ് പോളിസിക്ക് താരതമ്യേന ഇന്‍ഷുറന്‍സ് പ്രീമിയം കുറവാണ.് ഉദാഹരണമായി പറഞ്ഞാല്‍ 40 വയസ്സുവരെ വരെയുള്ളവര്‍ക്ക് ഒരു കോടി ഇന്‍ഷുറന്‍സ് കവറേജ് 60 വയസ്സ് വരെ ലഭിക്കാന്‍ പ്രതിവര്‍ഷം ഇരുപതിനായിരം രൂപയില്‍ താഴെ പ്രീമിയം ഉള്ള പോളിസികള്‍ ഇന്ന് ലഭ്യമാണ.് നേരത്തെ പോളിസികള്‍ എടുക്കുന്നതിനനുസരിച്ച് പ്രീമിയം കുറഞ്ഞിരിക്കും. ലൈഫ് ഇന്‍ഷുറന്‍സ് എടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് മെഡിക്കല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരിക്കുക എന്നത്. ഇന്ന് കൂടുതല്‍ ആളുകളും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ച് ബോധവാډാരാണ് എന്നത് നല്ല കാര്യമാണ്. എടുക്കുന്ന പോളിസികളുടെ ഗുണങ്ങളും പരിരക്ഷയും ഓരോരുത്തര്‍ക്കും അനുയോജ്യമായതാണോ എന്ന് പരിശോധിച്ചു ഉറപ്പു വരുത്തേണ്ടതാണ.്

ഇന്‍ഷുറന്‍സ് പോളിസികള്‍ തിരഞ്ഞെടുക്കുമ്പോള്‍, പ്രത്യേകിച്ചും മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ വാങ്ങുമ്പോള്‍, പോളിസി നിബന്ധനകള്‍ കൃത്യമായി മനസ്സിലാക്കി അനുയോജ്യമായ പോളിസി മാത്രം എടുക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം പോളിസികള്‍ ശരിയായി വിനിയോഗിക്കാന്‍ സാധിക്കാതെ വരാം. ഇന്‍ഷുറന്‍സ് പോളിസികള്‍ നമ്മുടെ സാമ്പത്തിക ഭദ്രതയെ താങ്ങി നിര്‍ത്താന്‍ സഹായിക്കുന്നതോടൊപ്പം നമ്മളെ ആശ്രയിച്ചു നില്‍ക്കുന്നവര്‍ക്ക് നമ്മുടെ അസാന്നിധ്യത്തിലും ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നതിനുള്ള സാമ്പത്തിക ഭദ്രത നല്‍കാനും സഹായിക്കും. അതുകൊണ്ട് സാമ്പത്തിക ആസൂത്രണം നടത്തുമ്പോള്‍ ഇന്‍ഷുറന്‍സ് പരിരക്ഷ തീര്‍ച്ചയായും ഉറപ്പുവരുത്തേണ്ടതാണ്.

First published in Mangalam

LEAVE A REPLY

Please enter your comment!
Please enter your name here