ഓഗസ്റ്റ് 23ന് അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് ചെയര്‍മാന്‍ ജെറോം പവല്‍ പ്രസിദ്ധമായ ജാക്സണ്‍ ഹോള്‍ സിംപോസിയത്തില്‍ നടത്തിയ പ്രസംഗം ഓഹരി വിപണിയെ സംബന്ധിച്ച് ഏറെ ശ്രദ്ധേയമാണ്. വിപണിയും സാമ്പത്തിക വിദഗ്ധരും ഉറ്റുനോക്കിയിരുന്ന ഈ പ്രസംഗത്തില്‍ സുപ്രധാനമായ പ്രഖ്യാപനങ്ങളാണ് പവല്‍ നടത്തിയത്. പ്രസംഗത്തിന്‍റെ രത്ന ചുരുക്കം ഇങ്ങനെയാണ്: കഴിഞ്ഞ രണ്ടര വര്‍ഷമായി അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്കായ ഫെഡ് പിന്തുടര്‍ന്ന പലിശ നിരക്കുകള്‍ തുടര്‍ച്ചയായി വര്‍ദ്ധിപ്പിച്ച കടുത്ത പണനയം മാറ്റേണ്ട സമയം ആയിരിക്കുന്നു. പണപ്പെരുപ്പം നിയന്ത്രണത്തിലാക്കുന്നതില്‍ അമേരിക്ക വിജയിച്ചിരിക്കുന്നു. അതേസമയം, സാമ്പത്തിക വളര്‍ച്ചയില്‍ ചെറിയ കുറവും തൊഴിലില്ലായ്മയില്‍ വര്‍ധനയും ഉണ്ടാകുന്നുണ്ട്. ഇത് നിയന്ത്രിക്കാനായി പലിശ നിരക്കുകള്‍ കുറയ്ക്കേണ്ടതുണ്ട്.
അമേരിക്കന്‍ സെന്‍ട്രല്‍ ബാങ്ക് തുടര്‍ച്ചയായി നിരക്ക് വെട്ടികുറയ്ക്കാനാണ് സാധ്യത. സെപ്റ്റംബറില്‍ തന്നെ നിരക്ക് കുറയ്ക്കല്‍ ആരംഭിക്കും. അപ്രതീക്ഷിത സാഹചര്യങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ 2024ല്‍ 100 ബേസിസ് പോയിന്‍റ് വരെ കുറച്ചേയ്ക്കാമെന്ന് ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
പണപ്പെരുപ്പത്തിനെതിരായ പോരാട്ടവിജയം
പണപ്പെരുപ്പം ഉയരാനുള്ള അപകട സാധ്യത കുറഞ്ഞെന്നും 2 ശതമാനമെന്ന ലക്ഷ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകായാണെന്നുമുള്ള ബോധ്യത്തോടെയാണ് പവല്‍ പണനയത്തെക്കുറിച്ചുള്ള ധീരമായ പ്രസ്താവന നടത്തിയത്. ഇത് അഭിനന്ദനീയമാണ്. 2022ല്‍ പണപ്പെരുപ്പത്തില്‍ ഉണ്ടായ അപ്രതീക്ഷിതമായ കുതിച്ചുചാട്ടത്തിന് കാരണമായ ഘടകങ്ങളെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയത് പിന്നീട് പണപ്പെരുപ്പത്തെ മെരുക്കാനുള്ള ഫലപ്രദമായ വഴിയിലേക്ക് ഫെഡിനെ നയിച്ചു എന്നുവേണം കരുതാന്‍. ഉയര്‍ന്ന പണപ്പെരുപ്പം താത്കാലികമായ ഒരു പ്രതിഭാസമായിരുക്കുമെന്ന് തുടക്കത്തില്‍ കരുതിയത് തെറ്റായിപ്പോയെന്ന് അംഗീകരിച്ച പവല്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഡിമാന്‍റും സപ്ലൈയും താറുമാറായതും ചരക്ക്, ഊര്‍ജ്ജ വിപണികള്‍ക്കേറ്റ ആഘാതവുമാണ് പണപ്പെരുപ്പം വര്‍ധിക്കാനിടവരുത്തിയതെന്നു വിശദീകരിച്ചു. സാഹചര്യങ്ങള്‍ മാറിയതിനാല്‍ അത്തരമൊരു ഭീഷണി നിലവില്‍ ഇല്ല. കൂടാതെ, ഡിമാന്‍റിനെ നിയന്ത്രിച്ചുകൊണ്ട് പണപ്പെരുപ്പത്തെ നേരിടാനുള്ള പണനയവും സമ്പദ്വ്യവസ്ഥയെ മാന്ദ്യത്തിലേക്ക് തള്ളിവിടാതെ വിലവര്‍ധനയെ പിടിച്ചുകെട്ടാന്‍ സഹായിച്ചു. ചുരുക്കത്തില്‍, പവലിന്‍റെ ജാക്സണ്‍ ഹോള്‍ പ്രസംഗം യുഎസ് സമ്പദ്വ്യവസ്ഥ സോഫ്റ്റ് ലാന്‍ഡ് ചെയ്യാനുള്ള സാധ്യതകളെ ശക്തിപ്പെടുത്തുന്നു.
റിസര്‍വ് ബാങ്കും പാത പിന്തുടരുമോ?
റിസര്‍വ് ബാങ്കും അമേരിക്കന്‍ കേന്ദ്ര ബാങ്കിന്‍റെ പാത പിന്തുടര്‍ന്ന് നിരക്ക് കുറയ്ക്കുന്നതിനുള്ള സാധ്യതയുണ്ട്. പണനയ കമ്മിറ്റിയിലെ രണ്ട് സ്വതന്ത്ര അംഗങ്ങള്‍ ഓഗസ്റ്റിലെ പണനയ യോഗത്തില്‍ നിരക്ക് കുറയ്ക്കുന്നതിന് അനുകൂലമായി ശക്തമായി വാദിച്ചിരുന്നു. നിരക്ക് വെട്ടിക്കുറയ്ക്കാനുള്ള അനുകൂല വാദം വരുംനാളുകളില്‍ കൂടുതല്‍ ശക്തമാകും. കാരണം, ജൂലൈയില്‍ ഇന്ത്യയുടെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനപ്പെടുത്തിയിട്ടുള്ള പണപ്പെരുപ്പം ജൂണിലെ 5.08 ശതമാനത്തില്‍ നിന്നും 3.54 ശതമാനമായി കുറഞ്ഞ് ആര്‍ബിഐയുടെ പണപ്പെരുപ്പ ലക്ഷ്യമായ 4 ശതമാനത്തിനു താഴെയെത്തി. അതിലും പ്രധാനമായി, കോര്‍ പണപ്പെരുപ്പം 3 ശതമാനം മാത്രമാണ്. അതേസമയം, ഭക്ഷ്യ വിലക്കയറ്റം ആശങ്കയായി തുടരുന്നുണ്ട് എന്നത് വസ്തുതയാണ്. തൃപ്തികരമായിരുന്ന മണ്‍സൂണും ഖാരിഫ് സീസണില്‍ പ്രതീക്ഷിക്കപ്പെടുന്ന മികച്ച വിളയും ഭക്ഷ്യവിലപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ സഹായകരമാകുമെന്ന് കരുതാം.
2025 സാമ്പത്തിക വര്‍ഷത്തിലെ ഒന്നാം പാദത്തിലെ ഫലങ്ങള്‍ കോര്‍പ്പറേറ്റ് ലാഭത്തില്‍ ചെറിയ ഇടിവ് സംഭവിക്കുന്നതായി സൂചിപ്പിക്കുന്നുണ്ട്. ചില മേഖലകളിലെ ഡിമാന്‍റിലെ മാന്ദ്യമാണ് ഇതിന് കാരണം. അതിനാല്‍, വളര്‍ച്ചയ്ക്ക് സാമ്പത്തിക ഉത്തേജനം നല്‍കുന്നതിന് പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള സമയമായെന്ന് പണനയ കമ്മിറ്റിയിലെ അംഗങ്ങളില്‍ ചിലരെങ്കിലും വാദിക്കുന്നത് യുക്തിസഹമാണ്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ധനക്കമ്മി ജിഡിപി യുടെ 4.9 ശതമാനമായി കുറയ്ക്കാനുള്ള പ്രതിബദ്ധത സര്‍ക്കാര്‍ തന്നെ ബജറ്റില്‍ വ്യക്തമാക്കിയിട്ടുള്ളതിനാല്‍ പണപ്പെരുപ്പം ഉയരുമെന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്ക് അനാവശ്യമായി വ്യാകുലപ്പെടേണ്ടതില്ല.
വിപണി എങ്ങനെ പ്രതികരിക്കും?
ഓഹരി വിപണി പലിശ നിരക്ക് കുറയ്ക്കല്‍ നടപടി മുന്‍കൂട്ടി ഉള്‍ക്കൊണ്ട് നിലവിലെ റാലിയുടെ തുടര്‍ച്ച സുഗമമാക്കും. എന്നാല്‍ ഉയര്‍ന്ന വാല്യുവേഷന്‍ ഇപ്പോഴും വെല്ലുവിളിയായി തുടരുന്നതുകൊണ്ട് മിതമായ റാലി ആയിരിക്കാനാണ് സാധ്യത. ലാര്‍ജ്ക്യാപ്പുകളില്‍ മാത്രമേ ന്യായീകരിക്കാവുന്ന വാല്യുവേഷന്‍ ഉളളൂവെന്ന് നിക്ഷേപകര്‍ മനസ്സിലാക്കണം; മിഡ്, സ്മോള്‍ക്യാപുകളിലെ വാല്യുവേഷന്‍ അമിതമാണ്. എന്നാല്‍ ഉയര്‍ന്ന വാല്യുവേഷനുള്ള ഈ വിപണിയില്‍ ധനകാര്യ മേഖലയിലെ ഓഹരികള്‍ക്ക് ആകര്‍ഷകമായ വാല്യുവേഷനാണ്. സമ്പദ്വ്യവസ്ഥയിലെ ക്രെഡിറ്റ്-ഡെപ്പോസിറ്റ് പൊരുത്തക്കേടും അതിന്‍റെ ഫലമായി നിക്ഷേപങ്ങള്‍ക്കായുള്ള മത്സരവും ലാര്‍ജ് ക്യാപ് സ്വകാര്യ ബാങ്കുകളുടെ വാല്യൂവേഷനെ ബാധിച്ചിട്ടുണ്ട്. ആര്‍ബിഐ നിരക്ക് കുറയ്ക്കുന്നത് ബാങ്കുകളുടെ ബോണ്ട് നിക്ഷേപങ്ങളുടെ വാല്യൂവേഷന്‍ വര്‍ദ്ധിപ്പിക്കും. തല്‍ഫലമായി ഈ രംഗം നിക്ഷേപകരെ ആകര്‍ഷിക്കും. പലിശ നിരക്കിലെ വ്യത്യാസങ്ങള്‍ സ്വാധീനിക്കുന്ന ഹൗസിങ്, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകള്‍ക്കും പലിശ നിരക്ക് കുറയ്ക്കുന്നത് ഗുണകരമാകും.
First published in Mathrubhumi